തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയാണ് നയൻതാര. അന്നും ഇന്നും നയൻതാരയ്ക്ക് വൻ ആരാധക വൃന്ദം തമിഴകത്തുണ്ട്. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നയൻതാരയ്ക്ക് അക്കാലഘട്ടത്തിൽ മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കാൻ പറ്റിയില്ല. എന്നാൽ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് കടന്ന നയൻ തരംഗമായി മാറി. സൂപ്പർസ്റ്റാർ ചിത്രങ്ങൾ നടിയെ തേടി വന്നു. അതീവ ഗ്ലാമറസായി അഭിനയിക്കാനും അക്കാലത്ത് നടി തയ്യാറായി. തനിക്ക് പ്രാധാന്യമുള്ള സിനിമകളേ നടി ഇന്ന് ചെയ്യുന്നുള്ളൂ. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് വിജയം നൽകാൻ കഴിയുന്ന ചുരുക്കം നായിക നടിമാരിൽ ഒരാളുമാണ് നയൻതാര.
കരിയറിലെ തുടക്ക കാലത്ത് ചില പിഴവുകൾ നയൻതാരയ്ക്ക് പറ്റിയിട്ടുണ്ട്. അക്കാലത്ത് തനിക്ക് പറ്റിയ തെറ്റായി നയൻതാര കാണുന്നത് ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചതാണ്. സൂര്യ, അസിൻ എന്നിവർ പ്രധാന വേഷം ചെയ്ത ഗജിനി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. സഹനായിക വേഷമാണ് ചിത്രത്തിൽ നയൻതാരയ്ക്ക് ലഭിച്ചത്. ചിത്രം ഇന്നും അറിയപ്പെടുന്നത് അസിന്റെ പേരിലാണ്. ഗജിനിയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ നയൻതാര തുറന്ന് സംസാരിച്ചിട്ടുണ്ട്.ഗജിനിയിലെ റോൾ ചെയ്തതാണ് താനെടുത്ത ഏറ്റവും മോശം തീരുമാനം. എന്നോട് നരേറ്റ് ചെയ്ത പോലെയല്ല, കഥാപാത്രം സിനിമയിലുണ്ടായത്. ഈ ചിത്രത്തിലെ തന്റെ ഫോട്ടോഗ്രാഫുകൾ മോശമായിരുന്നെന്നും നയൻതാര അന്ന് തുറന്ന് പറഞ്ഞു. എന്നാൽ തനിക്കിതിൽ പരാതി ഇല്ലെന്നും ഒരു അനുഭവമായാണ് ഈ സംഭവം എടുക്കുന്നതെന്നും നയൻതാര അന്ന് വ്യക്തമാക്കി.
അതേസമയം അന്ന് നയൻതാര ഉന്നയിച്ച ആരോപണത്തോട് ഗജിനിയുടെ സംവിധായകൻ എആർ മുരുകദോസ് പ്രതികരിച്ചു. ഒരാളെയോ ഒരു കഥാപാത്രത്തെയോ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്തെന്ന് കരുതി കഥാപാത്രം വെട്ടിച്ചുരുക്കാനോ വലുതാക്കാനോ തനിക്ക് കഴിയില്ല. ഇഷ്ടപ്പെടാത്ത ആളിനായിരിക്കും നല്ല കഥാപാത്രങ്ങൾ ലഭിച്ചത്. ഇഷ്ടപ്പെട്ടവർക്ക് ചിലപ്പോൾ ചെറിയ റോളായിരിക്കും. അത് തങ്ങളുടെ കൈയിലല്ലെന്നും എആർ മുരുഗദോസ് അന്ന് വ്യക്തമാക്കി. ഗജിനി അസിന്റെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കി. ഈ സിനിമയുടെ റീമേക്കിലൂടെ നടി ബോളിവുഡിലേക്ക് കടന്നു. ബോളിവുഡിലും ഗജിനി വൻ ഹിറ്റായി. എന്നാൽ നയൻതാരയ്ക്ക് ഗജിനി കാര്യമായ ഗുണം ഉണ്ടാക്കിയില്ല. അക്കാലത്ത് തുടരെ ഗ്ലാമറസ് വേഷങ്ങളാണ് നയൻതാരയ്ക്ക് ലഭിച്ചത്. എന്നാൽ ഇന്ന് സാഹചര്യം മാറി. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് നയൻതാര. മറുവശത്ത് അസിൻ അഭിനയ രംഗം വിട്ടിട്ട് വർഷങ്ങളായി. 2016 ൽ വിവാഹിതയായ ശേഷമാണ് അസിൻ സിനിമാ രംഗത്ത് നിന്നും മാറി നിന്നത്. രാഹുൽ ശർമ്മ എന്നാണ് ഭർത്താവിന്റെ പേര്.