റിയാദ്: വീട്ടുജോലിക്കാരുടെ ശമ്പള വിതരണത്തില്‍ പുതിയ നിയമം കൊണ്ടുവന്ന് സൗദി അറേബ്യ. നിയമപ്രകാരം പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി നല്‍കാനാവില്ല. പകരം ശമ്പളം ഡിജിറ്റല്‍ വാലറ്റുകളിലൂടെ കൈമാറണമെന്നാണ് നിര്‍ദേശം. ജൂലൈ ഒന്ന് മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിയമം നടപ്പാക്കുന്നത്.
ശമ്പളം നല്‍കാത്ത കേസുകളിലടക്കം ഇനി തെളിവായി ഡിജിറ്റല്‍ ആപ്പിലെ രേഖ ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ, ഡിജിറ്റല്‍ വാലറ്റുകളിലൂടെയോ ശമ്പളം നല്‍കാവുന്നതാണ്. നിലവില്‍ അംഗീകൃത ഡിജിറ്റല്‍ വാലറ്റ് സൗകര്യം ലഭിക്കുന്ന നിരവധി ആപ്പുക്കുകള്‍ രാജ്യത്ത് ലഭ്യമാണ്. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഈ നിയമം ബാധകമാവുക.
തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ ശമ്പളം കൈമാറാനും അഡ്വാന്‍സ് പേയ്മെന്റ് നല്‍കാനും ഇത്തരം അപ്പുകളോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരിക്കണം. ആപ്പിലെ സാലറി ഐക്കണ്‍ ഓപ്ഷന്‍ വഴിയാണ് ശമ്പളം നല്‍കേണ്ടത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കുന്നത്. റിക്രൂട്ട്മെന്റ് നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ പരാതികള്‍ പരിഹരിക്കുന്നതിനുമായി ‘മുസാനിദ്’ പ്ലാറ്റ്ഫോം സംവിധാനവും നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്.