നല്ല മീൻ പൊരിച്ചതിന് വെറും മുപ്പത് രൂപ…ഇവിടെ ഉള്ള ഇഡ്ഡലി കഴിക്കാൻ വരുന്നവരുടെ എണ്ണം എടുത്താൽ തികയില്ല..എവിടെ എന്നല്ലേ..നെയ്യാറ്റിൻകരയിലെ ജനങ്ങളുടെ ഹൃദയത്തിലെ താരം – താര ഹോട്ടൽ, ഇവിടെ ആണ് സംഭവം..
രാവിലെ ദോശ, അപ്പം, വടകൾ, കിഴങ്ങു കറി എന്നിവയും കാണും. സീസൺ അനുസരിച്ച് കണവ തുടങ്ങിയ മീനുകളും കാണാവുന്നതാണ്. വൈകുന്നേരം ചായയില്ല. 3-4 ഐറ്റം സുലൈമാനി, ഇടിയപ്പം, പെനേട്ട, ഗോതമ്പ് പുട്ട്, അരി പുട്ട്, റവ പുട്ട്, ചപ്പാത്തി എന്നിവ വൈകുന്നേരങ്ങളിൽ ലഭ്യമാണ്.
അര നൂറ്റാണ്ട് ആകാറായി ഈ ഭക്ഷണയിടത്തെ ജനങ്ങൾ മാറിലേറ്റിയിട്ട്. ഇത് താരാ ഹോട്ടൽ. നെയ്യാറ്റിൻകരയുടെ താര ഹോട്ടൽ.
പുറമേ നിന്ന് കണ്ടാൽ ഒരു ചെറിയ ചായക്കടയായി തോന്നാം, പ്രത്യേകിച്ച് മുന്നിൽ തന്നെ ഒരു ചേട്ടൻ ചായടിച്ച് കൊണ്ട് നില്ക്കുമ്പോൾ അതു കുടിക്കാൻ സല്ലാപങ്ങളുമായി വഴിയരികിൽ നാട്ടുകാരും. ഒറ്റ നോട്ടത്തിൽ പഴയ നൊസ്റ്റാൾജിയ നാട്ടുമ്പറം കാഴ്ചകൾ. ഒരു പ്രഭാതത്തിലെ ചിത്രങ്ങളാണിവ…
ആലുംമൂട് ഗവർണ്മെൻറ് ഗേൾസ് ഹൈസ്ക്കൂളിന് അരികിലായി വണ്ടി നിർത്തി, പഴയ വില്ലേജ് ഓഫീസിന് എതിർവശമുള്ള താര ഹോട്ടലിലേക്ക്, ഇപ്പോളവിടെ വില്ലേജ് ഓഫീസിന് പകരം കേരള ബാങ്ക് M&E ആണ്.
രാവിലെ എട്ടരയ്ക്കകം ഇവിടത്തെ ചമ്മന്തിയും ഇഡ്ഡലിയും തീർന്ന് പോകുമെന്ന് അറിഞ്ഞ് രാവിലെ ഏഴരയ്ക്കേ എത്തിയതാണിവിടെ.
ഭക്ഷണയിടത്തിലോട്ടുള്ള പ്രവേശന കവാടത്തിന് മുന്നിൽ വലത് വശത്തായി ഒരു കൊമ്പൻമീശക്കാരനും കുടയും പിടിച്ചിരിക്കുന്ന ഒരു വയസ്ലായ മനുഷ്യനെ കാണാം കൊമ്പൻ മീശക്കാരനും വയസ്സായ മനുഷ്യനും ഒന്നു തന്നെ. അദ്ദേഹത്തിന്റെ പ്രായത്തിലെ രണ്ടു കാലഘട്ടങ്ങളുടെ ചിത്രങ്ങൾ. കാലത്തിന്റെ കുത്തൊഴുക്കിൽ ആ ഭൗതിക ശരീരം മറഞ്ഞ് പോയെങ്കിലും ദീപ്തമായ ചിത്രങ്ങളിലൂടെ ആ നിറസാന്നിധ്യം ഇവിടെ കാണാം. സ്വന്തം മകളുടെ പേരായ താര എന്ന പേരിൽ തുടങ്ങിയ താര ഹോട്ടലിന്റെ സ്ഥാപകനായ ശ്രീ തങ്കപ്പൻ നായരുടെ ചിത്രമാണിത്.1975 ലാണ് താര ഹോട്ടലിന്റെ ഉത്ഭവം. 35 വർഷം നെയ്യാറ്റിൻകര മുൻസിപ്പൽ കൗൺസിലറായിരുന്നു നാട്ടുകാർ സ്നേഹത്തോടെ ബംഗാളി തങ്കപ്പണ്ണൻ എന്ന് വിളിച്ചിരുന്ന ശ്രീ തങ്കപ്പൻ നായർ. അച്ഛനിൽ നിന്ന് കാലം മകനായ ശ്രീ ഗോപികൃഷ്ണന്റെ (അനി ചേട്ടൻ) കൈകളിലേക്ക് 1995 ൽ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചു കൊടുത്തു. മൂന്നാം തലമുറയിലെ ശ്രീ അനന്തുവും, അനി ചേട്ടന്റെ മകൻ, അച്‌ഛന് സഹായമായി അവിടെ ഉണ്ട്.
വാഴയില പെട്ടെന്ന് തന്നെ മുന്നിലെത്തി. “ചേട്ടാ ഇഡ്ഡലിയും ചമ്മന്തിയും”. ഇലയിൽ തൂവെള്ള ഇഡ്ഡലി ഹാജർ, അതിന് മുകളിൽ ചമ്മന്തി ഇങ്ങനെ ധാര ധാരയായി കോരി ഒഴിച്ച് തരും. അതിങ്ങനെ കഴിച്ച് തീർത്തപ്പോൾ അടുത്ത നോട്ടം ആ മൃദുലമായ ഇടിയപ്പത്തിലോട്ടായി അതിന് പറ്റിയ താറാവ് മുട്ടക്കറിയും. മധുരമില്ലാത്ത അത്യാവശ്യം എരിവുള്ള മുട്ടക്കറിയും കിടു. ആ എരിവിൽ ആ കിടുക്കാച്ചി ചൂടു ചായ കൂടിയായപ്പോൾ ശുഭം.ഉച്ചയ്ക്ക് നല്ല തിരക്കുണ്ടായിരുന്നു. കൈ കഴുകാൻ ചെറിയ ഒരു ക്യൂ പോലെ മുന്നിൽ രണ്ട് പേർ. വാഴയില വീണ്ടും മുന്നിലെത്തി. ഇലയിൽ അവിയലും, ബീറ്റ്റൂട്ട് കിച്ചടിയും, ഇഞ്ചിയും, മരിച്ചിനിയും. എല്ലാ കറികളും വളരെ മികച്ചു നിന്നു. കറികൾ ഇലകളിൽ നിന്ന് ഒഴിഞ്ഞാലും എത്ര തിരക്കിലും ചുറ്റും പരതേണ്ടതില്ല. കറികൾ തീരുന്നതനുസരിച്ച് അമാന്തമില്ലാതെ അവ വിളമ്പി തരും. അവിടത്തെ ഓരോ ജീവനക്കാരും താരാ ഹോട്ടലിന്റെ ഉടമസ്ഥരാണെന്ന് തോന്നും. ആ രീതിയിൽ ഓരോരുത്തരും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നതായി തോന്നി.
പരിപ്പും സാമ്പാറും പുളിശ്ശേരിയും മോരുമെല്ലാം വളരെ നല്ലത്. മീൻ ചാറ് തീർന്ന് പോയെങ്കിലും ചാള മീൻ പൊരിച്ചത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. ചാളയല്ലാതെ നെത്തോലി മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. മീനും മരിച്ചിനിയും ചോറും കറികളും കൂട്ടി വളരെ രുചിയോടെ കഴിച്ച് ഇറങ്ങി.