Travel

ലക്ഷദ്വീപിലേക്കൊരു യാത്ര പോയാലോ? പ്രധാന ആകര്‍ഷണങ്ങള്‍ ഇവയൊക്കെയാണ്..

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള മനോഹരമായ ഒരു ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. അറബി കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതുമാണ്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്‌ലാത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് നിലവില്‍ ജനവാസമുളളത്.

ലക്ഷദ്വീപിലേക്ക് യാത്ര തിരിയ്ക്കുമ്പോള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിചയപ്പെടാം;

1. മിനിക്കോയ് ദ്വീപ്

ലക്ഷദ്വീപ് ദ്വീപുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് മിലികു എന്നും അറിയപ്പെടുന്ന ഈ ദ്വീപ്. ദ്വീപ് സമൂഹത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് മിനിക്കോയ് സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപ് യാത്രകളുടെ കേന്ദ്രമാണ് ഈ ദ്വീപ്. ധാരാളം വെള്ളമണല്‍ ബീച്ചുകളും ഇവിടെയുണ്ട്. ലക്ഷദ്വീപിലെ കാഴ്ചകള്‍ കാണാനുള്ള ആകര്‍ഷകമായ സ്ഥലമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ മിനിക്കോയ് ദ്വീപ് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്. ബോട്ട് സവാരി, കാല്‍നടയാത്ര, ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് മിനിക്കോയ്.

2. കവരത്തി ദ്വീപ്

വെളുത്ത മണലും മനോഹരമായ സൂര്യാസ്തമയവും ഈ ദ്വീപിനെ ലക്ഷദ്വീപിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഇവിടെ ധാരാളം പച്ചപ്പുകളും, വിവിധ തരം തോട്ടങ്ങളുമുണ്ട്. പ്രകൃതിസ്നേഹികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് കവരത്തി. ഓരോ വര്‍ഷവും, ആയിരക്കണക്കിന് വിദേശ വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

3. മറൈന്‍ മ്യൂസിയം

സമുദ്രജീവികളുടെയും പുരാവസ്തുക്കളുടെയും വലിയ പ്രദര്‍ശനം ഇവിടെ കാണാന്‍ സാധിക്കുന്നു. മ്യൂസിയം, ജലജീവികളുടെ പ്രാധാന്യത്തെക്കുറിച്ചും അതിമനോഹരമായ കാഴ്ചകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. അതുകൊണ്ട് തന്നെ ലക്ഷദ്വീപില്‍ സന്ദര്‍ശിക്കേണ്ട ആകര്‍ഷകമായ സ്ഥലങ്ങളില്‍ ഒന്നാണ് മറൈന്‍ മ്യൂസിയം. വ്യത്യസ്ത ഇനം മത്സ്യങ്ങളെ ഇവിടെ കാണാന്‍ കഴിയും. സ്രാവിന്റെ അസ്ഥികൂടവും ഇവിടെ കാണാന്‍ കഴിയും.

4. പിറ്റി പക്ഷി സങ്കേതം

കല്‍പേനി ദ്വീപില്‍ നിന്നും പിറ്റി ദ്വീപിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് ഒരു ചെറിയ ബോട്ട് മതിയാകും. ഇത് ഒരു ചെറിയ, ഒറ്റപ്പെട്ട ദ്വീപാണ്. ദ്വീപ് വൃത്തിയും മനോഹരവുമാണ്. ലക്ഷദ്വീപ് ദ്വീപുകളിലെ അതിശയിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ പവിഴ ദ്വീപ്. കാരണം ഇത് സ്‌നോര്‍ക്കെല്ലിംഗിന് പോകാനുള്ള മികച്ച സ്ഥലമാണ്. കൂടാതെ സമുദ്രജീവികളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. ലക്ഷദ്വീപിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പിറ്റി.

5. കല്‍പേനി

ലക്ഷദ്വീപില്‍ ഏറ്റവും രുചിയേറിയ ഭക്ഷണം ലഭിക്കുന്നത് ഇവിടെയാണ്. യാത്രയുടെ ഇടവേളകളില്‍ സഞ്ചാരികളെത്തി മീന്‍ പിടിക്കാറുണ്ട് ഇവിടെ. ആളൊഴിഞ്ഞ ഏറ്റവും ശാന്തമായ ലക്ഷദ്വീപ് വിനോദസഞ്ചാര കേന്ദ്രങ്ങളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഇവിടെ ഉറപ്പായിട്ടും പോകേണ്ടതാണ്.

6. അഗത്തി ദ്വീപ്

ഏറ്റവും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന സ്ഥലങ്ങളില്‍ ഒന്നാണ് അഗത്തി ദ്വീപ്. കാരണം ഈ ദ്വീപില്‍ ഒരു വിമാനത്താവളം സ്ഥിതിചെയ്യുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ലഗൂണ്‍ ബീച്ചിലേക്ക് 20 മിനിറ്റ് ഡ്രൈവ് മാത്രമേ ഉളളു. ധാരാളം കേരള സ്റ്റൈല്‍ നാടന്‍ ഭക്ഷണങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇവിടുത്തെ ട്യൂണ മത്സ്യം കൊണ്ടുളള വിഭവങ്ങള്‍ ഏറെ പ്രശസ്തമാണ്. ലക്ഷദ്വീപിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിവിടം

7. കില്‍ത്താന്‍ ദ്വീപ്

ഈ ദ്വീപ് കൊളോണിയല്‍ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ക്ക് പേരുകേട്ടതാണ്. സിലോണും പേര്‍ഷ്യന്‍ ഗള്‍ഫും തമ്മിലുള്ള വ്യാപാര പാതയിലെ ഒരു പോയിന്റായിരുന്നു ഈ നഗരം. പ്രധാന ദ്വീപായ അമിനിയില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. അതിശയകരമായ നിരവധി പാറകളും തടാകങ്ങളും ഈ ദ്വീപില്‍ കാണാന്‍സാധിക്കും.

8. അമിനി ബീച്ച്

ലക്ഷദ്വീപിലെ ശാന്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തേടുന്ന ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥലമാണ് അമിനി ബീച്ച്. അമിനി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ ബീച്ചില്‍ ധാരാളം പവിഴമണല്‍ക്കല്ലുകള്‍ കാണാന്‍ സാധിക്കും്. സ്നോര്‍ക്കെലിംഗ്, സ്‌കൂബ ഡൈവിംഗ്, റീഫ് വാക്കിംഗ്, കയാക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കുളള സൗകര്യം ഇവിടെ ഉണ്ട്.

9. ആന്‍ഡ്രോട്ട് ദ്വീപ്

ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ ആന്‍ഡ്രോട്ട് ദ്വീപ് ജുമാഅത്ത് പള്ളിയിലെ വിശുദ്ധ ഉബൈദുല്ലയുടെ ശവകുടീരത്തിന് പേരുകേട്ടതാണ്. ഈ ദ്വീപില്‍ നിങ്ങള്‍ക്ക് നീരാളികളെയും മറ്റ് സമുദ്രജീവികളെയും കാണാന്‍ കഴിയും. ചരിത്രസ്‌നേഹികള്‍ക്ക് ലക്ഷദ്വീപില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ആന്‍ഡ്രോട്ട് ദ്വീപ്. ഇവിടെ കാണപ്പെടുന്ന പുരാതന ബുദ്ധ സ്മാരകങ്ങള്‍കൊണ്ടും ആന്‍ഡ്രോട്ട് ദ്വീപ് പ്രസിദ്ധമാണ്.

10. ബംഗാരം അറ്റോള്‍

ഈ ദ്വീപിനെ പറുദീസ എന്നും വിളിക്കാറുണ്ട്. പ്രകൃതിസ്നേഹികള്‍ക്കും സാഹസിക പ്രേമികള്‍ക്കും ഇഷ്ടപ്പെടുന്ന ഒട്ടനവധി കാഴ്ചകള്‍ ഇവിടെ ഉണ്ട്. സ്‌നോര്‍ക്കലിംഗിന് പ്രസിദ്ധി കേട്ട സ്ഥലമാണിവിടം. അതുകൊണ്ട് തന്നെ ലക്ഷദ്വീപിലെത്തിയാല്‍ നിര്‍ബന്ധമായും പോയിരിക്കേണ്ട ഒരു സ്ഥലമാണിവിടം.