ഗോവ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല. അവധിക്കാലം ആഘോഷമാക്കാന്‍ മലയാളികള്‍ കൂടുതലും പോകുന്നത് ഗോവയിലേക്കായിരിക്കും. പാര്‍ട്ടിയും പബ്ബും ബീച്ചും പിന്നെ ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ഗോവയിലായിരിക്കും എല്ലാവരും. എന്നാല്‍ ഗോവയിലേക്ക് എളുപ്പത്തില്‍ പോകുവാന്‍ ഒരുവഴിയുണ്ട്. മിനി ഗോവ എന്നു സഞ്ചാരികള്‍ വിളിക്കുന്ന കൊളാവി ബീച്ചിലേക്ക് പോയാല്‍ മതി. അതും ഇവിടെ തൊട്ടടുത്ത്. നമ്മുടെ കോയിക്കോട്.
കോഴിക്കോട് യാത്രകളിലെ ഇപ്പോഴത്തെ താരം ഈ മിനി ഗോവ തന്നെയാണ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാനാണ് ഇവിടെയത്തുന്നത്. കോഴിക്കോട് ജില്ലയില്‍ പയ്യോളിയില്‍ നിന്നു മാറി തിരക്കൊഴിഞ്ഞ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് എങ്ങനെ മിനി ഗോവയായി എന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ. അത് ഭംഗി തന്നെയാണ്. ഗോവയ്ക്ക് സമാനമായ കാഴ്ചകളും മണല്‍ ബീച്ചുമാണ് ഇവിടുത്തെ പ്രത്യേകത. ബീച്ചിലെത്തി കുറച്ചകലേക്ക് നോക്കിയാല്‍ കടലും പുഴയും സംഗമിക്കുന്ന ഇടം കാണാം. ഇവിടുത്തെ കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചവയും അത് പിന്നീട് വളര്‍ന്നു പടര്‍ന്നവയുമാണ്. ഉദയവും അസ്തമയും കാണുവാനാണ് കൂടുതലും ആളുകള്‍ ഇവിടേക്ക് വരുന്നത്.
ഇവിടേക്കുള്ള യാത്രയില്‍ കാണുന്ന കോട്ടക്കപ്പുരം ബീച്ചും പ്രത്യേകതകള്‍ നിറഞ്ഞതാണ്. കുഞ്ഞാലിമരക്കാരുടെ കോട്ടയോട് ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാല്‍ വെള്ളിയാങ്കല്ലും കാണാം. കോട്ടപ്പുറം കടലിന്റെ ഒരറ്റത്തായാണ് ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ വെള്ളിയാങ്കല്ല് ഉള്ളത്. കോഴിക്കോട് നിന്നാണ് വരുന്നതെങ്കില്‍ 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലെത്തി, അവിടുന്ന് മൂരാട് പാലം കടന്ന് പയ്യോളിയില്‍ വരണം. പയ്യോളിയില്‍ നിന്ന് മുന്നോട്ട് പോയി റെയില്‍വേ രണ്ടാം ഗേറ്റ് കടന്ന് ചെല്ലുന്ന ഇടുങ്ങിയ റോഡിലൂടെ യാത്ര തുടര്‍ന്നാല്‍ എത്തുന്നത് തീരത്തോടു ചേര്‍ന്ന റോഡിലേക്കാണ്. മുന്നോട്ട് നീണ്ട തെങ്ങിന്തോപ്പ് കാണാം. ഇതിനിടയിലൂടെയുള്ള റോഡിലൂടെ പോയാല്‍ കൊളാവിപ്പാലത്തിന്റെ കാഴ്ചകള്‍ കണ്ട് ഒരു പാര്‍ക്കിങ് ഏരിയയില്‍ എത്തും.
വണ്ടിയുമായി വരുന്നവര്‍ ഇവിടെ വേണം പാര്‍ക്ക് ചെയ്യുവാന്‍. ഇനി യാത്ര ചെറിയൊരു കുറ്റിക്കാടിലൂടൊണ്. കുറച്ചു മുന്നോട്ട് ചെന്നാല്‍ യാത്ര കണ്ടല്ക്കാടുകള്ക്കുള്ളിലൂടെയാകും. കോട്ടക്കടപ്പുറം ബീച്ച് കഴിഞ്ഞ് മുന്നോട്ട് പോയാല്‍ മിനി ഗോവയിലെത്താം. കാടിനു നടുവിലൂടെയുള്ള ഒരു ബീച്ച് ഒരു പക്ഷേ, ഇതു മാത്രമായിരിക്കാം കേരളത്തില്‍. വൈകുന്നേരങ്ങളിലാണ് ഇവിടേക്കുള്ള യാത്രയെങ്കില്‍ വെളിച്ചം കരുതാം. പകലുകള്‍ ശാന്തമായി ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ് മിനി ഗോവയും അടുത്തുള്ള കോട്ടപ്പുറം ബീച്ചും. കോഴിക്കോട് നിന്നുള്ള വൈകുന്നേര യാത്രകള്‍ക്ക് പറ്റിയ ഇടമാണിത്.