ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒരു സ്ത്രീ അടക്കം 18 പേര്‍ മരിച്ചു. 60ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്. കള്ളക്കുറിച്ചി മെഡിക്കല്‍ കോളജ്, പോണ്ടിച്ചേരി ജിപ്മെര്‍, സേലം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് 60ഓളം പേര്‍ ചികിത്സയിലുള്ളത്. തമിഴ്നാട് ആരോഗ്യ മന്ത്രി ദുരന്ത സ്ഥലത്ത് എത്തി.
കള്ളക്കുറിച്ചിയിലെ കരുണാപുരത്ത് നിന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് വിവരം. തലവേദന. ഛര്‍ദി, തലകറക്കം, വയറു വേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദ് രാജ് (49) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് 200 ലിറ്ററോളം വ്യാജ മദ്യം പിടിച്ചെടുത്തതായും ഇതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനനടപടി ആരംഭിച്ചു. ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എസ്.പി. സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്തു. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍. രജത് ചതുര്‍വേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി.എസ്.പിമാരായ തമിഴ്‌ശെല്‍വനേയും മനോജിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിഷമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിറ്റ മദ്യത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം സി.ബി- സി.ഐ.ഡിക്ക് കൈമാറി. നിയമലംഘനങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. കള്ളക്കുറിച്ചിയില്‍ ചികിത്സയിലുള്ള 26 പേര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് മന്ത്രിമാരായ ഇ.വി. വേലുവിനോടും മാ. സുബ്രഹ്‌മണ്യനോടും സ്ഥലത്തേക്ക് തിരിക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ കള്ളക്കുറിച്ചിയിലേക്ക് നാലംഗ മെഡിക്കല്‍ സംഘത്തെ അയച്ചു. സേലത്തുനിന്നും തിരുവണ്ണാമലൈയില്‍നിന്നും കള്ളക്കുറിച്ചിയിലേക്ക് ഡോക്ടര്‍മാരെത്തിയിട്ടുണ്ട്. 12 ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.