ചെന്നൈ : പുണെയിൽ മദ്യലഹരിയിൽ കാറോടിച്ച് രണ്ട് പേരെ ഇടിച്ചുകൊലപ്പെടുത്തിയ കൗമാരക്കാരന് ജാമ്യം നൽകിയ വിവാദം അവസാനിക്കും മുമ്പേ ചെന്നൈയിൽ മറ്റൊരു സംഭവം കൂടി. രാജ്യസഭ എം.പിയുടെ മകൾ നടപ്പാതയിലൂടെ ഓടിച്ച ബി.എം.ഡബ്ല്യു കാർ ഇടിച്ച് ഉറങ്ങുകയായിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം. എന്നാൽ, എം.പിയുടെ മകൾക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചു. സംഭവത്തിൽ പ്രതിഷേധമുയരുകയാണ്.
തിങ്കളാഴ്ച രാത്രി ചെന്നൈ ബസന്ത് നഗറിലാണ് സംഭവം. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി എം.പി ബീഡ മസ്താൻ റാവുവിന്‍റെ മകൾ മാധുരി ഓടിച്ച ആഢംബരക്കാറാണ് അപകടം വരുത്തിവെച്ചത്. ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന 24കാരനായ സൂര്യ എന്ന പെയിന്‍റിങ് തൊഴിലാളിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയും ഇയാൾ മരിക്കുകയുമായിരുന്നു.
എം.പിയുടെ മകൾക്കൊപ്പം സുഹൃത്തായ മറ്റൊരു യുവതിയുമുണ്ടായിരുന്നു. അപകടം നടന്നയുടനെ എം.പിയുടെ മകൾ സ്ഥലംവിട്ടു. സുഹൃത്തായ യുവതിയും സ്ഥലത്ത് എത്തിയവരും തമ്മിൽ വാക്കേറ്റമുണ്ടായി. മരിച്ച സൂര്യയുടെ ബന്ധുക്കൾ ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബീഡ മസ്താൻ റാവു ഗ്രൂപ്പിന്‍റെ കാറാണ് അപകടം വരുത്തിയത് എന്ന് കണ്ടെത്തിയത്. കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതാണ്. എം.പിയുടെ മകൾ മാധുരിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.