യുദ്ധങ്ങളും പിടിച്ചടക്കലുകളും നിറഞ്ഞ ചരിത്രത്തിന്‍റെ അവശേഷിപ്പാണ് കോട്ടകൾ.ലോകത്തിലേറ്റവും കൂടുതൽ കോട്ടകളുള്ള രാജ്യമാണ് ഇന്ത്യ . അതിൽ 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. ഹൊസ്ദുർഗ്ഗ്, ചന്ദ്രഗിരി, കുമ്പള , പൊവ്വൽ കോട്ടകൾ തുടങ്ങി പഴയകാല രൂപം കുറച്ചെങ്കിലും അവശേഷിപ്പിച്ചിട്ടുള്ള കോട്ടകളും കാസർകോടുണ്ട് .ചിത്താരി, പനയാൽ ,കുണ്ടംകുഴി, ബന്തടുക്ക, നീലേശ്വരം, മട്ട്ലായി തുടങ്ങിയവയും കാസർകോടുണ്ടായിരുന്ന മറ്റ് പ്രധാന കോട്ടകളാണ്. പല കോട്ടകളുടെയും അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. എത്രയൊക്കെ കോട്ടകൾ ഉണ്ടെങ്കിലും ബേക്കൽ കോട്ടയോളം തലയെടുപ്പുള്ള കോട്ട കേരളത്തിൽ ഇല്ല . പടയോട്ടങ്ങളുടെ മരണമില്ലാത്ത ചരിത്രസാക്ഷിയായി 35 ഏക്കറിലായി തലയുയര്‍ത്തിനില്‍ക്കുന്ന ബേക്കല്‍ കോട്ട. ആര്‍ത്തിരമ്പുന്ന കടലിന്റെ മനോഹാരിതയും കണ്ട് തിരമാലകളുടെ ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളും ശ്രവിച്ച് നൂറ്റാണ്ടുകളുടെ പഴമയും പേറി നില്‍ക്കുന്ന ബേക്കല്‍ കോട്ട ആയിരക്കണക്കിന് സൈനികർ രക്തരൂഷിതമായ പോരാട്ടത്തിൽ വീര രക്തസാക്ഷിത്വം വരിച്ചതിന് പല കാലത്തായി സാക്ഷിയായിട്ടുണ്ട്.
ഇന്നത്തെ കാസർകോട് ജില്ലയിലുള്‍പ്പെടുന്ന പ്രദേശങ്ങൾ പ്രാചീന കാലത്തെല്ലാം സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെട്ടുകിടന്നിരുന്ന സ്ഥലങ്ങളാണ്. പ്രകൃതിവിഭവങ്ങൾ ധാരാളമുണ്ടായിരുന്നു എന്നതായിരുന്നു ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. തുറമുഖങ്ങളുടെ സാന്നിധ്യമായിരുന്നു മറ്റൊന്ന്. കോട്ട നിർമിച്ചതാരെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കേരി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന വെങ്കടപ്പ നായ്ക്കൻ കോട്ടയുടെ നിർമാണം ആരംഭിച്ചുവെന്നാണ് പൊതുവേ പറയപ്പെടുന്നത്. 1645 മുതൽ 1660 വരെയുള്ള കാലഘട്ടത്തിൽ ഇക്കേരി രാജവംശം ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി ശിവപ്പ നായ്ക്കൻ നിർമാണം പൂർത്തിയാക്കിയതായും പറയപ്പെടുന്നു. താക്കോൽ ആകൃതിയിലുള്ള ബേക്കൽ കോട്ടയുടെ രൂപകൽപന തന്നെ അത്യപൂർവമായി മാത്രം ലോകത്ത് കാണുന്ന തരത്തിലുള്ളതാണ്. സത്യത്തിൽ അത് അക്കാലത്തെ തദ്ദേശീയരായ കോട്ട നിർമാണ വിദഗ്ധരുടെ സാങ്കേതിക ജ്ഞാനത്തിനും അസാധാരണ വാസ്തുശിൽപ വൈദഗ്ധ്യത്തിനും മികച്ച ഉദാഹരണമായി പറയാം.
ഏതാണ്ട് 50 അടിയോളം ഉയരത്തിലായി കടലിലേക്ക് തള്ളി നിൽക്കുന്ന വാച്ച് ടവർ കോട്ടയിലെ തന്ത്രപ്രധാനമായ ഒരിടമാണ്. പഴയ കാലത്ത് ആ ടവറിന് മുകളിൽ നിന്നുകൊണ്ട് ഭടൻമാർ ഊഴമിട്ട് 24 മണിക്കൂറും അറബിക്കടൽ നിരീക്ഷിക്കുമായിരുന്നു. കദംബരാജവംശവും മൂഷികരാജവംശവും പിന്നീട് കോലത്തിരിയും ഭരിച്ചിരുന്ന പ്രദേശമായിരുന്നു ബേക്കൽ . ധാരാളം പടികളോടു കൂടിയ കുളം, വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ചിരുന്ന അറ, 1909-ല്‍ തെക്കൻ കർണാടക ജില്ലാകളക്ടർ ഖാൻ ബഹദൂർ അസീസുദീൻ സാഹിബ് നിര്‍മിച്ച ടൂറിസ്റ്റ് ബംഗ്ലാവ് എന്നിവ കോട്ടക്കുള്ളിൽ കാണാം. കടൽനിരപ്പിൽ നിന്നും ഏതാണ്ട് 300 അടി ഉയരത്തിലുള്ള ഒരു കുന്നിൻ മുകളിലാണ് കോട്ടയുള്ളത്. പരിസര പ്രദേശത്ത് അന്ന് ലഭ്യമായ ഉറപ്പുള്ള ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നുത്. കോട്ടക്കകത്തെ സൗകര്യങ്ങളാകട്ടെ മറ്റു കോട്ടകളേക്കാൾ മെച്ചപ്പെട്ടതും അതിവിദഗ്ധമായി രൂപകൽപന ചെയ്യപ്പെട്ടതുമാണ്.
ആയുധപ്പുര, കടലിന് നേർക്ക് തുറന്നിരിക്കുന്ന കിളിവാതിലുകൾ, കടൽ വഴി വരുന്ന പടക്കപ്പലുകളെ നേരിടാനുള്ള ഇടങ്ങൾ, കരയിൽ നിന്നെത്തുന്ന ശത്രുക്കളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, ജലസംഭരണി, ഒളിത്താവളങ്ങൾ, രഹസ്യ ഭൂഗർഭ അറകൾ, ഭൂഗർഭ പാതകൾ, സുരക്ഷാ സന്നാഹങ്ങൾ, അപകടത്തിൽ പെടുന്നവർക്കും മുറിവേൽക്കുന്നവർക്കും നൽകുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങൾ തുടങ്ങിയവ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് കോട്ടക്കകത്ത് ഒരുക്കിയിരുന്നത്.ബേക്കൽ കോട്ടയുടെ പടിഞ്ഞാറുള്ള മൂന്നിൽ രണ്ടു ഭാഗവും അറബിക്കടലിലാണ് സ്ഥിതിചെയ്യുന്നത്. നിരന്തരമായി അലച്ചെത്തുന്ന തിരകളുടെ തലോടൽ ഏറ്റുവാങ്ങിയാണ് കോട്ടയുടെ കിടപ്പ്. കോട്ടയുടെ ഉയർന്ന കടൽ ഭിത്തിക്ക് മുകളിൽ നിൽക്കുമ്പോൾ സൂക്ഷ്മമായി ചെവിയോർത്താൽ കോട്ടയുടെ കീഴെ ഒന്നിന് പിറകെ ഒന്നായി അലച്ചെത്തി തല്ലിത്തകർത്ത് പൊട്ടിച്ചിതറുന്ന തിരമാലകളുടെ ചിലമ്പിച്ച ശബ്ദം നൂറ്റാണ്ടുകൾക്കപ്പുറം അവിടെ പടവെട്ടി മരിച്ച അനേകമനേകം യോദ്ധാക്കളുടെ ദീനവിലാപം പോലെ നമുക്കനുഭപ്പെടും.