Tech

എന്തുകൊണ്ട് നിങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണം? പ്രത്യേകതകളും ഗുണങ്ങളും

അടുത്തകാലത്തായി വാഹനവിപണിയില്‍ വന്ന ഏറ്റവും വലിയ മാറ്റമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വരവ്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ഇലക്ട്രിക് വാഹനം[ഇവി] വാങ്ങുകയാണെങ്കില്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചും വാഹനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം;

1. കുറഞ്ഞ പരിപാലന ചെലവ്

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ഏറ്റവും പ്രേരിപ്പിക്കുന്ന ഘടകവും ഏറ്റവും വലിയ ഗുണവും വാഹനത്തിന്റെ കുറഞ്ഞ മെയിന്റെന്‍സാണ്. നിങ്ങള്‍ ഐസി എഞ്ചിന്‍ ഉള്ള ഒരു കാര്‍ വാങ്ങുകയാണെങ്കില്‍, തീര്‍ച്ചയായും വാഹനത്തിന് മെക്കാനിക്കല്‍ പ്രശ്‌നങ്ങളും പരിപാലനവും ഏറെ ആവശ്യമായി വരും. EVകള്‍ പരിപാലിക്കാന്‍ എളുപ്പമാണ്.

2. ശബ്ദമലിനീകരണം ഇല്ല

ശബ്ദരഹിതമായ പ്രവര്‍ത്തന ശേഷിയാണ് ഇവിയുടെ മറ്റൊരു നേട്ടം. ഹുഡിന് കീഴില്‍ എഞ്ചിനില്ലാത്തതിനാല്‍ തന്നെ ശബ്ദവും ഇല്ല. ഇലക്ട്രിക് മോട്ടോര്‍ വളരെ നിശബ്ദമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രായോഗിക വശം കണക്കിലെടുക്കുമ്പോള്‍, എഞ്ചിന്‍ ഉള്ള ഒരു കാറിന്റെ ക്യാബിന്‍ നിശ്ബദ്മാകുന്നതിന് പരിധികള്‍ ഉണ്ട്. എന്നാല്‍ ഇവിയുടെ ക്യാബിന്‍ വളരെ നിശബ്ദമാണ് അതിനാല്‍ തന്നെ ഇവിയിലുളള യാത്ര വളരെ സുഖപ്രദമാണ്.

3. നികുതിയും സാമ്പത്തിക ആനുകൂല്യങ്ങളും

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസും റോഡ് നികുതിയും പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് കുറവാണ്. നിങ്ങള്‍ ഏത് സംസ്ഥാനത്താണ് എന്നതിനെ ആശ്രയിച്ച് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പോളിസികളും ഇന്‍സെന്റീവുകളും ഉണ്ട്.

4. ഇന്ധനവില വര്‍ധനവിനെ ഭയക്കേണ്ട

നിങ്ങള്‍ ഒരു EV വാങ്ങുകയാണെങ്കില്‍, ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വിലകളെക്കുറിച്ച് വിഷമിക്കേണ്ടി വരില്ല. ആഗോള വിലയെ ആശ്രയിച്ച് സര്‍ക്കാര്‍ ഇന്ധന വിലയില്‍ മാറ്റം വരുത്തുമ്പോള്‍ സങ്കടപ്പെടേണ്ട, പകരം സന്തോഷത്തോടെ ഇരിക്കു കാരണം നിങ്ങള്‍ക്ക് അത് മൂലം ഒരു തരത്തിലുമുളള ബുദ്ധിമുട്ടുണ്ടാവില്ല.

5. വീട്ടിലിരുന്ന് ചാര്‍ജ് ചെയ്യാം

നിങ്ങള്‍ ഒരു ഇവി സ്വന്തമാക്കിയാല്‍ വീട് തന്നെ ഒരു ചാര്‍ജിങ്ങ് സ്റ്റേഷനാകും. ഇനി നിങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മറന്നു പോയാല്‍ 60 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജുചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ഫെസിലിറ്റിയോടെയാണ് ഇപ്പോഴത്തെ ഇവികള്‍ വിപണിയില്‍ വരുന്നത്.

6. അനായാസമായ ഡ്രൈവിങ്ങ്

എല്ലാ ഇലക്ട്രിക് വാഹനങ്ങളും ഗിയര്‍ലെസ് ആണ്. ഗിയര്‍ മാറുകയോ ക്ലച്ച് അമര്‍ത്തുകയോ വേണ്ട എന്നത് തന്നെയാണ് ഏറ്റവും സുഖപ്രദമായ കാര്യം. വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന ബട്ടണുകളും പെഡലുകളും മാത്രമേ നിങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വരുന്നുളളു.

7. പരിസ്ഥിതി സൗഹൃദം

EV വാങ്ങുന്നതിലൂടെ നിങ്ങളുടെ വാഹനം കാര്‍ബണ്‍ പുറന്തളളുന്നത് കുറയ്ക്കാന്‍ സാധിക്കുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇവികള്‍.