Health

എന്താണ് സിക വൈറസ്? കാരണങ്ങളും പ്രതിരോധവും

ഡെങ്കി, ചിക്കുന്‍ ഗുനിയ തുടങ്ങിയവ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക വൈറസ്. സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പിന്നീട് ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകള്‍, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, തലവേദന, ഛര്‍ദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാ തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും സിക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലേയ്ക്ക് വരെ എത്താം.

വൈറസ് വഹിക്കുന്ന ഗര്‍ഭിണികള്‍ക്ക് വൈറസ് ഗര്ഭപിണ്ഡത്തിലേക്ക് പകരാം, ഇത് ജനിക്കുന്ന കുട്ടിയുടെ മൈക്രോസെഫാലി (അപൂര്‍ണ്ണമായ മസ്തിഷ്‌ക വികസനം) പോലുള്ള ജനന വൈകല്യങ്ങള്‍ക്ക് ഇടയാക്കും. സിഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, സിക്ക വൈറസ് ബാധിച്ച സ്ത്രീകള്‍ക്ക് ജനിക്കുന്ന ഏഴ് ശിശുക്കളില്‍ ഒരാള്‍ക്ക് ചെറിയ തലകള്‍, മസ്തിഷ്‌ക ക്ഷതം, കാഴ്ച അല്ലെങ്കില്‍ ശ്രവണ വൈകല്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്നു.

സിക്ക വൈറസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

പനി

തിണര്‍പ്പ്

പേശി അല്ലെങ്കില്‍ സന്ധി വേദന

കണ്‍ജങ്ക്റ്റിവിറ്റിസ്

ശരീര വേദന

ഛര്‍ദ്ദി

തലവേദന

അതിസാരം

സിക്ക വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?

1. കൊതുക് കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം.

2. ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുക.

3. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം.

4. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മാത്രമല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.