ആറ് മാസം വരെ പൊതുവെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാൽ മാത്രമേ നൽകൂ. ആറ് മാസത്തിന് ശേഷം കുഞ്ഞുങ്ങൾക്ക് കുറുക്കുകൾ കൊടുത്താണ് ഭക്ഷണം നൽകാൻ ആരംഭിക്കുന്നത്. റാഗി, സൂചി ഗോതമ്പ്, ഏത്തയ്ക്ക തുടങ്ങി വ്യത്യസ്തമായ പലത്തരം കുറുക്കുകളാണ് ആദ്യം നൽകുന്നത്. പിന്നീട് പതുക്കെ ചോറും മറ്റ് ഭക്ഷണങ്ങളും നൽകാവുന്നതാണ്. പക്ഷെ ചില കുഞ്ഞുങ്ങൾ എത്ര ശ്രമിച്ചാലും ഭക്ഷണം കഴിക്കാൻ താത്പര്യം കാണിക്കാറില്ല. ഭക്ഷണം കഴിക്കാൻ പൊതുവെ മടിയുള്ള കുഞ്ഞുങ്ങളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ കഴിയില്ല. വളരെ കുറഞ്ഞ അളവിൽ ആണെങ്കിലും പോഷക മൂല്യമുള്ള ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് വരുത്താൻ ശ്രമിക്കുക. ആരോഗ്യം നിലനിർത്തുക എന്നതാണ് പ്രധാനം അതുകൊണ്ട് പോഷകങ്ങളുടെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ല.കുഞ്ഞിനെ നിർബന്ധിച്ച് ഭക്ഷണം കഴിക്കുന്നതിൽ കാര്യമില്ല. അവർ നിരസിക്കുകയാണെങ്കിൽ അൽപ്പ സമയത്തിന് ശേഷം വീണ്ടും നൽകി നോക്കുക.കുഞ്ഞുങ്ങൾക്ക് നിറങ്ങളും രൂപങ്ങളും പൊതുവെ വളരെ ഇഷ്ടമായിരിക്കാം. അതുകൊണ്ട് തന്നെ പല നിറത്തിലും രൂപത്തിലും ഭക്ഷണങ്ങൾ തയാറാക്കാൻ ശ്രമിക്കുക. ഭക്ഷണം കൊടുക്കുന്നതിന് മുൻപ് മാതാപിതാക്കൾ അത് കഴിച്ച് കാണിക്കാൻ ശ്രമിക്കണം. ഭക്ഷണത്തിൻ്റെ രുചിയും മണവുമൊക്കെ അവർ മനസിലാക്കാനും അറിയാനും സമയം എടുക്കും. പുതിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുമ്പോൾ അവർ അത് കഴിക്കാൻ ചിലപ്പോൾ സമയം എടുക്കും. നിരവധി തവണ കൊടുത്താൽ മാത്രമേ ചില സമയത്ത് കുഞ്ഞുങ്ങൾ ഒരു ഭക്ഷണത്തോട് ഇഷ്ടം പ്രകടിപ്പിക്കുക. പല രുചികളിൽ പല രീതിയിൽ ഭക്ഷണങ്ങൾ മാറി മാറി നൽകാൻ ശ്രമിക്കുക. 20 തവണ വരെ കൊടുത്താൽ മാത്രമേ ഭക്ഷണങ്ങൾ രുചിക്കാൻ കുഞ്ഞുങ്ങൾ തയാറാകൂ എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.