ചായയുടെ കൂടെ ഒരു കടി കൂടെ ഇല്ലെങ്കില്‍ എങ്ങനാ ശരിയാകുന്നത് അല്ലേ.. എങ്കില്‍ വീട്ടില്‍ തന്നെ ഒരു കിടിലന്‍ വിഭവം ഉണ്ടാക്കിയാലോ. ബ്രഡ് ചിക്കന്‍ റോള്‍സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
1. ബ്രഡ് കഷ്ണങ്ങള്‍ – ആവശ്യത്തിന്
2. ഉപ്പിട്ട് വേവിച്ച ചിക്കന്‍ – 300 ഗ്രാം
3. സവാള അരിഞ്ഞത് – ഒരു ചെറുത്
4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂണ്‍
5. കാപ്സിക്കം അരിഞ്ഞത് – 1/4 കപ്പ്
6. പാല്‍ – 1/2 കപ്പ്
7. കോണ്‍ഫ്‌ലോര്‍ – 1 ടീസ്പൂണ്‍
8. ഉണക്കമുളക് ചതച്ചത് – ആവശ്യത്തിന്
9. ബട്ടര്‍ /നെയ്യ് – 1 ടീസ്പൂണ്‍
10. എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍ വച്ച് അതിലേക്കു കുറച്ച് എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കണം. എരിവിന് ആവശ്യത്തിന് ഉണക്കമുളക് ചതച്ചത് ചേര്‍ത്ത് കൊടുക്കാം. ഉണക്കമുളകിന് പകരം കുരുമുളക് പൊടിയായാലും മതി. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്‌സിക്കവും ചേര്‍ത്ത് വഴറ്റണം.
1/2 കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ കട്ടകെട്ടാതെ കലക്കി അത് വഴറ്റി വച്ചിരിക്കുന്ന മസാലയിലേക്ക് ചേര്‍ത്ത് കൊടുക്കണം. നന്നായി ഇളക്കി കൊടുക്കുക. ചെറുതായി കുറുകി വരുന്ന സമയത്ത് വേവിച്ച് പിച്ചികീറി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്തു ചൂടാറാന്‍ വയ്ക്കുക.
ബ്രഡ് എടുത്ത് അതിന്റെ വശങ്ങള്‍ മുറിച്ചു മാറ്റണം എന്നിട്ട് ഒന്ന് പരത്തി കൊടുത്ത് കനം കുറച്ച് എടുക്കണം. അതിനുശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന മസാലയില്‍ നിന്നും കുറച്ചെടുത്ത് ബ്രഡില്‍ വച്ച് ചുരുട്ടി റോളാക്കി എടുക്കണം. ഒരു വശത്തു കുറച്ച് വെള്ളം തേച്ചു കൊടുത്താല്‍ നന്നായി ഒട്ടി ഇരിക്കും.
ഇനി ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍ വച്ച് ഒരു ടീസ്പൂണ്‍ ബട്ടര്‍ /നെയ്യ് ഒഴിച്ചിട്ട് ഉണ്ടാക്കി വച്ചിരിക്കുന്ന റോള്‍സ് എല്ലാം തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കണം. എല്ലാ വശവും ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ പാനില്‍ നിന്നും എടുക്കാം. തുടര്‍ന്ന് ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഹെല്‍ത്തിയും ടേസ്റ്റിയും ആയുള്ള ബ്രെഡ് ചിക്കന്‍ റോള്‍സ് തയ്യാര്‍.