Celebrities

പെരുന്നാള്‍ പ്രാര്‍ത്ഥനയ്ക്ക് മമ്മൂട്ടിയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് പളളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കടവന്ത്ര സലഫി മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുക്കാനാണ് നടന്‍ എത്തിയത്. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹില്‍ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. എന്നാല്‍ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകള്‍ ചിലയിടങ്ങളില്‍ ഒഴിവാക്കിയിരുന്നു.

ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. ദൈവകല്‍പ്പന അനുസരിച്ച് പ്രിയ മകന്‍ ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള്‍ പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓര്‍മ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.