ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജടായുപ്പാറ സഞ്ചാരികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. രാമായണത്തിലെ ഇതിഹാസപക്ഷിയായ ജടായുവിനായി സമര്‍പ്പിച്ച തീം പാര്‍ക്ക് ആണിത്. രാവണന്‍ സീതയെ അപഹരിച്ച് കൊണ്ടുപോകവേ തടയാന്‍ ശ്രമിച്ച ജടായുവിന്റെ ചിറക് രാവണന്‍ അരിഞ്ഞുവീഴ്ത്തി. ചിറകറ്റ ജടായു ചടയമംഗലത്തെ ഈ കുന്നിന്‍മുകളിലാണ് വീണതെന്നാണ് ഐതിഹ്യം.
പക്ഷി ശില്‍പ്പത്തിന് 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമാണുളളത്. ശില്‍പ്പത്തിനകത്ത് രാമായണകഥയുടെ അത്ഭുതലോകമാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. കൂടാതെ ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റര്‍കാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. പക്ഷിയുടെ രണ്ടു കണ്ണിലൂടെ പുറംകാഴ്ച്ചകളും ആസ്വദിക്കാം. ഇടതു ചിറകറ്റ് വലതു ചിറകു വിടര്‍ത്തി, കൊക്കും കാല്‍ നഖങ്ങളുമുയര്‍ത്തി കിടക്കുന്ന രൂപത്തിലാണ് ജടായു ശില്‍പ്പം. പുറത്തു നിന്നു നോക്കിയാല്‍ ശില്‍പ്പമെന്നും അകത്തു കയറിയാല്‍ വലിയൊരു സിനിമാ തിയെറ്ററെന്നും തോന്നുംവിധമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയോളം വലുപ്പമുള്ള കരിമ്പാറകളുടെ കാടാണ് ചടയമംഗലം. അതിനിടയില്‍ ഏറ്റവും ഉയരമേറിയ പാറയ്ക്കു മുകളിലുള്ള കുഴി ജടായുവിന്റെ കൊക്കുരഞ്ഞുണ്ടായതാണെന്ന് ഐതിഹ്യം. പാറയുടെ മുകളില്‍ പതിഞ്ഞിട്ടുള്ള കാല്‍പ്പാദത്തിന്റെ അടയാളം ശ്രീരാമ പാദ സ്പര്‍ശമാണെന്നും വിശ്വസിക്കപ്പെടുന്നു.
ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വിധത്തില്‍ രാജീവ് അഞ്ചലാണ് തീം പാര്‍ക്ക് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷമെടുത്താണ് കാഴ്ച്ചയുടെ ഈ മായികലോകം പൂര്‍ത്തിയാക്കിയത്. 65 ഏക്കറിലാണ് പാര്‍ക്ക്. പാറക്കെട്ടിനു മുകളിലൂടെ ഒരു കിലോമീറ്ററോളം കേബിള്‍ കാറില്‍ സഞ്ചരിച്ചുവേണം മുകളിലെ ശില്‍പ്പത്തിനടുത്തെത്താന്‍. സാഹസികപ്രേമികള്‍ക്ക് താഴെ നിന്ന് രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുളള ട്രെക്കിങ്ങ് പാതയുമുണ്ട്. പെയ്ന്റ് ബോള്‍, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈന്‍, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ സാഹസിക വിനോദത്തിന്റെ വിവിധ ഇനങ്ങള്‍ അടങ്ങിയതാണ് ഈ പാര്‍ക്ക്. സിദ്ധ സമ്പ്രദായത്തിലുള്ള സിദ്ധ കേവ് ഹീലിംഗ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് അമ്പതുകിലോമീറ്റര്‍ അകലെ ചടയമംഗലത്താണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.