മലയാളികളുടെ എക്കാലത്തെയും പ്രിയ അഭിനേത്രി സുകുമാരിയമ്മയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടി സീമ ജി നായര്‍. സുകുമാരിയമ്മയോട് എനിക്ക് വലിയ അടുപ്പമായിരുന്നു എന്നും അമ്മയില്‍ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നും സീമ പറഞ്ഞു. ‘അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവര്‍ക്കും കൊടുക്കും. കിട്ടുന്ന പൈസയില്‍ പാതിയും ഓരോ സാധനങ്ങള്‍ മേടിച്ച് ആള്‍ക്കാര്‍ക്ക് കൊടുക്കും’, സീമ വ്യക്തമാക്കി.
‘ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് രണ്ട്‌പേര്‍ക്കും വസ്ത്രം മാറണം. കടലിന് അടുത്തുള്ള അംഗന്‍വാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡ്രസ് മാറ്റാന്‍ ഒരു മാര്‍ഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കണ്‍ഫ്യൂഷന്‍. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാന്‍ പറഞ്ഞു. കെട്ടിടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാന്‍ പറഞ്ഞു. ഞാന്‍ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവില്‍ എങ്ങനെ ഡ്രസ് മാറും. ഞാനല്ലേ പറയുന്നത്, നീ ഡ്രസ് മാറിക്കോളാന്‍ അമ്മ പറഞ്ഞു. ഞാന്‍ ഡ്രസ് മാറിയ ശേഷം നീ മുണ്ട് ഇങ്ങനെ പിടിക്കെന്ന് പറഞ്ഞു. അമ്മയും വസ്ത്രം മാറി. സുകുമാരിയമ്മ ആയിരത്തോളം പടങ്ങളില്‍ അഭിനയിച്ച ഗ്രേറ്റ് ആര്‍ട്ടിസ്റ്റാണ്. ആ അമ്മയാണ് ഒന്നും വിഷമിക്കേണ്ടെന്ന് വന്ന് പറഞ്ഞത്. ഞാന്‍ ഇന്നലെ വന്ന ചെറിയൊരു ആര്‍ട്ടിസ്റ്റാണ്. ഇന്ന് കാരവാനില്ലെങ്കില്‍ ഡ്രസ് മാറ്റാന്‍ പറ്റില്ല. എല്ലാ സൗകര്യങ്ങളും കൊടുത്താല്‍ പോലും പ്രശ്‌നമാണ്. സുകുമാരിയമ്മയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്’, സീമ ജി നായര്‍ വ്യക്തമാക്കി.
കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ നടിമാരും തനിക്ക് പ്രിയപ്പെട്ടവരാണെന്ന് സീമ ജി നായര്‍ പറഞ്ഞു. സഫാരി ടിവിയിലായിരുന്നു നടിയുടെ പ്രതികരണം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍, മലയാളം , തമിഴ് , തെലുങ്ക് , കുറച്ച് ഹിന്ദി , സിംഹള , ഫ്രഞ്ച് , ബംഗാളി , തുളു , ഇംഗ്ലീഷ് , കന്നഡ എന്നീ ഭാഷകളിലായി 2500-ലധികം സിനിമകളില്‍ സുകുമാരിയമ്മ അഭിനയിച്ചിട്ടുണ്ട് . സുകുമാരി തന്റെ പത്താം വയസ്സിലാണ് അഭിനയിക്കാന്‍ തുടങ്ങിയത്. 2003ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചു . നമ്മ ഗ്രാമം (2010) എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും സുകുമാരിയമ്മയ്ക്ക് ലഭിച്ചു.