ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.
സൗഹൃദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്.
ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബിഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ അമീറായിരുന്നു.
എന്നാൽ ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.
ഈ സീസണിൽ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം.
ബിഗ് ബോസ് മലയാളം സീസൺ 6 മായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളിൽ ഒന്നായിരുന്നു സായി കൃഷ്ണയെ ജാസ്മിൻ ജാഫറിന്റെ പിതാവ് ഫോണിൽ ബന്ധപ്പെട്ടും ഗബ്രിയെ തെറി വിളിച്ചതും. ഈ ഫോൺകോളിന്റെ ചില ഭാഗങ്ങൾ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ സായി കൃഷ്ണ തന്നെ വെളിപ്പെടുത്തുകയാണ്.
ഞാൻ ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് വിവി (യൂട്യൂബർ) അടക്കമുള്ളവരെ ഉൾപ്പെടുത്തി എന്നെ സപ്പോർട്ട് ചെയ്യുന്നതിനായി ഞാൻ തന്നെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരുന്നു. നമുക്ക് പിആർ ഒന്നുമില്ല, ലക്ഷളുമില്ല. അതിനായി ഒരു ആയിരം രൂപ പോലും എവിടേയും കൊടുത്തിട്ടുമില്ല. അതുകൊണ്ട് സുഹൃത്തുക്കളൊക്കെ പിടിച്ച് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്.
പുറകിൽ നിന്ന് കുത്തില്ലെന്ന് ഉറപ്പുള്ളവരായിരുന്നു അതിൽ ഉണ്ടായിരുന്നു. വിവി കൃത്യമായി ജാസ്മിന് പിആർ ചെയ്യുന്ന ആളാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഗ്രൂപ്പില് ആഡ് ചെയ്തത്. പലരും ചോദിച്ചിരുന്നു അവനെ ആഡ് ചെയ്യണമോയെന്ന്. അവനെ ഞാൻ ഒരു സുഹൃത്തായിട്ടാണ് കണ്ടത്. അതുകൊണ്ടാണ് അദ്ദേഹം ഗ്രൂപ്പിൽ വന്നതെന്നും സായി വ്യക്തമാക്കുന്നു.
ഞാനും ജാസ്മിന്റെ പിതാവ് ജാഫർക്കയും തമ്മിലുള്ള ഫോൺകോളിന്റെ തുടക്കം വരുന്നത് വിവിയിലൂടെയാണ്. വിവിയാണ് ജാഫർക്കയെ വിളിച്ച് സായി ബിഗ് ബോസിലേക്ക് പോകുന്നുണ്ടെന്നും അവനോട് കാര്യങ്ങൾ സംസാരിക്കാമെന്നും പറയുന്നത്. ജാഫർക്ക ഒരിക്കലും ഞങ്ങളെ വിളിക്കാൻ തയ്യാറായിരുന്നില്ല. എനിക്കും താൽപര്യമുണ്ടായിരുന്നില്ല. എനിക്ക് ജാഫർക്കയോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് ദിയ ചേച്ചിയോട് (ദിയ സന) വ്യക്തമാക്കിയതാണ്. ഫോൺ കോളിന്റെ മുഴുവൻ റെക്കോർഡും പുറത്ത് വന്നാൽ അത് വ്യക്തമാകും.
ജാഫർക്കയെ നിരന്തരം പരിശ്രമത്തിന് ഒടുവിൽ അവർ കൺവീൻസ് ചെയ്തു. ദിയ ചേച്ചിയുടെ നമ്പറിൽ നിന്ന് വിളിച്ചതുകൊണ്ടാണ് ഞാൻ ഫോൺ വിളിച്ചത്. വിവി കോൾ റെക്കോർഡ് ചെയ്യുമെന്ന് നിരന്തരം ഞാൻ പറയുന്നുണ്ടായിരുന്നു. അവൻ അത് ചെയ്യുകയും ചെയ്തു. എന്തായാലും ജാഫർക്ക എന്നോട് സംസാരിച്ചു. ഗബ്രിയെ കുറെ ചീത്തയും പറയുന്നുണ്ട്. ഒരു പിതാവ് എന്ന നിലയിൽ നിങ്ങൾ പറയുന്നതിനെ മാനിക്കുന്നു. ഞാൻ എന്റെ ഗെയിം കളിച്ചോളാമെന്നായിരുന്നു എന്റെ മറുപടി.
ആ ഫോൺ വെച്ചതിന് ശേഷം ദിയ ചേച്ചി വീണ്ടും വിളിച്ചിരുന്നു. അങ്ങേര് അങ്ങനെ പലതും പറയുമെങ്കിലും എനിക്ക് എന്റേതായ നിലപാട് ഉണ്ട്, അത് ഞാൻ ചെയ്യുമെന്നാണ് അപ്പോഴും പറഞ്ഞത്. ജാസ്മിൻ ജാഫറിനെ വർഷങ്ങൾക്ക് മുമ്പ് തന്നെ അറിയുന്ന വ്യക്തിയാണ് ഞാൻ. അവളുടെ ഉപ്പ് വിളിക്കുന്നതിന് മുന്ന് തന്നെ അവളോട് ചില കാര്യങ്ങൾ പറയണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അവളെ ഹെൽപ്പ് ചെയ്യുന്ന രീതിയിൽ തന്നെയാണ് ഞാൻ സംസാരിച്ചത്.
ഗബ്രിയിൽ നിന്നും മാറിയാൽ ജാസ്മിൻ നല്ല രീതിയിൽ കളിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതൊരു ഗെയിം പ്ലാനും അവൾക്ക് ഹെൽപ്പുമായിരുന്നു. ഇപ്പം നിന്നോട് പറഞ്ഞ കാര്യം എന്താണെന്ന് നിനക്ക് ഇവിടെ നിൽക്കുമ്പോൾ മനസ്സിലാകില്ല, പുറത്ത് എത്തുമ്പോൾ അറിയുകയും നീ വന്ന് എന്നെ കെട്ടിപ്പിടിക്കുകയും ചെയ്യുമെന്നും പറഞ്ഞു. അത് തന്നെ സംഭവിച്ചു. അവൾ വന്ന് കരഞ്ഞ് കെട്ടിപ്പിടിച്ചെന്നും സായി കൂട്ടിച്ചേർക്കുന്നു