മുംബൈ: മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ് 2024. ആദ്യ അഞ്ച് മാസത്തിനുള്ളില്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 720 കോടിയിലെത്തിയെന്നാണ് കണക്കുകള്‍. നാല് ചിത്രങ്ങള്‍ ഓരോന്നും 100 കോടിക്ക് മുകളില്‍ നേടി. ഓര്‍മാക്സ് മീഡിയയുടെ കണക്കനുസരിച്ച്, മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ ഇന്ത്യയിലുടനീളമുള്ള 3,791 കോടി ബോക്സ് ഓഫീസ് കളക്ഷന്റെ 19% മലയാള സിനിമകളുടേതാണ്.
മഞ്ഞുമ്മേല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലൂ എന്നീ സിനിമകള്‍ രാജ്യത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ 10 സിനിമകളില്‍ ഉള്‍പ്പെട്ടതായി ഓര്‍ക്കാക്‌സ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളാണ് മലയാള സിനിമകളുടെ വിജയത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിലെയും യുഎഇയിലെയും സിനിമ വ്യവസായ മേഖലയില്‍ മലയാള സിനിമകള്‍ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് വൈവിധ്യമാര്‍ന്ന കഥകളാണെന്ന് ഇ4 എന്റര്‍ടൈന്‍മെന്റ് സ്ഥാപകന്‍ മുകേഷ് മേത്ത അഭിപ്രായപ്പെട്ടു. ‘ഓരോ സിനിമയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്, വിഷയത്തിന്റെ ആവര്‍ത്തനമില്ല. അത് മലയാള സിനിമയെ സഹായിച്ചു. സിനിമാപ്രേമികള്‍ക്ക് വ്യത്യസ്ത തരം സിനിമകള്‍ കാണാനായി,’ അദ്ദേഹം പറഞ്ഞു.
കൊവിഡ്-19ന് ശേഷം വടക്കേ അമേരിക്കയിലും യൂറോപ്പിലും മലയാള സിനിമകള്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ടെന്ന് മേത്ത പറയുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 33% വിഹിതമുള്ള ബോളിവുഡ് കഴിഞ്ഞാല്‍ ആഭ്യന്തര ബോക്സ് ഓഫീസ് വരുമാനത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ അനുപാതം തെലുങ്കിനൊപ്പം മലയാളത്തിനും ലഭിച്ചു. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലെയും ഹിന്ദിയിലെയും സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ബജറ്റിലാണ് മലയാള സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഫിലിം ട്രേഡ് വെബ്സൈറ്റായ സാക്നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം മലയാള സിനിമകള്‍ ഇന്ത്യയ്ക്ക് പുറത്ത് 406 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.