Recipe

ഇഡ്ഡലിക്കും ദോശക്കും ബൈ ബൈ, പേര്‍ളിമാണിയുടെ ഇന്‍സ്റ്റന്റ് ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വൈറല്‍

ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലിയും ദോശയുമൊക്കെ കഴിച്ച് മടുത്തോ? എങ്കില്‍ ഇതാ ഒരു പുത്തല്‍ റെസിപ്പി. മലയാളികളുടെ സ്വന്തം പേര്‍ളി മാണിയുടെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണിത്. വളരെ രുചികരവും, ഹെല്‍ത്തിയും ഇന്‍സ്റ്റന്റുമായ ഒരു വിഭവമാണിത്. ഈ ഡിഷിന്റെ പ്രത്യേകതയും അതുതന്നെ ആണ്.

ആവശ്യമായ ചേരുവകള്‍

സവാള
തക്കാളി
പച്ചമുളക്
കാരറ്റ്
മല്ലിയില
മുട്ട
പാല്‍
ഉപ്പ്
എണ്ണ
വറ്റല്‍മുളക് പൊടിച്ചത്

ഇനി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം;

ആദ്യം സവാള, തക്കാളി, കാരറ്റ്, ഒരു പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിയുക. ശേഷം അടുപ്പിലേക്ക് ഒരു പാന്‍ വെച്ച ശേഷം അല്‍പ്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോളേക്കും അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ഇട്ട് നന്നായി വഴറ്റി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ഇതിലേയ്ക്ക് ചേര്‍ത്ത് കൊടുത്ത് ഇളക്കുക. പച്ചക്കറികള്‍ വെന്തു വരുമ്പോള്‍ അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇത് വെന്ത് വരുമ്പോളേക്കും അതിന് മുകളിലേയ്ക്ക് അല്‍പ്പം വറ്റല്‍മുളക് പൊടിച്ചതും കൂടി ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. വേവ് പാകത്തിനായ ശേഷം പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.

ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കുവാന്‍ ഇത് സഹായിക്കുന്നു. എല്ലാ ദിവസവും ഒരേ പോലെയുളള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിന് പകരം വ്യത്യസ്തമായി തയ്യാറാക്കി നോക്കുകയാണെങ്കില്‍ പിന്നെ രാവിലത്തെ ആഹാരം സ്‌കിപ്പ് ചെയ്യാന്‍ തോന്നുകയില്ല.