മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾക്ക് ഷിഗല്ല. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ 127 വിദ്യാർത്ഥികളിൽ 4 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് ഷിഗല്ല രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
എന്താണ് ഷിഗെല്ല ബാക്ടീരിയ ?
ഷിഗെല്ല വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. ഷിഗെല്ല ബാധ എന്ന് പൊതുവേ പറയും. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം. എന്നാല്‍, ഷിഗെല്ല എന്നത് ഒരു പുതിയ ബാക്ടീരിയ അല്ല. ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.
നിര്‍ജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ പോയാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകും. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നിയന്ത്രിക്കാം എന്നതാണ് അറിയേണ്ട പ്രധാനപ്പെട്ട കാര്യം.
ഷിഗെല്ല ബാക്ടീരിയ നാല് തരമുണ്ട്
1) ഷിഗെല്ല സൊനേയി(Shigella sonnei )
2) ഷിഗെല്ല ഫ്‌ളെക്‌സ്‌നെരി(Shigella flexneri)
3) ഷിഗെല്ല ബോയ്ഡി(Shigella boydii)
4) ഷിഗെല്ല ഡിസെന്‍ട്രിയെ(Shigella dysenteriae)
ഇതില്‍ ഷിഗെല്ല സൊനേയി മൂലമുണ്ടാകുന്ന ‘എകിരി സിന്‍ഡ്രോം’ (Ekiri syndrome) ബാധിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്തിന് മുന്‍പ് വര്‍ഷം തോറും 15,000 പേരാണ് മരണപ്പെട്ടിരുന്നത്. ഈ രോഗം ബാധിക്കുന്നവരില്‍ വളരെ പെട്ടെന്നാണ് കടുത്ത പനിയും അപസ്മാരവും അബോധാവസ്ഥയും ഉണ്ടായിരുന്നത്.
ഷിഗെല്ല ബാധിച്ചാല്‍
ഷിഗെല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിക്കുമ്പോള്‍ ഷിഗെല്ല ടോക്സിന്‍ എന്ന വിഷവസ്തു ഉണ്ടാകുന്നു. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ സാധാരണയായി ഒന്നു മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാവാറുണ്ട്. ഇവ വലിയ തോതിലെത്താന്‍ ഒരാഴ്ചയെടുക്കും. പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.
- വയറിളക്കം. രക്തവും, കഫവും കലര്‍ന്ന മലമാണ് ഷിഗെല്ല മൂലമുണ്ടാകുന്ന വയറിളക്കമുള്ളവരില്‍ സാധാരണയായി കാണാറുള്ളത്.
- വയറുവേദന
- ഓക്കാനമോ ഛര്‍ദിയോ
- പൂര്‍ണമായും വയര്‍ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നല്‍
- ഷിഗെല്ല ബാധിച്ചവരില്‍ ചില ന്യൂറോളജിക്കല്‍ തകരാറുകളും കാണാറുണ്ട്. അപസ്മാരമാണ് ഇതില്‍ പ്രധാനപ്പെട്ട സങ്കീര്‍ണത. കുട്ടികളില്‍ ഇത് മരണത്തിനുള്ള സാധ്യത കൂട്ടും.
ഷിഗെല്ലോസിസ് ബാധിക്കുന്ന വഴി
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത്. ഷിഗെല്ല ബാധിച്ച ലക്ഷണങ്ങള്‍ ഉള്ള വ്യക്തിയില്‍ നിന്ന്, ഷിഗെല്ല ബാധിതനായ ലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് (രോഗവാഹകന്‍), മലിനമാക്കപ്പെട്ട ഭക്ഷണങ്ങള്‍(പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍) തുടങ്ങിയവയില്‍ നിന്നും ഷിഗെല്ല ബാധയുണ്ടാകാം. ശീതികരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ ഷിഗെല്ല ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ട്.
സാധാരണ വയറിളക്ക രോഗങ്ങളെപ്പോലെ രോഗബാധിതന്റെ വിസര്‍ജ്ജ്യം ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ മറ്റൊരു വ്യക്തിയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ബാക്ടീരിയ ബാധയുണ്ടാകുന്നു. ബാക്ടീരിയയുടെ തോത് കുറവാണെങ്കില്‍ പോലും അത് രോഗമുണ്ടാക്കാം. രോഗവാഹകനായ വ്യക്തി ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റും രോഗം മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം. അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം കുടിവെള്ള സ്രോതസ്സില്‍ കലര്‍ന്നോ ഈച്ചകള്‍ വഴിയോ അത് മറ്റുള്ളവരില്‍ രോഗവ്യാപനത്തിന് ഇടയാക്കും.
മരണം സംഭവിക്കുന്നത്
തിരിച്ചറിയാന്‍ വൈകുന്നതാണ് ഷിഗെല്ല ഗുരുതരമാകാന്‍ ഇടയാക്കുന്നത്. അതിനാല്‍ തന്നെ ആശുപത്രിയിലെത്തുമ്പോഴേക്കും രോഗം ഗുരുതരമായിട്ടുണ്ടാകും. നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ജലാംശവും ലവണങ്ങളും വേണ്ടത്ര ലഭിക്കാതാവുന്നു. ഇതോടെ രോഗിക്ക് തളര്‍ച്ച ബാധിക്കുന്നു. ഇതോടൊപ്പം രക്തസമ്മര്‍ദം താഴ്ന്നുപോവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
രോഗനിര്‍ണയം
മലപരിശോധനയിലൂടെയാണ് (stool culture) രോഗനിര്‍ണയം നടത്തുന്നത്.
ചികിത്സ
നിര്‍ജ്ജലീകരണം തടയാനാണ് പ്രധാനമായും ചികിത്സ. ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ഡ്രിപ് നല്‍കേണ്ടി വരും.
ആന്റിബയോട്ടിക് ചികിത്സ വേണോ?
വയറിളക്ക രോഗങ്ങളില്‍ ആന്റിബയോട്ടിക് ചികിത്സ പൊതുവേ ആവശ്യമായി വരാറില്ല. പക്ഷേ, ഷിഗെലോസിസ് ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. രോഗതീവ്രത കുറച്ച് നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഇത് ആവശ്യമാണ്.
ഷിഗെല്ലോസിസിനെ എങ്ങനെ പ്രതിരോധിക്കാം?
- വയറിളക്ക രോഗമുള്ളവര്‍ ഭക്ഷണം തയ്യാറാക്കല്‍ പോലുള്ള ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുക.
- മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
- നഖങ്ങള്‍ വൃത്തിയായി വെട്ടിയൊതുക്കുക. നഖം കടി ഒഴിവാക്കുക.
- കുടിക്കാനും ഭക്ഷണം തയ്യാറാക്കാനും തിളപ്പിച്ചാറ്റിയത് മാത്രം ഉപയോഗിക്കുക.
- പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവ നിശ്ചിത താപനിലയില്‍ സൂക്ഷിക്കുക. സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കുക.
- നമ്മുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കുക.
- കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കണം.
- മലിനമായ ജലാശയങ്ങളിലെ കുളി, നീന്തല്‍ എന്നിവ ഒഴിവാക്കുക.
- പൊതുപരിപാടികള്‍ക്കും മറ്റുമായി ഭക്ഷണം തയ്യാറാക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
വാക്‌സിനുണ്ടോ?
നിലവില്‍ ഷിഗെല്ലയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമല്ല.
Content Highlights: students have shigella in malappuram