അടുത്ത അഞ്ചുവര്‍ഷം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. പ്രധാന മന്ത്രിയും, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരും, സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇനി പാര്‍ലമെന്റിലും രാജ്യസഭയിലും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ബാക്കി. വരുന്ന 24, 25, 26 തീയതികളിലായി സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. മുന്‍ സ്പീക്കര്‍ ഓംബിര്‍ള തന്നെ ലോക്‌സഭാ സ്പീക്കറായി തുടരുമെന്നാണ് സൂചനകള്‍. 543 പ്രതിനിധികളാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തുന്നത്.
രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തുകയും, രാജ്യത്തിന്റെ പുരോഗതിക്കായുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ പങ്കാളിയാവുകയും ചെയ്യുന്ന വലിയ ഉത്തരവാദിത്വമാണ് ഓരോ എം.പിമാരിലും നിക്ഷിപ്തമായിരിക്കുന്നത്. ഇതോടൊപ്പമാണ് തന്റെ മണ്ഡലത്തിലെ വികസനവും, ജനങ്ങളുടെ ക്ഷേമവും നോക്കേണ്ടത്. ഇതിനായി ചെലവഴിക്കുന്ന പണത്തിന് കണക്കുണ്ടാകില്ലെന്നു തന്നെ പറയാം.
ആറ്റില്‍ കളഞ്ഞാലും അളന്നു കളയമെന്ന പഴമൊഴി പോലെ ചെലവഴിക്കുന്ന പണം എത്രയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് എംപിക്ക് സ്വന്തമായി ഓഫീസും ജീവനക്കാരും വേണം. അത്യാവശ്യഘട്ടങ്ങളില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിപ്പെടാന്‍ വാഹനവും വേണം. ഇങ്ങനെ എല്ലാ തലത്തിലും ചെലവുകളാണ്. ഓഫീസ് ജീവനക്കാരുടെ ശമ്പളം എം.പി തന്നെ നല്‍കുകയും വേണം. ഇതിന് എംപിയുടെ ശമ്പളം തികയില്ലെന്നാണ് പറയപ്പെടുന്നത്.
ഒരു മാസം എം.പിക്ക് എല്ലാ അലവന്‍സും ചേര്‍ത്ത് 1.89 ലക്ഷംരൂപ ലഭിക്കുമെന്നാണ് കണക്കുകള്‍. ഇതില്‍ എംപിമാരുടെ അടിസ്ഥാന ശമ്പളം മാത്രം ഒരുലക്ഷം രൂപയാണ്. പിന്നെ മണ്ഡല അലവന്‍സ്, ഓഫീസ് ചെലവുകള്‍, പ്രതിദിന അലവന്‍സ്, യാത്രാബത്ത, വീട്, ചികിത്സ, പെന്‍ഷന്‍, ഫോണ്‍, ഇന്റര്‍നെറ്റ്, വൈദ്യുതി, വെള്ളം എന്നിവയ്ക്കുമാണ് പണം നല്‍കുന്നത്. എംപിമാര്‍ക്ക് മണ്ഡലം അലവന്‍സായി പ്രതിമാസം 70,000 രൂപ ലഭിക്കും. ഇത് ഓഫീസുകള്‍ പരിപാലിക്കാനും മറ്റ് ചെലവുകള്‍ക്കുമായി ഉപയോഗിക്കാം. ഓഫീസ് ചെലവുകള്‍ക്കായി പ്രതിമാസം 20,000 രൂപയാണ് നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം, സ്റ്റേഷനറി, ടെലികമ്യൂണിക്കേഷന്‍ എന്നിവക്ക് വരുന്ന ചെലവുകള്‍ അതില്‍ നിന്ന് ഉപയോഗിക്കാം.
പാര്‍ലമെന്ററി സെഷനുകളിലും കമ്മിറ്റി മീറ്റിംഗുകളിലും പങ്കെടുക്കാനായി എം.പിമാര്‍ തലസ്ഥാനത്തെത്തുമ്പോള്‍ താമസം, ഭക്ഷണം എന്നിവയ്ക്കായി പ്രതിദിനം 2,000രൂപ അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും പ്രതിവര്‍ഷം സൗജന്യമായി 34 ആഭ്യന്തര വിമാന യാത്രകള്‍ നടത്താം.ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്കായി അവര്‍ക്ക് ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കോച്ചില്‍ സൗജന്യമായി യാത്ര നടത്താം. മണ്ഡലത്തിലെ റോഡ് യാത്രക്ക് മൈലേജ് അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്ക് അവരുടെ കാലയളവായ അഞ്ച് വര്‍ഷം പ്രധാന നഗരങ്ങളില്‍ സൗജന്യ താമസസൗകര്യം നല്‍കും.
സീനിയോറിറ്റി അനുസരിച്ച് സര്‍ക്കാര്‍ ബംഗ്ലാവുകളോ ഫ്‌ളാറ്റുകളോ ഹോസ്റ്റല്‍ മുറികളോ ലഭിക്കും. ഔദ്യോഗിക വസതികള്‍ ഉപയോഗിക്കാത്തവര്‍ക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവന്‍സ് ലഭിക്കും. എം.പിമാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സ്‌കീമിന് (സി.ജി.എച്ച്.എസ്) കീഴില്‍ സൗജന്യ ചികിത്സ ലഭിക്കും.സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയോ അല്ലെങ്കില്‍ ഹെല്‍ത്ത് സ്‌കീം പദ്ധതിയില്‍പ്പെട്ട സ്വകാര്യ ആശുപത്രികളിലോ ചികിത്സ തേടാം. ഒരു തവണ എം.പി (5 വര്‍ഷം) ആയാല്‍ പ്രതിമാസം 25,000 രൂപ പെന്‍ഷന്‍ ലഭിക്കും. ഓരോ അധിക സേവന വര്‍ഷത്തിനും പ്രതിമാസം 2,000 രൂപ വീതം ഇന്‍ക്രിമെന്റും ലഭിക്കും.
എം.പിമാര്‍ക്ക് പ്രതിവര്‍ഷം 1,50,000 രൂപയുടെ സൗജന്യ ടെലഫോണ്‍ കോളുകള്‍ വിളിക്കാം. ഇതിനുപുറമെ വസതികളിലും ഓഫീസുകളിലും അവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷനുകളും ലഭിക്കും. എംപിമാര്‍ക്ക് 50,000 യൂനിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റര്‍ വെള്ളവും നല്‍കും. 2006ല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ട സര്‍വകക്ഷി യോഗത്തിലാണ് എം.പിമാരുടെ ശമ്പളം നിര്‍ണയിക്കാന്‍ ഒരു സംവിധാനം നടപ്പിലാക്കണമെന്ന് തീരുമാനമെടുത്തത്.
ഇതിനു ശേഷം ഇതുസംബന്ധിച്ച് ഒരു നീക്കവുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് പ്രഹരി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിര്‍ണയിക്കുന്നതിന് സ്വതന്ത്രവും സ്ഥിരവുമായ ഒരു സംവിധാനം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം നിര്‍ണയിക്കുന്ന ശമ്പള കമ്മീഷന്‍ പോലുള്ള സംവിധാനം എം.പിമാരുടെ ശമ്പളം നിര്‍ണയിക്കാനും വേണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്.
രാഷ്ട്രപതി
രാജ്യത്തിന്റെ സര്‍വസൈന്യാധിപനാണ് രാഷ്ട്രപതി. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ചേര്‍ന്ന ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതിഭവനാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി. ലോകത്തെ തന്നെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ വസതിയാണ് രാഷ്ട്രപതി ഭവന്‍. സര്‍ക്കാരിലെ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള ജോലിയാണ് രാഷ്ട്രപതിയുടേത്.
5 ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ ശമ്പളം. 1951ലെ രാഷ്ട്രപതിയുടെ ശമ്പളവും പെന്‍ഷന്‍ നിയമവും പ്രകാരമാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിക്ക് വിവിധ തരത്തിലുള്ള നികുതി ഇളവുകള്‍ ലഭിക്കുന്നു. വിമാനത്തിലും തീവണ്ടിയിലും സൗജന്യയാത്ര, സൗജന്യ താമസം, വൈദ്യസഹായം, പ്രതിവര്‍ഷം ഓഫീസ് ചെലവുകള്‍ക്ക് ഒരുലക്ഷം രൂപ തുടങ്ങി അലവന്‍സുകളും രാഷ്ട്രപതിക്ക് ലഭിക്കുന്നു. കാലാവധി കഴിയുന്നതോടെ ഒന്നരലക്ഷം രൂപ രാഷ്ട്രപതിക്ക് പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം ലഭിക്കും. ഫര്‍ണിഷ്ഡ് ബംഗ്ലാവ്, രണ്ട് സൗജന്യ ലാന്‍ഡ്ലൈനുകള്‍, ഒരു മൊബൈല്‍ ഫോണ്‍, അഞ്ച് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, കൂടെവരുന്ന ആള്‍ക്കും വിമാനത്തിലും തീവണ്ടിയിലും സൗജന്യയാത്ര എന്നിവയും ലഭിക്കുന്നു.
ഉപരാഷ്ട്രപതി
രാജ്യത്തെ വലിയ രണ്ടാമത്തെ ഭരണഘടനാ പദവിയാണ് ഉപരാഷ്ട്രപതിയുടേത്. രാജ്യസഭയുടെ അധ്യക്ഷപദവിക്ക് പുറമേ, രാഷ്ട്രപതിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകളും വഹിക്കുന്നു. 1953-ലെ സാലറീസ് ആന്‍ഡ് അലവന്‍സസ് ഓഫ് ഓഫീസേഴ്സ് ഓഫ് പാര്‍ലമെന്റ് ആക്ട് പ്രകാരമാണ് ഉപരാഷ്ട്രപതിയുടെ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതിക്ക് പ്രത്യേക ശമ്പളത്തിന് വ്യവസ്ഥയില്ല. പകരം, രാജ്യസഭയുടെ അധ്യക്ഷന്‍ എന്ന നിലയിലുള്ള ആനുപാതികമായ പ്രതിഫലവും ആനുകൂല്യങ്ങളും ലഭിക്കുന്നു. 4 ലക്ഷം രൂപയാണ് ഉപരാഷ്ട്രപതിയുടെ മാസപ്രതിഫലം. സൗജന്യ താമസം, വൈദ്യസഹായം, വിമാനത്തിലും തീവണ്ടിയിലും സൗജന്യയാത്ര, ലാന്‍ഡ്ലൈന്‍ കണക്ഷന്‍, മൊബൈല്‍ ഫോണ്‍ സേവനം, സുരക്ഷാ ഉദ്യോഗസ്ഥരേയും ലഭിക്കുന്നു. കാലാവധിക്കുശേഷം ഒന്നരലക്ഷം രൂപ മാസപെന്‍ഷന്‍.
പ്രധാനമന്ത്രി
സര്‍ക്കാരിന്റെ തലവനാണ് പ്രധാനമന്ത്രി. ഏതെങ്കിലും സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗത്തെ രാഷ്ട്രപതിയാണ് നിയമിക്കുന്നത്. 1.66 ലക്ഷം രൂപയാണ് മാസ ശമ്പളം. ഇതില്‍ അടിസ്ഥാന ശമ്പളം 50,000 രൂപയും 3,000 രൂപയുടെ എക്സ്പെന്‍സ് അലവന്‍സും 45,000 രൂപയുടെ പാര്‍ലമെന്ററി അലവന്‍സും ഡെയ്ലി അലവന്‍സായി 2,000 രൂപയും ഉള്‍പ്പെടുന്നു. ഔദ്യോഗിക വസതി, എസ്.പി.ജി. സുരക്ഷ, സര്‍ക്കാര്‍ വാഹനങ്ങളിലും വിമാനങ്ങളിലും യാത്ര എന്നിവ പ്രധാനമന്ത്രിക്ക് ലഭിക്കുന്നു. വിദേശയാത്രകളില്‍ യാത്ര-താമസം-ഭക്ഷണം ഇതെല്ലാം സര്‍ക്കാര്‍ വഹിക്കും. കാലാവധി അവസാനിച്ചാല്‍ അഞ്ചുവര്‍ഷത്തേക്ക് സൗജന്യമായി താമസവും വൈദ്യുതിയും കുടിവെള്ളവും ലഭിക്കും.