Celebrities

‘എന്റെ ബാഹുബലി ഒന്നും രണ്ടും’; ഫാദേഴ്‌സ് ഡേ ആഘോഷമാക്കി നയന്‍സും വിഘ്‌നേഷും

മക്കളായ ഉയിരിനും ഉലകിനുമൊപ്പം ഫാദേഴ്‌സ് ഡേ ആഘോഷിച്ച് താരദമ്പതിമാരായ വിഘ്‌നേഷ് ശിവനും നയന്‍താരയും. മക്കള്‍ ജനിച്ചതിന് ശേഷമുളള ഇരുവരുടെയും ആദ്യത്തെ ഫാദേഴ്‌സ് ഡേ ആയിരന്നു ഇപ്പോള്‍ കഴിഞ്ഞത്. കുട്ടികള്‍ക്കൊപ്പമുളള ആഘോഷ വീഡിയോകള്‍ താരദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

സ്വിമ്മിംഗ് പൂളില്‍ മുങ്ങി നിന്നുകൊണ്ട് കുട്ടികളെ ഇരുകൈകളിലുമെടുത്ത് നില്‍ക്കുന്ന വിഘ്‌നേഷിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ബാഹുബലി സിനിമയുടെ തുടക്കത്തില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവി കുഞ്ഞുബാഹുബലിയെ ഒറ്റക്കെയിലേന്തി വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന രംഗം സ്വന്തം സ്വിമ്മിങ് പൂളില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു വിഘ്‌നേഷ്.
ഉയിരിനേയും ഉലകിനേയുംവെച്ചുളള രണ്ട് ചിത്രങ്ങളാണ് വിഘ്‌നേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട ബാഹുബലി ഒന്നും രണ്ടും, നിങ്ങള്‍ കാരണമാണ് ഇതൊരു സന്തോഷം നിറഞ്ഞ ഫാദേഴ്‌സ് ഡേ ആയിരിക്കുന്നതെന്നും വിഘ്‌നേഷ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

ഇതേ ചിത്രങ്ങള്‍ നയന്‍താരയും തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്കൊപ്പമുളള മറ്റൊരു വീഡിയോയും ഫാദേഴ്‌സ് ഡേ പ്രമാണിച്ച് നയന്‍താര പങ്കുവെച്ചിട്ടുണ്ട്. 2022 ജൂണ്‍ ഒമ്പതിന് ആയിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2022 ഒക്ടോബറില്‍ ഇരുവര്‍ക്കും ഉയിര്‍, ഉലഗ് എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു. കുട്ടികള്‍ക്കൊപ്പമുള്ള എല്ലാ സന്തോഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്.