കൊച്ചി: കേരളത്തിൽ ടിക്കറ്റ് കളക്ഷൻ പെരുപ്പിച്ചു കാണിച്ച് സിനിമയുടെ റേറ്റിംഗ് ഉയർത്തിക്കാട്ടി കാണികളെ തിയേറ്ററിൽ എത്തിക്കുന്ന ഒരു ലോബി പ്രവർത്തിക്കുന്നതായി പരാതി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ചതായുള്ള പരാതിയിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മലയാള സിനിമയിലെ രണ്ട് നിർമ്മാതാക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി വിവരങ്ങൾ കൈമാറി. മഞ്ഞുമ്മൽ ബോയ്സിന് സമാനമായി മറ്റു പല സിനിമകളുടെയും റേറ്റിംഗ് ഉയർത്തി കാണിക്കാൻ പിന്നിൽ ലോബികൾ പ്രവർത്തിക്കുന്നതായാണ് ഇവരുടെ പരാതി.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ ചിലതും ഈ ലോബിയുടെ നിയന്ത്രണത്തിലാണെന്നും പരാതിയിലുണ്ട്. പ്രദർശനത്തിന് അഞ്ചും ആറും മണിക്കൂർ മുൻപുതന്നെ ബുക്കിങ് ആപ്പിൽ ഹൗസ്ഫുള്ളായി കാണിക്കുന്ന ചില സിനിമകൾ പകുതിയിൽ അധികം ഒഴിഞ്ഞ സീറ്റുകളോടെ പ്രദർശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും അടക്കമാണ് ഇ.ഡിക്കു പരാതി ലഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ ഇറങ്ങുന്നതിനു മുൻപു തന്നെ ലക്ഷക്കണക്കിനു രൂപയുടെ സൗജന്യ ടിക്കറ്റുകൾ ലോബിയുടെ കൈവശം എത്തും. ഇതു മുഴുവൻ സിനിമയുടെ യഥാർഥ ടിക്കറ്റ് കലക്‌ഷനായി കണക്കിൽ വരും എന്നതാണ് തന്ത്രം ഇത്തരം ലോബിയുമായി സഹകരിക്കാൻ തയാറാകാത്ത നിർമാതാക്കളുടെ സിനിമകളെ തിയറ്ററിൽ നിന്നു പിൻവലിക്കാൻ ചരടുവലിക്കുന്നതായും പരാതിയിൽ പറയുന്നു.