കോയമ്പത്തൂർ രത്തിനപുരി ഗാന്ധിജി റോഡിൽ ശ്രീറാം ശങ്കരി അപ്പാർട്ടുമെന്റിൽ ആഷ്ടൺ മൊണ്ടീറോ എന്ന ആർ. മധുസൂദനൻ ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായി.ബെംഗളൂരു ഉദയനഗറിൽനിന്ന് നൂറനാട് എസ്.എച്ച്.ഒ. ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. തട്ടിപ്പിനിരയായത് നാൽപ്പതിലധികംപേർ.ഓസ്ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.കേരളത്തിലുടനീളം നാൽപ്പതിലധികം ഉദ്യോഗാർഥികളിൽനിന്നായി കോടിക്കണക്കിനു രൂപയാണ് ഇയാൾ തട്ടിയെടുത്തത്.2023-ൽ ഇയാൾ അങ്കമാലി കേന്ദ്രീകരിച്ചാണ് തട്ടിപ്പുതുടങ്ങിയത്.വിസ പ്രോസസിങ്ങിനായി നാൽപ്പതിലധികം യുവതീയുവാക്കളാണ് ഏഴു ലക്ഷം രൂപ വീതം ഇവർ നൽകിയ അക്കൗണ്ടിലേക്ക് നൽകിയത് പണം കിട്ടിയശേഷം ഇയാളും സംഘവും മുങ്ങി.
ഇംഗ്ലീഷിൽ പ്രാവീണ്യമുണ്ടായിരുന്ന ഇയാൾ അവിടെ ക്ലാസെടുത്തിരുന്നു. സോഫ്റ്റ് സ്കിൽ ട്രെയിനർമാർക്ക് ആകർഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയിൽ പെർമനന്റ് വിസയുമായിരുന്നു വാഗ്ദാനം. കഴിഞ്ഞ ഒക്ടോബർ ഒന്നിനു തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പഞ്ചനക്ഷത്രഹോട്ടലുകളിൽവെച്ച് അഭിമുഖവും നടത്തി. ഇയാൾ ആഷ്ടൺ മൊണ്ടീറോ എന്ന ഓസ്ട്രേലിയൻ പൗരനാണെന്നു പറഞ്ഞാണ് ഉദ്യോഗാർഥികളെ പരിചയപ്പെട്ടത്. കൂട്ടാളികൾ ബോസ് എന്നാണ് വിളിച്ചിരുന്നത്.
നൂറനാട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോൺ ചെങ്ങന്നൂർ ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരുന്നു.
തുടർന്നുനടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതിയായ ചാലക്കുടി സ്വദേശി വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. ഇരുവർക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മധുസൂദനൻ എന്ന പേരിൽ വ്യത്യസ്ത വിലാസങ്ങളിലുള്ള മൂന്ന് ആധാർ കാർഡുകളും ആഷ്ടൺ മൊണ്ടീറോ എന്ന പേരിലുള്ള പാസ്പോർട്ടും കണ്ടെടുത്തു. തട്ടിയെടുത്ത പണമുപയോഗിച്ച് തായ്ലൻഡ്, മലേഷ്യ, ബെംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ ഉല്ലാസകേന്ദ്രങ്ങളിൽ കറങ്ങിനടക്കുകയായിരുന്നു ഇയാൾ. മലയാളിയായ ഇയാൾ തമിഴ്നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
Content Highlight : Fraud of crores by promising job, accused arrested