രാജ്യത്താകമാനം ചൂട് ശക്തമായതോടെ ഈത്തപ്പഴം പഴുത്ത് വിളവെടുപ്പ് തുടങ്ങി. ഇതോടെ ‘റുതബ്’ എന്നു വിളിക്കപ്പെടുന്ന പൂർണമായും പഴുക്കുന്നതിനു മുമ്പുള്ള അവസ്ഥയിലെ ഈത്തപ്പഴം വിപണിയിൽ ലഭ്യമായിത്തുടങ്ങി. സ്വദേശികളും വിദേശികളും ഏറെ ഇഷ്ടപ്പെടുന്ന ഈത്തപ്പഴമാണ് ‘റുതബ്’. ഈത്തപ്പഴത്തിന്റെ ആദ്യ വിളവെടുപ്പ് ‘തബാശീറു റുതബ്’ എന്നാണ് അറിയപ്പെടുന്നത്. വിവിധ ഇനങ്ങളിലും നിറങ്ങളിലും ഉൾപ്പെട്ട ഈത്തപ്പഴങ്ങൾ മിക്ക എമിറേറ്റുകളിലെയും വിപണിയിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഒമാനിൽ നിന്നും ദൈദ് അടക്കമുള്ള യു.എ.ഇയിലെ പ്രദേശങ്ങളിൽ നിന്നുമുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിൽ ആദ്യമെത്തിയത്.
പല ഇമാറാത്തി കുടുംബങ്ങളും ആദ്യമെത്തുന്ന ഈത്തപ്പഴങ്ങൾ വാങ്ങാൻ കടകളിൽ എത്തുന്നതായി കച്ചവടക്കാർ പറയുന്നു. സീസണിന്റെ ആദ്യ ഘട്ടത്തിൽ പൊതുവെ വില കൂടുതലാണെങ്കിലും വരും ദിവസങ്ങളിൽ ലഭ്യത കൂടുന്നതോടെ നിരക്ക് കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദൈദിൽ നിന്നുള്ള ‘അൽ ഖത്രി’ ഇനത്തിന് കിലോക്ക് 35 ദിർഹമാണ് നിരക്ക്. ‘ഇൽബാസ്’, ‘നഗാൽ’ എന്നീ ഇനങ്ങൾക്ക് 40 ദിർഹവുമാണ് വില. ഉപഭോക്താക്കൾക്കിടയിൽ ഏറെ ഇഷ്ടപ്പെടുന്ന ദൈദിൽ നിന്നുതന്നെയുള്ള ‘കസബ്’ ഇനത്തിന് 60ദിർഹമാണ് വില. രുചികരമായ ഒമാനിൽ നിന്നുള്ള ‘ഖനീസി’ക്ക് 50 ദിർഹമാണ്.
അതേസമയം, ഒമാനിലും ദൈദിലുമെല്ലാം ലഭ്യമായ ‘ഉചിപൽ’ എന്നയിനത്തിന് 25 ദിർഹമേ വിലയുള്ളൂ. അതോടൊപ്പം ‘ഹലാവി’ എന്നയിനം 30 ദിർഹമിനും ലഭ്യമാണ്. ഏപ്രിൽ മാസത്തിലെ ശക്തമായ മഴയെ തുടർന്ന് ഇത്തവണ രണ്ട് ആഴ്ചയോളം വൈകിയാണ് ഈത്തപ്പഴ വിളവെടുപ്പ് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഈത്തപ്പഴകൃഷിയെ മഴ വലിയ രീതിയിൽ ബാധിച്ചിട്ടില്ല. ചൂട് നേരത്തെ തുടങ്ങാത്തതിനാൽ പഴം പഴുക്കുന്നത് വൈകിയതിനാലാണ് വിളവെടുപ്പും വൈകിയത്. വരും ആഴ്ചകളിൽ ഏറ്റവും മികച്ച ഈത്തപ്പഴങ്ങൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.