മാസങ്ങള്‍ നീണ്ട ഡേറ്റിങ്ങിനു ശേഷം ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ തന്റെ കാമുകനുമായുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ബോളിവുഡ് സ്‌ക്രിപ്റ്റ് റൈറ്റര്‍ രാഹുല്‍ മോദിയുമായുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ഇത്തരത്തില്‍ നടി പങ്കുവെച്ച ‘സണ്‍കിസ്ഡ്’ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ‘എന്റെ ഹൃദയത്തെ സൂക്ഷിക്കൂ എന്നാല്‍ എന്റെ ഉറക്കം നീ തിരിച്ച് തരൂ’ എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന കുറിപ്പ്.
ചിത്രം പുറത്ത് വന്നതോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചിത്രങ്ങള്‍ നടി അധികവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. അതുകൊണ്ടുതന്നെ ഈ ചിത്രം വൈറല്‍ ആണ്.
ഇരുവരും ഡേറ്റിങ്ങില്‍ ആണെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പേ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നടി ശ്രദ്ധ കപൂര്‍ തന്റെ കഴുത്തിലുള്ള മാലയില്‍ ആര്‍ എന്ന അക്ഷരമുളള ലോക്കറ്റ് ധരിച്ചിരുന്നു. ഇത് രാഹുല്‍ മോദി നല്‍കിയതാണെന്ന അഭ്യൂഹവും ഉണ്ടായിരുന്നു.
രണ്‍ബീര്‍ കപൂര്‍ നൊപ്പം ശ്രദ്ധ അഭിനയിച്ച ‘തു ജൂതി മെയ്ന്‍ മക്കാര്‍’എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരുന്നത് രാഹുല്‍ മോദിയാണ്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത് എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും പ്രണയത്തിലാണ് എന്ന് തരത്തിലുള്ള അഭ്യൂഹങ്ങള്‍ 2023 തൊട്ടേ പ്രചരിച്ചിരുന്നു. എന്നാല്‍ ശ്രദ്ധയും രാഹുല്‍ മോദിയും തങ്ങളുടെ സ്വകാര്യജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കുകയായിരുന്നു. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ല്‍ പുറത്തിറങ്ങിയ ‘തീന്‍ പത്തി’ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിന്നാലെ പുറത്തിറങ്ങിയ ലവ് കാ ദ എന്‍ഡ് എന്ന ചിത്രത്തില്‍ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി. 2013ല്‍ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വന്‍ ജനപ്രീതി നേടിക്കൊടുത്തു.
എഴുത്തുകാരനായ രാഹുല്‍ മോദി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ത്തിക് ആര്യനെ താരമാക്കിയ സിനിമകളുടെ രചയിതാവാണ് അദ്ദേഹം. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന പ്യാര്‍ കാ പഞ്ച്‌നാമ 2 ന്റെ എഴുത്തുകാരനും അസിസ്റ്റന്റ് ഡയറക്ടറുമാണ് രാഹുല്‍. ചിത്രം ബോക്സ് ഓഫീസ് വിജയമായിരുന്നു. സോനു കി ടിറ്റു കി സ്വീറ്റിയുടെ രചയിതാവ് കൂടിയാണ് രാഹുല്‍. ഇതുകൂടാതെ, ലവ് രഞ്ജനൊപ്പം തു ജൂതി മെയ്ന്‍ മക്കാര്‍ എന്ന ചിത്രവും അദ്ദേഹം എഴുതി. ശ്രദ്ധ കപൂറും രണ്‍ബീര്‍ കപൂറും അഭിനയിച്ച സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായും രാഹുല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടുകയും ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം കളക്ഷന്‍ നേടുകയും ചെയ്തു.