ബെംഗളൂരു: അതി രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ബെംഗളൂരു നിവാസികള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി തന്നെ ബെംഗളൂരു നിവാസികളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് കുടിവെള്ളത്തിന്റെ ലഭ്യത കുറവ്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രതിസന്ധി ഉണ്ടായപ്പോള്‍ മഴപെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് ഇവിടെയുള്ളവര്‍ കരുതിയിരുന്നത്. എന്നാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചിട്ട് പോലും കുടിവെളള പ്രതിസന്ധി രൂക്ഷമാണ്. കുടിക്കുന്നതിനും കുളിക്കുന്നതിനും തുണി കഴുകുന്നതിനും പാത്രം കഴുകുന്നതിനും ആഹാര പാചകം ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് ബെംഗളൂരുവില്‍ ഇപ്പോള്‍. നഗരപ്രദേശങ്ങളിലെ കുഴല്‍ക്കിണറുകളില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
നിരവധി അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളും ഫ്‌ളാറ്റുകളും വീടുകളുമാണ് ബെംഗളൂരു നഗരപ്രദേശങ്ങളില്‍ എല്ലാം തന്നെ. എന്നാല്‍ ഇവിടങ്ങളില്‍ ഒന്നും തന്നെ ഇപ്പോള്‍ ആവശ്യത്തിന് പോലും വെള്ളം ലഭിക്കുന്നില്ല. അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ വാട്ടര്‍ ടാങ്കറുകളെ ആണ് വെള്ളത്തിനായി ആശ്രയിക്കുന്നത് എന്നാല്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നം അവര്‍ നേരിടുന്നത് വാട്ടര്‍ ടാങ്കറുകളുടെ കുത്തനെയുള്ള വിലക്കയറ്റം ആണ്. ടാങ്കറുകളുടെ വില കുതിച്ചുയര്‍ന്നതോടെ പലര്‍ക്കും ഇത് താങ്ങാന്‍ ആവുന്നില്ല. വൈറ്റ്ഫീല്‍ഡ് ബെംഗളൂരു ഈസ്റ്റ,് കനകപുര റോഡ് ബെംഗളൂരു സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്.
സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഉയര്‍ന്ന വിലയാണ് ടാങ്കര്‍ വെള്ളത്തിന് കൊടുക്കേണ്ടി വരുന്നത് എന്നാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്ന പരാതി. ഈ പ്രദേശങ്ങളില്‍ 1200 ലിറ്റര്‍ ടാങ്കറിന് 1800 രൂപയോളം കൊടുക്കേണ്ടതായി വരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ ഇരട്ടിയില്‍ അധികം വരും. ഓരോ അപ്പാര്‍ട്ട്‌മെന്റിനും പ്രതിദിനം 50 ടാങ്കര്‍ വെള്ളം ആവശ്യമായി വരുന്നുണ്ട്. വരും ദിവസങ്ങളില്‍ വെള്ളത്തിന് എത്ര രൂപ അധികമായി നല്‍കേണ്ടി വരും എന്ന ആശങ്കയിലാണ് ബാംഗ്ലൂര്‍ നിവാസികള്‍. ഇടയ്ക്കിടെ ശക്തമായ മഴ ലഭിച്ചിട്ട് പോലും കുഴല്‍ കിണറിലെ ജലനിരപ്പ് കുറയുന്നത് കണ്ട് ആശങ്കയിലാണ് നിവാസികള്‍. ഭാവി എന്തായിരിക്കും എന്ന കാര്യത്തിലും അവര്‍ വളരെയധികം ആശങ്കപ്പെടുന്നുണ്ട്
കുടിവെളള പ്രശ്‌നം രൂക്ഷമായതോടെ നഗരത്തിലെ താമസക്കാരോട് ശുദ്ധജലം ഉപയോഗിക്കുന്നതിന് നിയന്ത്രണം വേണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. ബെംഗളൂരുവിലെ ജല വിതരണ ബോര്‍ഡ് കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് 5000 രൂപ വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വാഹനങ്ങള്‍ കഴുകുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് വിലക്ക്.