കര്‍ണാടകയില്‍ ഒരു മിനി കേരളം ഉണ്ടെന്നുളള കാര്യം എത്ര മലയാളികള്‍ക്കറിയാം? എങ്കില്‍ കേട്ടോളൂ മലയാളത്തിലുള്ള ബോര്‍ഡുകളും, എവിടെ നോക്കിയാലും മലയാളത്തില്‍ സംസാരിക്കുന്നവരുമായി ഒരു കൊച്ച് കേരളം ഉണ്ട് അങ്ങ് കര്‍ണാടകത്തില്‍. നരസിംഹ രാജപുരം എന്നാണ് കര്‍ണാടകയിലുളള ദൈവത്തിന്റെ സ്വന്തം നാടിന്റെ പേര്. ചിക്കമംഗളൂരുവിലെ ചെറിയൊരു താലൂക്കാണ് ഈ സ്ഥലം.
പ്രകൃതിരമണീയമായ ചിക്കമംഗലൂരിലെ നരസിംഹ രാജപുരത്ത് ചെന്നാല്‍ കാണാം നിരവധി അനവധി മലയാളികടകളും മലയാളികളെയും. ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാടും നാട്ടുകാരെയും വിട്ടുപോകുന്ന കര്‍ണാടകയിലുള്ള മലയാളികള്‍ക്ക് ഒരു പക്ഷേ ഒരാശ്വാസമായിരിക്കും ഈ സ്ഥലം. പെട്ടെന്നൊരു നിമിഷം തോന്നിപ്പോകും ഞാന്‍ കേരളത്തിലാണോ എന്ന്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടെ ഒരു മലയാളി കാണും എന്ന് തമാശ രൂപേണ പലരും പറയാറുണ്ടെങ്കിലും ഇവിടം കണ്ടാല്‍ നമ്മള്‍ ശരിക്കും ഞെട്ടിപ്പോകും. വെറും ഒന്നും രണ്ടും ഒന്നുമല്ല 2500 കുടുംബങ്ങളിലായി പതിനായിരത്തിലധികം മലയാളികളാണ് നരസിംഹ രാജപുരത്തുള്ളത്. നരസിംഹ രാജപുരത്തെ കടകളിലേക്ക് നോക്കിയാല്‍ നമുക്ക് ഒട്ടും തന്നെ പരിചയക്കുറവ് തോന്നില്ല. കാരണം എന്താണെന്നോ, ‘ചാക്കോച്ചിയുടെ ഹോട്ടല്‍, അച്ചായന്റെ പന്നിക്കട, എല്‍ദോയുടെ റബ്ബര്‍ കട’.. അങ്ങനെ അങ്ങനെ നീളുന്നു മലയാളികളുടെ കടകള്‍. വളരെ സ്‌നേഹത്തോടെ പെരുമാറുന്ന മലയാളി ഓട്ടോ ചേട്ടന്മാരും ഒരുപാടുണ്ട് അവിടെ.
മലയാളികള്‍ പണിത അയ്യപ്പക്ഷേത്രം, ആശുപത്രികള്‍ , സ്‌കൂളുകള്‍, വിവിധ സഭകളുടേതായി 24 പള്ളികള്‍ എന്നിങ്ങനെ തുടങ്ങി നിരവധി മലയാളിത്തമുളള കാഴ്ചകള്‍ കാണാം അവിടെ. ഇതിന് പുറമെ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍വരെ മലയാളികളായുണ്ട്. ജില്ലാ ആസ്ഥാനമായ ചിക്കമംഗളൂരുവില്‍ നിന്ന് 86 കിലോമീറ്ററും മൈസൂരില്‍ നിന്ന് 250 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 320 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. 55 കിലോമീറ്റര്‍ അകലെയുള്ള ശിവമോഗയാണ് ഏറ്റവും അടുത്തുള്ള പ്രധാന നഗരം. വനവും കൃഷിഭൂമിയും ധാരളമുണ്ട് അവിടെ. ഇളംതണുപ്പുള്ള കാലാവസ്ഥ. ഡിസംബര്‍ മാസത്തില്‍ തണുപ്പു കൂടും.