Celebrities

നടന്‍ സിദ്ദിഖിന്റെ മകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം-Malayalam cinema pays condolence to actor Siddique’s son

വില്ലന്‍ കഥാപാത്രങ്ങളും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ അവതരിപ്പിച്ച് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടനാണ് സിദ്ദിഖ്. ഇന്ന് രാവിലെയാണ് സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് അന്തരിച്ച വാര്‍ത്ത പുറത്ത് വന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം. വൈകിട്ട് നാല് മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ വെച്ചായിരുന്നു ഖബറടക്കം.

സിനിമ മേഖലയില്‍ നിന്നും നിരവധി സഹപ്രവര്‍ത്തകരാണ് സിദ്ദിഖിന്റെ മകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഓടിയെത്തിയത്. ആന്‌റണി പെരുമ്പാവൂര്‍, ദിലീപ്, കാവ്യ മാധവന്‍, റഹ്‌മാന്‍, ഫഹദ് ഫാസില്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്‍, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ഷാഫി, ജയന്‍ ചേര്‍ത്തല, ഇടവേള ബാബു, ബാബുരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധിപേരാണ് റാഷിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. നടന്‍ മമ്മൂട്ടി യുകെയില്‍ ആയിരുന്നതിനാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റാഷിന്റെ വിയോഗത്തില്‍ മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് ഹൃദയസ്പര്‍ശി ആയിരുന്നു. ‘സാപ്പി മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സിദ്ദീഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്റെ ജന്മദിനം കുടുംബം ആഘോഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നല്‍കിയിരുന്നു. റാഷിന്റെ മാതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു. മകനെ പൊതു ഇടങ്ങളില്‍ സിദ്ദിഖ് കൊണ്ട് വരുകയോ മകനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെക്കുറിച്ച് അറിയുമായിരുന്നത്. ഭീന്നശേഷിക്കാരനായ മകന് സമൂഹത്തിന്റെ സഹതാപം വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന്, തന്റെ മകന് സാധാരണ ജീവിതം നല്‍കാനുമായിരുന്നു താരം മകനെ എല്ലാത്തില്‍ നിന്നും മാറ്റി നിര്‍ത്തിയത്.