Travel

വര്‍ണവിസ്മയങ്ങളും മായക്കാഴ്ചകളും ഒളിപ്പിക്കുന്ന സുന്ദര നഗരം; രാജസ്ഥന്റെ പ്രൗഢി കൂട്ടുന്ന പിങ്ക് സിറ്റി

രാജസ്ഥാന്‍ എന്നാല്‍ മനസ്സിലേക്കെത്തിയിരുന്നത് നോക്കെത്താ ദൂരത്തോളം വിശാലമായി പരന്ന് കിടക്കുന്ന മരുഭൂമിയും ഒട്ടകങ്ങളും മാത്രമായിരുന്നു.എന്നാൽ വര്‍ണവിസ്മയങ്ങളും മായക്കാഴ്ചകളും ഉള്ളിലൊളിപ്പിച്ച് സഞ്ചാരികളെ കാത്തിരിക്കുന്ന രാജാക്കന്‍മാരുടെ നാടാണത് . വാസ്തു ശാസ്ത്ര പ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യ നഗരമാണ് ജയ്പൂര്‍. ജയ്പുര്‍ എന്നതിനേക്കാള്‍ പിങ്ക് സിറ്റി എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്. പിങ്ക് ചായം പൂശിയ വീടുകളും കെട്ടിടങ്ങളും ഏറെയുണ്ട്. എന്നാല്‍ ആ പേരിനുപിന്നില്‍ പിന്നിലൊരു കഥ കൂടിയുണ്ട്. 1876 ല്‍ അന്നത്തെ രാജാവായിരുന്ന മഹാരാജാ റാം സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇാ നഗരം ചായം പൂശിയൊരുങ്ങിയത്. അന്ന് ജയ്പുര്‍ സന്ദര്‍ശിക്കാനെത്തിയ വെയില്‍സിലെ രാജകുമാരനായിരുന്ന എഡ്‌ലേര്‍ഡിനെ സ്വീകരിക്കുവാനായിരുന്നു ആ നിറം പൂശല്‍. അവിടെ ആയിരക്കണക്കിന് ബെല്‍ജിയന്‍ കണ്ണാടിത്തുണ്ടുകള്‍ പതിപ്പിച്ച അതിമനോഹരമായ ശീഷ് മഹല്‍.

അംബര്‍ കോട്ടയ്ക്കുള്ളിലാണ് ഈ കെട്ടിടമുള്ളത്. ഹാള്‍ ഓഫ് മിറേര്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. ജയ് മന്ദിറിന്റെ ഭാഗമായ ഒരു ഹാളാണിത്, മനോഹരമായ മിറര്‍ വര്‍ക്കുകളാണ് ഈ കെട്ടിടത്തെ മനോഹരമാക്കുന്നത്. ചുവരിലും മേല്‍ത്തട്ടിലും പതിച്ചിരിക്കുന്ന കണ്ണാടികളില്‍ പ്രകാശത്തിന്റെ പ്രതിബിംബമുണ്ടാവുകയും ഹാളില്‍ മുഴുവന്‍ വെളിച്ചമുണ്ടാവുകയും ചെയ്യുന്നകാഴ്ച മനോഹരമാണ്. രാജ ജയ്‌സിങ് 1623ലാണ് പ്രമുഖരായ അതിഥികള്‍ക്കായി ഈ കെട്ടിടം പണിതത്. കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ച ചില്ലുകള്‍ ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. തണുപ്പിനെ ചെറുക്കാനുള്ള ഒരു മാര്‍ഗ്ഗവും കൂടിയായാണ് ശീഷ്മഹല്‍ നിര്‍മിച്ചിരിക്കുന്നത്.രാജസ്ഥാനിലെ ശൈത്യകാലത്ത് അതി കഠിനമായ തണുപ്പാണ്. അക്കാലത്ത് വിളക്കുകാലുകളില്‍ കുത്തി നിര്‍ത്തിയ ദീപങ്ങളില്‍ നിന്ന് ചൂട് അകത്തെ കണ്ണാടികളില്‍ പ്രതിഫലിച്ച് മഹലിനു ഉള്ളിലാകെ ചൂടു നല്‍കുന്നു. വാതില്‍ പാളികളില്ലാത്ത മുറികളില്‍ നിന്ന് ചൂട് നഷ്ടപ്പെടാതിരിക്കാന്‍ കനമുള്ള പര്‍ദ്ദകള്‍ തൂക്കിയിടുമായിരുന്നു.വാതിലുകളില്ലാത്ത മുറികള്‍ക്കെല്ലാംഅപ്പോള്‍ സുഖകരമായ ഒരു തണുപ്പുണ്ടായിരുന്നു.

രാജസ്ഥാനിലെ രാജകുടുംബത്തിന്റെ സൗന്ദര്യത്തിന്റെയും മഹത്വത്തിന്റെയും പ്രതിഫലനമാണ് ശീഷ് മഹൽ . എല്ലാത്തരം അലങ്കാരങ്ങളിലും മിറർ വർക്ക് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, ചെറുതും വൃത്താകൃതിയിലുള്ളതുമായ ഈ കണ്ണാടികൾക്ക് ചുറ്റും വെളുത്ത ചോക്ക് കൊണ്ട് ആകർഷകമായ രൂപകൽപ്പനയുണ്ട്. അതിമനോഹരമായ വിലയേറിയ കല്ലുകളും ഗ്ലാസുകളും, മനോഹരമായി കൈകൊണ്ട് നിർമ്മിച്ച പെയിന്റിംഗുകളും ഷീഷ് മഹലിനെ ഒരു വിസ്മയമാക്കുന്നു.പുരാതന കാലത്ത്, രാജ്ഞിക്ക് പുറത്ത് ഉറങ്ങാൻ അനുവാദമില്ലായിരുന്നു. എന്നാൽ ഉറങ്ങുമ്പോൾ നക്ഷത്രങ്ങളെ കാണാൻ രാജ്ഞി ഏറെ ആഗ്രഹിച്ചു. തൽഫലമായി, രാജാവ് തന്റെ വാസ്തുശില്പികളോട് പ്രശ്നം പരിഹരിക്കാൻ ഒരു മഹൽ രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടു. അതാണ് ശീഷ് മഹൽ .ഇന്ന് കണ്ണാടികൾ ഉപയോഗിക്കുന്നതിനുള്ള പുതിയ വഴികൾ ലോകത്തെ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റും ഈ ശീഷ് മഹലിനാണ്.