കണ്ണൂര്‍: തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് ഭീഷണി. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയതായി മരിച്ച വേലായുധന്റെ അയൽവാസി സീന പറഞ്ഞു. അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് പറഞ്ഞതായും അവർ വ്യക്തമാക്കി.
പ്രദേശത്തെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരാണ് വീട്ടിലെത്തിയത്. സ്ത്രീകളാണ് വന്നത്. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സീന പറഞ്ഞു.
ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനവുമായി സീന രംഗത്തെത്തിയിരുന്നു. തേങ്ങയെടുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽപാത്രം വീടിന്റെ തറയോട് അടിച്ചപ്പോഴുണ്ടായ സ്ഫോടനമാണ് വേലായുധന്റെ മരണത്തിലേക്ക് നയിച്ചത്.
അതേസമയം, കുട്ടികൾ കളിക്കുന്ന പറമ്പിലും, കർഷകർ കന്നുകാലികളെയും മറ്റും മേയ്‌ക്കുന്ന ഇടങ്ങളിലുമൊക്കെയാണ് സിപിഎം പ്രവർത്തകർ ബോംബ് വയ്‌ക്കുന്നത്. സാധാരണ മനുഷ്യർക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും യുവതി തുറന്നടിച്ചിരുന്നു.
കഴിഞ്ഞ 15 വർഷമായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും സിപിഎം പ്രവർത്തകർ നിർബന്ധിത പിരുവുകൾ നടത്താറുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഭയന്നിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സീന ചാനൽ ക്യാമറകൾക്ക് മുൻപിൽ തുറന്നടിച്ചിരുന്നു.