Health

അമിതമായ അളവില്‍ കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍? ഈ അസുഖങ്ങള്‍ പിടിപെട്ടേക്കാം

രാവിലെ എഴുന്നേറ്റാല്‍ ഉടനെ നല്ല കടുപ്പമുള്ള ഒരു കപ്പ് കാപ്പി കുടിക്കുക എന്നുള്ളത് മിക്കവരും ആഗ്രഹിക്കുന്ന കാര്യമാണ്. കാപ്പിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്. നിങ്ങളുടെ ദിവസത്തിന് ഊര്‍ജ്ജസ്വലതയോടെ തുടക്കമിടാന്‍ സഹായിക്കുന്നത് മുതല്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ശരീരത്തിന് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും വിതരണം ചെയ്യുന്നത് വരെ. എന്നാല്‍ കാപ്പി അമിതമായി കുടിക്കുകയാണെങ്കില്‍ അത് ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം.

നിങ്ങള്‍ അമിത അളവില്‍ കാപ്പി കഴിക്കുന്നു എന്നതിന്റെ ചില ലക്ഷണങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു;

എപ്പോഴും വിയര്‍ക്കുക

അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെടുക.

കാപ്പി കിട്ടാതെ വരുമ്പോള്‍ ദേഷ്യം തോന്നുക.

തലവേദന.

ഇനി കാപ്പി അമിത അളവില്‍ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം;

ഹൃദ്രോഗം

ഒരു ദിവസം രണ്ട് കപ്പിയിലധികം കുടിക്കുന്നത് രക്താതിമര്‍ദ്ദമുള്ളവരില്‍ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നുതായി
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. കഫീന്‍ ശരീരത്തിലെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും ഇടയാക്കുന്നതായി ഗവേഷകര്‍ പറയുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

അമിതമായ കഫീന്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സൂചിപ്പിക്കുന്നു.

നെഞ്ചെരിച്ചില്‍

കാപ്പി ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് ഇടയാക്കും. ആസിഡ് റിഫ്‌ലക്‌സ് ഒഴിവാക്കാന്‍ കാപ്പി ഉപഭോഗം കുറയ്ക്കുക.

ഉറക്കക്കുറവ്

കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ജേണല്‍ ഓഫ് ക്ലിനിക്കല്‍ സ്ലീപ്പ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.