ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകൾ: ലക്ഷ്മി.
പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), ഇന്നലെ (1989), സീസൺ (1989), ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു.
1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ കുസൃതിക്കുറുപ്പിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സർവോപരി പാലക്കാരനാണ് അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം.