നമുക്കൊരു യാത്ര പോയാലോ… അടുത്തൊന്നും അല്ല കേട്ടോ.. ഒരു ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ.. അതിശയിക്കണ്ട കാര്യമായിട്ട് പറഞ്ഞതാണ്.. ദൗലത്താബാദിന്റെ ചരിത്രം എന്ന് കേട്ടിട്ടുണ്ടോ?, ഇന്ത്യാ ചരിത്രത്തിൽ ” ബുദ്ധിമാനായ വിഡ്ഢി ” എന്ന് രേഖപ്പെടുത്തപ്പെട്ട മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ചരിത്രം, ലോകം വെട്ടിപ്പിടിക്കാൻ ഒരുങ്ങിയിറങ്ങി, ഒടുവിൽ കാലം എന്ന മഹാ സാമ്രാട്ടിന് മുന്നിൽ നിശബ്ദമായി ആയുധം വച്ച് കീഴടങ്ങിയവരെ അറിയാമോ? ഇല്ലെങ്കിൽ പറഞ്ഞു തരാം, കേട്ടോളൂ..
അങ്ങ് ഡൽഹിയിൽ സിംഹാസനത്തിൽ കയറിയിരുന്നു രാജ്യം ഭരിക്കവെയാണ് മുഹമ്മദ് ബിൻ തുഗ്ലക്കിന് ആ ബോധോദയം ഉണ്ടാകുന്നത്.
രാജ്യ തലസ്ഥാനം അതിർത്തിക്ക് അടുത്താണ്, ലോകം കീഴടക്കാനിറങ്ങിയ മംഗോളുകൾ കയറി വന്നാൽ ആദ്യം പോകുന്നത് തന്റെ തല ആവും, അതിനാൽ രാജ്യത്തിന്റെ തലസ്ഥാനം കുറച്ചു പുറകിലോട്ടു മാറ്റി സ്ഥാപിക്കണം. ഇത്തിരി പുറകോട്ട് വെറും ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ പുറകിലോട്ട്.
ഉത്തരവ് കിട്ടിയതോടെ മന്ത്രിമാരും പൗര പ്രമുഖരും അടക്കമുള്ള ആളുകൾ നടത്തം തുടങ്ങി.കുട്ടികളെയും എടുത്ത്, കുടുംബത്തെയും കൂട്ടി, കെട്ടും ഭാണ്ഡവും നാൽക്കാലികളും, സമ്പാദ്യവും ഒക്കെ എടുത്താണ് നടപ്പ്.ഉത്തരേന്ത്യയിലെ വേനൽക്കാലമാണ് അന്ന്.പലരും യാത്രക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു, പലർക്കും തീരാവ്യാധികൾ പിടിപെട്ടു.
അങ്ങനെ ക്ഷീണിച്ചു തളർന്ന, ഉറ്റവരെയും ഉടയവരെയും വഴിയിൽ ഉപേക്ഷിച്ച, ഒരു ജനപദം നടന്നു കയറിയ പടവുകൾ. അതും കഴിഞ്ഞു ഏതാണ്ടൊരു എട്ടു കൊല്ലം കഴിഞ്ഞപ്പോഴാണ് തുഗ്ലക്കിന് രണ്ടാമത്തെ ബോധോദയം ഉണ്ടാകുന്നത്. അതായത് മംഗോളുകളെ പേടിച്ചാണ് താൻ അതിർത്തിയിൽ നിന്നും ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ പിന്നോട്ട് പോയി താമസം തുടങ്ങിയത് എങ്കിൽ, ഈ ആയിരത്തി അഞ്ഞൂറ് കിലോമീറ്റർ അകലെ ഇരുന്ന് അതിർത്തി നിയന്ത്രിക്കാനും പാടാണ്.ദാ വരുന്നു അടുത്ത കൽപ്പന. ഇവിടെ ഉള്ളവരെല്ലാം കൂടി കെട്ടിപ്പെറുക്കി വീണ്ടും ഡൽഹിക്കു തിരിച്ചു പോകണം. ജനം വീണ്ടും തിരിച്ചു നടന്നു.വീണ്ടും അനേകായിരങ്ങൾ വഴിയിൽ നരകിച്ചു മരിച്ചു വീണു.
ചരിത്ര സ്മാരകങ്ങളിൽ നിൽക്കുമ്പോൾ ആ മണ്ണ് സാക്ഷ്യം വഹിച്ച സന്ദർഭങ്ങളിലൂടെ കടന്നു പോവുക എന്നത് വല്ലാത്തൊരു അനുഭവമാണ്.
മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഇമ്മാതിരി വിക്രിയകൾ ഒക്കെ അൽപ്പ സ്വൽപ്പം ചരിത്ര താല്പര്യം ഉള്ളവർക്ക് അറിയുന്ന കാര്യങ്ങളാണ്.
എന്നാൽ ദൗലത്താബാദ് കോട്ടയുടെ കാര്യം അങ്ങനെ അല്ല.
ഈ കോട്ട നിർമ്മിച്ചത് യാദവ വംശജരായ രാജാക്കന്മാർ ആണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഏതാണ്ടൊരു ഇരുനൂറു മീറ്റർ പൊക്കമുള്ള ഒരു കുന്നിൻ മുകളിലാണ് ഈ കോട്ട.
അതിന്റെ ആദ്യത്തെ ഒരു അമ്പതു മീറ്റർ ഉയരം ഈ യാദവന്മാർ കുത്തനെ ചെത്തി എടുത്തിരിക്കുന്നു.
അമ്പതു മീറ്റർ എന്ന് പറഞ്ഞാൽ ഏതാണ്ട് ഒരു പത്തു പതിനഞ്ചു നില കെട്ടിടത്തിന്റെ ഉയരം അവന്മാർ ഈ കുന്നിനെ ചുറ്റോടു ചുറ്റും വെർട്ടിക്കലായി കുമ്പളങ്ങാ മുറിച്ചു മാറ്റുന്നപോലെ കട്ട് ചെയ്തിരിക്കുന്നു എന്നർത്ഥം.അതായത് നിലവിൽ ഈ കുന്ന് ഏതാണ്ടൊരു ശിവലിംഗത്തിന്റെ ആകൃതിയിൽ ആണുള്ളത്. മുകളിലോട്ടു കയറിപ്പറ്റുക അസാധ്യം.
തീർന്നില്ല.ഈ കുന്നിനു ചുറ്റുമായി ലവന്മാർ ഒന്നാംതരം ഒരു കിടങ്ങും പണി തീർത്തിട്ടുണ്ട്.
അതിൽ മുതലകളെയും കൊണ്ടുവന്നിട്ടിട്ടുണ്ടായിരുന്നു.
വെറും മുതലകളല്ല, 916 പരിശുദ്ധിയുള്ള, ഹാൾമാർക്ക് മുദ്രയുള്ള മുതലകൾ.
പിന്നെ ഈ കോട്ടയിലേക്കുള്ള ആകെ വഴി ഒരു കമാനമാണ്.
നിരത്തി വച്ചിരിക്കുന്ന പീരങ്കികൾ. ഒരു ഗ്യാലറി തന്നെയുണ്ട്.
ഉള്ളിലെ കാഴ്ചകൾ വിശാലമാണ്. പഴയ പട്ടാള ബാരക്കുകൾ, ഉദോഗസ്ഥരുടെ താമസ സ്ഥലങ്ങൾ, ധാന്യപ്പുരകളുടെ അവശിഷ്ടങ്ങൾ, കുളങ്ങൾ, വെള്ളക്കാരുടെ താമസപ്പുരകൾ, വെടിമരുന്നു സൂക്ഷിക്കുന്ന ഇടങ്ങൾ, പള്ളികൾ, ഒരു ക്ഷേത്രം, അങ്ങനെ പോകുന്നു.
എന്നാൽ ദൗലത്താബാദ് കോട്ടയിലേക്ക് കടന്നു ചെല്ലുന്ന ഏതൊരാളുടെയും ആകർഷണം പിടിച്ചുപറ്റുന്നതു വേറൊരു സംഗതിയാണ്.
ചാന്ദ് മിനാർ.ഇത് നമ്മുടെ കുത്തബ് മിനാർ പോലെ ഉയർന്നു നിൽക്കുന്ന ഒരു സ്തംഭമാണ്,പഴയ ഡെക്കാൻ രാജാവായ അലാവുദ്ധീൻ ബഹ്‌മാനി ഈ കോട്ട പിടിച്ചെടുത്തപ്പോൾ ആ ആവേശത്തിന് അങ്ങോര് പണികഴിപ്പിച്ചതാണ് ഈ മിനാർ. ഷാജഹാൻ ചക്രവർത്തിയൊക്കെ ഇതിന്റെ മുകളിലുള്ള ധ്യാന മണ്ഡപത്തിൽ ഇരുന്നു പ്രാർത്ഥിച്ചിരുന്നു എന്ന് പറയപ്പെടുന്നു. എന്തായാലും ഇപ്പോൾ ആരെയും അങ്ങോട്ട് കയറ്റിവിടുന്നില്ല.
എന്നാൽ പുറത്തുള്ള ഈ കിടങ്ങു കൊണ്ട് തീരുന്നതല്ല ഈ കോട്ടയിലേക്ക് പ്രവേശിക്കാനുള്ള പ്രതിബന്ധങ്ങൾ. രണ്ടാമതൊരു കിടങ്ങുകൂടിയുണ്ട്.
ഈ കിടങ്ങിനെ ക്രോസ് ചെയ്യാനായി ആകെയുള്ളത് വീതി കുറഞ്ഞ, പൊക്കി വെക്കാവുന്ന ഒരു മരപ്പാലമാണ്, കഷ്ട്ടിച്ചു രണ്ടു പേർക്ക് തോളിൽ കയ്യിട്ടു നടന്നു വരാവുന്ന വീതിയേ ഈ പാലത്തിനുള്ളൂ.
പെട്ടെന്നുള്ള ഒരു സൈനികാക്രമണം ഈ പാലം വഴി നടക്കില്ല എന്നർത്ഥം.
ഉൾഭാഗങ്ങളിലേക്ക് കടക്കാൻ വേറെ വഴിയുമില്ല.ഈ പാലത്തെ ലക്ഷ്യമാക്കി പീരങ്കികളും അമ്പും വില്ലുമായി പടയാളികൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ കൊത്തളങ്ങൾ ഉണ്ട്.
എന്നാൽ വെടിക്കെട്ട് ഐറ്റം ഇതൊന്നുമല്ല.
അതാണ് അന്ധേരി.
നമ്മുടെ ബോംബെയിലെ അന്ധേരി അല്ല.അന്ധേരി എന്നാൽ ഇരുട്ടിലൂടെ ഉള്ള വഴി എന്നർത്ഥം.
ഏതെങ്കിലും സാഹചര്യത്തിൽ പാലം മറികടന്നു ചെല്ലുന്ന ശത്രു സൈനികർ ചെല്ലുന്നത് ഈ അന്ധേരിയിലേക്കാണ്.
ഇതിനകത്ത് കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടാണ്. മൊബൈൽ ഫോൺ വെളിച്ചത്തിൽ അല്ലാതെ മുന്നോട്ടു പോകാനാവില്ല.
ഈ അന്ധേരിക്കകത്ത് നിറയെ വളവും തിരിവുമാണ്.ഒരു ക്രമവും ഇല്ലാത്ത ഗോവണികൾ പലതു കയറണം.
എന്ന് വച്ചാൽ ഏതാണ്ടൊരു നാലഞ്ചു നില ഉയരത്തിലേക്ക് അതി കഠിനമായ ഗോവണി, ഈ കൂരിരുട്ടിലൂടെ കയറണം.സ്റ്റെപ്പുകൾക്കൊന്നും ഒരു ക്രമവുമില്ല.
പാലം കീഴടക്കി ചെല്ലുന്ന സൈനികർ കണ്ണ് ചിമ്മുന്ന വെളിച്ചത്തിൽ നിന്ന് നേരെ ചെന്ന് കേറുന്നത് ഈ കൂരിരുട്ടിലേക്കാണ്.
അവിടെ ഉള്ള ഗുഹകളിൽ അവരെ കാത്തിരിക്കുന്നത് ഈ ഇരുട്ടിൽ ദീർഘകാലം പരിചയിച്ച സൈനികരാണ്.
ഇരുട്ടിൽ സ്വന്തം സൈനികർ തന്നെ പരസ്പരം വെട്ടി മരിക്കുക സ്വാഭാവികം.കൂടാതെ മുകളിൽ നിന്ന് തിളച്ച എണ്ണയും വെള്ളവും ഒഴിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നുവത്രെ ചതി അവസാനിക്കുന്നില്ല.ഈ കട്ട പിടിച്ച ഇരുട്ടിൽ ഒരു വെളിച്ചത്തിന്റെ സൂചന കാണാം, ഒരു തുരങ്കത്തിൽ നിന്നും.
അതുവഴി മുകളിൽ എത്താം എന്ന് കരുതുന്ന ശത്രു സൈനികർ നേരെ എത്തുന്നത് ചെങ്കുത്തായ ഒരു ഗുഹയിലേക്കാണ്.
ഈ ഗുഹയിൽ കയറിയാൽ പിന്നെ മടക്കമില്ല.
നേരെ ചെന്ന് വീഴുന്നത് എട്ടുപത്തു നില കെട്ടിടത്തിന്റെ താഴ്ചയുള്ള കിടങ്ങിലേക്കാണ്. നിലവിൽ പൊതുജന സുരക്ഷയെ കരുതി അത് ഗ്രില്ലിട്ട് അടച്ചിരിക്കുകയാണ്.
അതുപോലെ എത്രയെത്ര തുരങ്കങ്ങൾ ഇപ്പോഴും ഈ മലയുടെ ഗർഭത്തിൽ ഉണ്ടായിരിക്കാം ..?
അന്ധേരി കഴിയുമ്പോൾ വീണ്ടും കയറ്റമാണ്. പിന്നീടെത്തുന്നത് ആദ്യം ഡൽഹി സുൽത്താന്മാരുടെയും അതിനു ശേഷം മുഗളരുടെയും വിശ്രമ സങ്കേതമായ ഇസ്‌ലാമിക നിർമ്മാണ ശൈലിയിൽ ഉള്ള, ബരധാരി എന്ന ചെറു കൊട്ടാരത്തിലേക്കാണ്.
അവിടെ നിന്ന് നോക്കുമ്പോൾ ഉള്ള ദൗലത്താബാദ് നഗരത്തിന്റെ കാഴ്ച വല്ലാത്തൊരു അനുഭവമാണ്.സുൽത്താന്മാരും മുഗൾ ചക്രവർത്തിമാരും കൈ കുത്തി നിന്ന് ദൗലത്താബാദ് നഗരത്തെ വീക്ഷിച്ച ആ ജനാലകളിൽ കൈ കുത്തി നിന്നുകൊണ്ട് അസ്തമയ സൂര്യനെ നോക്കുമ്പോൾ ഞാൻ ഓർത്തു.കോട്ടകൾ സർപ്പങ്ങളുടെ മാളങ്ങൾ പോലെയാണ്. ഞണ്ടുകൾ നിർമ്മിക്കുന്ന മാളങ്ങളിൽ പാമ്പുകൾ ചേക്കേറുന്നു, ആ പാമ്പുകൾക്ക് ശേഷം വേറെ ചില പാമ്പുകൾ.
യാദവർ നിർമിച്ച കോട്ട പിന്നീട് ഡൽഹി സുൽത്താന്മാർ കയ്യടക്കി, അവരെ നിഷ്കാതിരാക്കി മുഗളന്മാർ കോട്ടയുടെ അധിപരായി.
വീണ്ടും മുകളിലേക്ക് ചില നിർമ്മിതികൾ ഉണ്ട്, അങ്ങോട്ട് കയറ്റി വിടുന്നില്ല. അനധികൃതമായി ചിലരൊക്കെ അങ്ങോട്ട് പോകുന്നുണ്ട്.
തിരികെ അന്ധേരിയിൽ എത്തുമ്പോഴേക്കും കാവൽക്കാർ ധൃതി കൂട്ടുന്നുണ്ട്, കോട്ട അടയ്ക്കാൻ സമയമാകുന്നു.
സൂര്യാസ്തമനത്തിനു സാക്ഷിയാകാൻ ചന്ദ്രൻ ആകാശത്തുണ്ട്. വരാൻ പോകുന്ന രാത്രിയിലെ നിലാവിൽ മുങ്ങി നിവരാൻ പോകുന്ന പൂർണ്ണ നിശബ്ദമായ ആ കോട്ടയെ, അതിൽ പിടഞ്ഞു വീണ അനേകായിരം ആത്മാക്കളുടെ സ്വൈര്യ വിഹാരത്തിന് വിട്ടുകൊടുത്തുകൊണ്ട് ഞാൻ ആ മലയിറങ്ങി ..