Recipe

ഇനി ചക്കക്കുരു ചിപ്‌സ് കഴിച്ചിട്ടില്ലെന്ന് ആരും പറയരുത്; തയ്യാറാക്കിക്കോളൂ..

ചക്ക സീസണായിക്കഴിഞ്ഞാല്‍ ചക്ക കൊണ്ടുളള നിരവധി വിഭവങ്ങളാണ് ഊണ് മേശയില്‍ എത്തുന്നത്. ചക്ക വേവിച്ചത്, ചക്ക വരട്ടിയത്, ചക്ക പായസം, ചക്ക വറുത്തത്, ചക്ക തോരന്‍, ചക്ക എരിശ്ശേരി അങ്ങനെ അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു. എന്നാല്‍ നാം അധികം കേള്‍ക്കാത്ത, എന്നാല്‍ വളരെ സ്വാദുളളതുമായ ചക്കക്കുരു ചിപ്‌സിന്റെ റെസിപ്പി ആണ് ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്.

ചക്കക്കുരു ചിപ്‌സ് തയ്യാറാക്കുന്നതിനായി ആവശ്യമുളള ചേരുവകള്‍

ചക്കക്കുരു തൊലി കളഞ്ഞത്

വെളിച്ചെണ്ണ

മുളകുപൊടി

ഉപ്പ്

ഇനി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം;

ചക്കക്കുരുവിന്റെ പുറം തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇത് നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ തിളച്ചു തുടങ്ങുമ്പോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന ചക്കക്കുരു ചേര്‍ക്കുക. ചക്കക്കുരു എണ്ണയിലേക്ക് ഇട്ടുകഴിഞ്ഞാല്‍ തീ അല്‍പ്പം കുറച്ച് വെയ്‌ക്കേണ്ടതാണ്. ചക്കക്കുരു ക്രിസ്പ് ആകുന്നത് വരെ ഫ്രൈ ചെയ്യുക. തുടര്‍ന്ന് ഒരു പാത്രത്തിലേക്ക് മാറ്റുക. പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ചക്കക്കുരു ചിപ്‌സ് തയ്യാര്‍.

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക. നാരുകള്‍, വിറ്റാമിനുകള്‍, പ്രതിരോധശേഷിയുള്ള അന്നജം എന്നിവയാല്‍ ഇത് സമ്പുഷ്ടമാണ്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചക്ക നല്ലതാണ്.