Travel

ഹൈദരാബാദിലേക്ക് ഒരു ട്രിപ്പ് പോയാലോ? പ്രധാന ആകര്‍ഷണങ്ങള്‍ ഇതൊക്കെയാണ്..

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും തലസ്ഥാന നഗരമാണ് ഹൈദരാബാദ്. തെലങ്കാനയില്‍ സ്ഥിതി ചെയ്യുന്ന ഹൈദരബാദില്‍ 61 ലക്ഷത്തോളം വരുന്ന ജനസംഖ്യയാണുളളത്. ഇന്ത്യയിലെ ആറാമത് വലിയ മെട്രോ നഗരമാണ് ഹൈദരാബാദ്. നൈസാമുകളുടെ നഗരം എന്നും അറിയപ്പെടുന്ന ഹൈദരബാദ് ഇന്ത്യയിലെ തന്നെ ഏറ്റവും വികസിതമായ നഗരങ്ങളിലൊന്നാണ്. ഹൈദരാബാദിലെത്തിയാല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ നമുക്കൊന്ന് പരിചയപ്പെടാം.

ചാര്‍മിനാര്‍

പേരു പോലെ തന്നെ നാല് മിനാരങ്ങളോടു കൂടിയ കെട്ടിടമാണ് ചാര്‍മിനാര്‍. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണിത്. നഗരഹൃദയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് ചാര്‍മിനാര്‍ സ്ഥിതി ചെയ്യുന്നത്. ഗ്രൈനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാത്രിയില്‍ ചാര്‍മിനാര്‍ കാണുന്നത് മറ്റൊരു അനുഭവമാണ്. ഇവിടെ എത്തുന്നവര്‍ക്ക് ഷോപ്പിംഗിനുളള സൗകര്യവും സമീപത്ത് തന്നെ ലഭിക്കും.

റാമോജി ഫിലിം സിറ്റി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കര്‍  സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദിലെ വിജയവാഡയില്‍ ഹയാത്‌നഗര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഒരു സിനിമാ ലൊക്കേഷന്‍ മാത്രമല്ല റാമോജി. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന അദ്ഭുതലോകം കൂടിയാണ്. ബിഗ് സ്‌ക്രീനില്‍ കണ്ടുപരിചയിച്ച രംഗങ്ങള്‍ നേരിട്ടു കാണുന്നതോടൊപ്പം യാത്രയുടെ അവേശം പകരുന്ന ഒട്ടനേകം കാഴ്ചകളും ഇവിടെ ഉണ്ട്.

ഹുസൈന്‍ സാഗര്‍ തടാകം

‘ജയ് ശ്രീ രാം സാഗര്‍’ എന്നാണ് ഇപ്പോള്‍ ഹുസൈന്‍ സാഗര്‍ തടാകം അറിയപ്പെടുന്നത്. ഹൃദയത്തിന്റെ ആകൃതിയിലാണ് ഹുസൈന്‍ സാഗര്‍ തടാകം നിര്‍മ്മിച്ചിട്ടുള്ളത്. ലോകത്തില്‍ തന്നെ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഏറ്റവും വലിയ നിര്‍മ്മിതി ഇതാണ്. 5.7 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍ ആണ് ഈ തടാകം വ്യാപിച്ചുകിടക്കുന്നത്. 32 അടിയാണ് ഈ തടാകത്തിന്റെ പരാമാവധി ആഴം. ഇരട്ട നഗരങ്ങളായ ഹൈദരബാദിനേയും സെക്കന്തരാബാദിനേയും തമ്മില്‍ വേര്‍തിരിക്കുന്നത് ഈ തടാകമാണ്. എല്ലാ ദിവസവും രാവിലെ 8.00 മുതല്‍ വൈകിട്ട് 10 വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകമാണിത്. തടാകത്തിന്റെ മധ്യഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബുദ്ധപ്രതിമയാണ് ഇവിടുത്തെ പ്രത്യേകത.

ഗോല്‍ക്കൊണ്ട കോട്ട

ഗോല്‍കോണ്ട കോട്ടയിലേക്കുള്ള യാത്രയില്ലെങ്കില്‍ ഒരിക്കലും പൂര്‍ത്തായാവാത്തതാണ് ഹൈദരാബാദ് യാത്ര. നഗരത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ മാറിയാണ് ഗോല്‍ക്കൊണ്ട കോട്ട സ്ഥിതി ചെയ്യുന്നത്. 4.8 കിലോമീറ്റര്‍ നീളമുണ്ട് ഈ നെടുങ്കന്‍ കോട്ടയ്ക്ക്. കോഹിന്നൂര്‍ വജ്രം സൂക്ഷിച്ചിരുന്ന സ്ഥലം എന്ന നിലയിലാണ് ഈ കോട്ട ലോകശ്രദ്ധ നേടിയത്. 1600ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. വൈകുന്നേരങ്ങളില്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടക്കാറുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഇവിടത്തെ സന്ദര്‍ശന സമയം. അസ്ല ഖന എന്ന് അറിയപ്പെടുന്ന ആയുധപ്പുര, നാഗിനബാഗ് എന്ന് അറിയപ്പെടുന്ന പൂന്തോട്ടം, ഹബ്ഷി കമാന്‍സ് എന്ന് അറിയപ്പെടുന്ന കമാനങ്ങള്‍, താരമതി മോസ്‌ക്, രാംദാസ് ജയില്‍, ഡര്‍ബാര്‍ ഹാള്‍, ക്ഷേത്രം തുടങ്ങിയ ഈ കോട്ടയുടെ ഉള്‍വശത്തുണ്ട്. ഗോല്‍ക്കൊണ്ടയിലെ അത്ഭുത കാഴ്ച്ചകള്‍ കാണാന്‍ നിരവധിപ്പേരാണ് ദിവസവും വരുന്നത്

ബിര്‍ളാ മന്ദിര്‍

തിരുപ്പതി ബാലാജി അല്ലെങ്കില്‍ വെങ്കിടേശ്വരന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 280 അടി ഉയരത്തിലുള്ള ഒരു ചെറിയ കുന്നിനു മുകളിലാണുള്ളത്. ഗണേശന്‍, പാര്‍വ്വതി, ശിവന്‍, ബ്രഹ്‌മാവ് തുടങ്ങിയവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചെറു ക്ഷേത്രങ്ങളും ഇവിടെ കാണാം. ദ്രാവിഡ നിര്‍മ്മാണ രീതികള്, രാജസ്ഥാനി നിര്‍മ്മാണ രീതി, തുടങ്ങി വിവിധ നിര്‍മ്മാണ രീതികളുടെ സങ്കലനം കൂടിയാണ് ഈ ക്ഷേത്രം. 11 അടി ഉയരത്തില്‍ ഗ്രാനൈറ്റ് ഉപയോഗിച്ചുണ്ടാക്കിയ വെങ്കിടേശ്വരന്റെ ഒരു പ്രതിഷ്ഠയും ഇവിടെയുണ്ട്. രാവിലെ 7.00 മുതല്‍ 12.00 വരെയും ഉച്ചകഴിഞ്ഞ് 3.00 മുതല്‍ 9.00 വരെയുമാണ് ഇവിടെ പ്രവേശന സമയം.

ചൗമഹല്ലാ പാലസ്

ആഢംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും അവസാന വാക്കായിരുന്നു നൈസൈമുമാരുടെ ഭവനങ്ങള്‍. അതിലൊന്നാണ് ചൗ മഹല്ലാ പാലസ്. നൈസാമുമാരുടെ ഔദ്യോഗിക വസതിയായാണ് ഇവിടം അറിയപ്പെടുന്നത്. നാലു കൊട്ടാരങ്ങള്‍ എന്നാണ് ചൗ മഹല്ലാ പാലസിന്റെ അര്‍ഥം. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം നോര്‍ത്ത് ബ്ലോക്ക് എന്നും സൗത്ത് ബ്ലോക്ക് എന്നും വിഭജിച്ചിട്ടുണ്ട്. അഫ്താബ് മഹല്‍, മെഹ്താബ് മഹല്‍, തഹ്നിയത് മഹല്‍, അഫ്‌സല്‍ മഹല്‍ എന്നിങ്ങനെ നാലു ഭാഗങ്ങള്‍ ചൗ മഹലിനുണ്ട്. രാവിലെ 10.00 മുതല്‍ വൈകിട്ട് 5.00 വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ലാഡ് ബസാര്‍

ഹൈദരാബാദ് യാത്ര പൂര്‍ത്തിയാവണമെങ്കില്‍ മറക്കാതെ പോകേണ്ട ഒരിടമാണ് ലാഡ് ബസാര്‍. ചാര്‍മിനാറിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ലാഡ് ബസാര്‍ വിദേശികളും സ്വദേശികളും ഒരുപോലെ എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന ഒരിടം കൂടിയാണ്. കല്ലുകളിലും ഗ്ലാസുകളിലും നിര്‍മ്മിച്ച വളകളും വ്യത്യസ്തങ്ങളായ ആഭരണങ്ങളും ഹൈദരാബാദ് പേളുകളും ഒക്കെ സുലഭമായി ലഭിക്കുന്ന ഇടമാണിത്. രാവിലെ 11.00 മുതല്‍ രാത്രി 10.30 വരെയാണ് പ്രവേശനം.

സ്‌നോ വേള്‍ഡ്

ഇന്ത്യയിലെ ആദ്യത്തെ സ്നോ തീംഡ് പാര്‍ക്ക് ഹൈദരാബാദിലാണുള്ളത്. ഓരേസയം 2400 സന്ദര്‍ശകരെ വരെ ഈ പാര്‍ക്കില്‍ ഉള്‍ക്കൊള്ളാനാകും. കുട്ടികളുമൊത്ത് സമയം ചെലവിടാന്‍ പറ്റിയ സ്ഥലമാണിത്. പൂജ്യം ഡിഗ്രിയിലും താഴെയുള്ള തണുപ്പ് ഇവിടെ അനുഭവിക്കാനാകും എന്നതാണ് പ്രത്യേകത. ഇരുപത് ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലാണ് തുടക്കം. അത് പിന്നെ പൂജ്യം ആകും. അധികം വൈകാതെ മൈനസ് ഡിഗ്രിയിലേക്ക് പോകും. വേനല്‍ക്കാലത്ത് പാര്‍ക്ക് സന്ദര്‍ശിക്കുന്നതാണ് നല്ലത്. നിരവധി റൈഡുകളും ഒരുക്കിയിട്ടുണ്ട്.