ഡോക്ടർമാർക്കായി ഒരു ദിനം
മാനസികമായും വൈകാരികമായും ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ തൊഴിലാണ് ഡോക്ടർമാരുടേത്. ആഗോളതലത്തിൽ മൂന്ന് ഡോക്ടർമാരിൽ ഒരാൾ അമിതമായ മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ നാലിൽ മൂന്ന് പേർ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായും മറ്റ് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഡോക്ടർമാരെ ദൈവികമായ പരിവേഷത്തോടെ കാണുന്ന അനേകമാളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിൽ കേരളീയ സമൂഹം അവർക്ക് നൽകുന്ന ബഹുമാനം പ്രശംസനീയമാണ്. എന്നാൽ പലപ്പോഴും ഡോക്ടർമാരും സാധാരണ മനുഷ്യരാണെന്നും അവരുടെ മാനസികരോഗ്യത്തെ കുറിച്ചും അധികമാരും ചിന്തിക്കാറില്ല.
മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവരാണ് നമ്മുടെ നാട്ടിലെ ഡോക്ടർമാർ. ഏതൊരു സാധാരണ മനുഷ്യനും അനുഭവപ്പെടുന്ന വികാരങ്ങളും സമ്മർദ്ദങ്ങളും ഡോക്ടർമാർക്കും ഉണ്ടാകുന്നുന്നുണ്ട്. സമൂഹം അവരിൽ നിന്നും പ്രതീക്ഷിക്കുന്ന “പെർഫെക്ഷനിസം” കാരണം അതൊന്നും പുറത്തറിയുന്നില്ലെന്ന് മാത്രം. ഡോക്ടർമാരുടെ ചെറിയ തെറ്റുകൾ പോലും മനുഷ്യജീവന്റെ കാര്യത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നാൽ ഡോക്ടർമാരുടെ മാനസികസൗഖ്യത്തിന് ഒട്ടും പരിഗണന നൽകിയില്ലെങ്കിൽ അവർക്കും സ്വാഭാവികമായ ക്ഷീണവും മടുപ്പും അശ്രദ്ധയും ഉണ്ടാകും. തെറ്റുകൾ ആവർത്തിക്കപ്പെടും.
പലപ്പോഴും വളരെ നിർണായകമായ ഘട്ടങ്ങളിൽ വളരെ പെട്ടെന്ന് സുപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നവരാണ് ഡോക്ടർമാർ. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അമിതപ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള സമ്മർദ്ദം വേറെ. രോഗം ഭേദമാക്കികൊടുക്കുന്നതിന് പുറമെ, രോഗികളുടെ വൈകാരികമായ ബുദ്ധിമുട്ടുകളെയും കൂടി ഏറ്റെടുക്കുന്ന ഡോക്ടർമാരുമുണ്ട്. ഇതെല്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങളും മാനസികബുദ്ധിമുട്ടുമാണ് ഡോക്ടർമാരിലുണ്ടാക്കുന്നത്. എത്ര ആത്മാർഥമായി പരിശ്രമിച്ചിട്ടും ഒരു രോഗിയുടെ ജീവൻ രക്ഷിക്കാനായില്ലെങ്കിൽ കടുത്ത മാനസികവിഷമം നേരിടുന്ന ഡോക്ടർമാരുണ്ട്. ആ പ്രശ്നങ്ങൾ ചിലപ്പോൾ മാസങ്ങളോളം നീണ്ടുനിൽക്കും. പ്രാക്ടീസ് തുടങ്ങുന്ന സമയത്ത് ജൂനിയർ ഡോക്ടർമാരിലാണ് ഈ പ്രവണത കൂടുതലും കണ്ടുവരുന്നത്.
പഠനകാലം മുതലേ തുടങ്ങുന്ന സമ്മർദ്ദങ്ങൾ
ആതുരസേവനം ജീവിതലക്ഷ്യമായി കണ്ടുകൊണ്ട് ഡോക്ടർമാരാകുന്ന നിരവധിപേരുണ്ട്. വീട്ടിൽ അച്ഛനമ്മമാരോ അടുത്ത ബന്ധുക്കളോ ഡോക്ടർമാരായത് കൊണ്ടുമാത്രം എംബിബിഎസ് തെരഞ്ഞെടുക്കാൻ നിർബന്ധിതരായവരും വേറെ. എംബിബിഎസ് അഡ്മിഷനുള്ള പ്രവേശനപരീക്ഷകൾ വളരെ ബുദ്ധിമുട്ടേറിയതാണെന്ന് പറയേണ്ടതില്ലല്ലോ. വർഷങ്ങൾ നീണ്ട തയാറെടുപ്പിനൊടുവിൽ പലതവണ പരീക്ഷയെഴുതിയാണ് അഡ്മിഷൻ നേടുന്നത്. അക്കാലമത്രയും വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മർദ്ദം സഹിക്കണം. പഠനച്ചെലവുകൾക്ക് ഭാരിച്ച സാമ്പത്തികബുദ്ധിമുട്ടുമുണ്ട്. മറ്റ് ബിരുദങ്ങളെപ്പോലെ അത്ര എളുപ്പവുമല്ല പഠനം.ആദ്യമായി വീട്ടിൽനിന്ന് മാറിനിന്ന് പഠിക്കുമ്പോൾ പുതിയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കും. അതിനിടയിൽ റാഗിങ്ങ് പോലെയുള്ള പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. ഇക്കാലത്ത് വ്യക്തിബന്ധങ്ങളും (സൗഹൃദം/പ്രണയം) കലുഷിതമാകാറുണ്ട്. രോഗികളുമായി നേരിട്ട് ഇടപെട്ടുതുടങ്ങുമ്പോൾ അതീവഗുരുതരമായ രോഗാവസ്ഥകളും മരണവും കണ്മുൻപിൽ കാണും. ആദ്യമൊക്കെ ആരും പതറിപ്പോകും. കടുത്ത മാനസികസംഘർഷങ്ങൾ കാരണം പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കും. ചിലരിൽ ആത്മഹത്യാചിന്തകൾ വരെയുണ്ടാകും. കൃത്യമായ സമയത്ത് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം കിട്ടിയില്ലെങ്കിൽ അപകടമാകാം.
ആശുപത്രികളിലെ സാഹചര്യം
മഴക്കാലത്തും മറ്റും നാട്ടിൽ പകർച്ചവ്യാധികൾ പെരുകുന്ന സീസണിൽ ഡോക്ടർമാർക്ക് അധികജോലിഭാരമാണ്. ഈ സമയം രോഗികളുടെ എണ്ണവും രോഗത്തിന്റെ തീവ്രതയും കൂടുതലായിരിക്കും. പലപ്പോഴും ഒന്നിലേറെ ഷിഫ്റ്റുകളിൽ തുടർച്ചയായി ഒരു ഡോക്ടറിന് ജോലി ചെയ്യേണ്ടിവരാം. തിരക്കിന് അനുസരിച്ച് ആവശ്യത്തിന് സൗകര്യങ്ങളോ എല്ലാ രോഗികൾക്കും വേണ്ട മെഡിക്കൽ ഉപകരണങ്ങളോ മരുന്നോ ഉണ്ടാകണമെന്നുമില്ല. എല്ലാ ഷിഫ്റ്റുകളിലും ആവശ്യത്തിന് ഡോക്ടർമാരില്ലെങ്കിൽ ജോലിഭാരം പിന്നെയും കൂടും. നിരന്തരം രാത്രികാല ഷിഫ്റ്റുകളിൽ ജോലി ചെയ്യുമ്പോൾ ഉറക്കമില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഡോക്ടർമാരുടെ വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും വരെ ഇത്തരം അധികചുമതലകൾ പ്രശ്നമാകാറുണ്ട്.
കോവിഡ് പോലെയുള്ള മഹാമാരികളുടെ കാലത്തും പതറാതെ മുന്നിൽനിന്ന് പോരാടിയവരാണ് ഡോക്ടർമാർ. ഇത്തരം പുതിയ വെല്ലുവിളികൾ മുന്നിലെത്തുമ്പോൾ മുൻപ് പരീക്ഷിച്ചുതെളിയിച്ച ചികിത്സാപദ്ധതികൾ ഇല്ലാത്തതിനാൽ ഒറ്റയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിവരും. ഡോക്ടർമാരുടെ വീടുകളിലും അവരുടെ കുട്ടികളും പ്രായമായ അച്ഛനമ്മമാരും ഉണ്ടാകും. തങ്ങളിലൂടെ കുടുംബാംഗങ്ങളിലേക്കും രോഗം പകരുമോയെന്ന ഭയം വേറെ. ഇങ്ങനെ, പുറമെ നിന്ന് നോക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയാത്ത നിരവധി ആശങ്കകളെ ഉള്ളിലൊതുക്കികൊണ്ടാണ് ഓരോ ഡോക്ടർമാരും നിസ്വാർത്ഥം സേവനമനുഷ്ഠിക്കുന്നത്.
ഡോക്ടർമാരോടുള്ള രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും പെരുമാറ്റത്തിലും സമീപനത്തിലും വ്യത്യാസങ്ങളുണ്ടാകും. മോശമായി പെരുമാറുന്നവരും ചികിത്സയോട് സഹകരിക്കാൻ തയാറാകാത്തവരുമുണ്ട്. ഇങ്ങനെ പലതരത്തിലുള്ള ആളുകളുമായി നിരന്തരം ഇടപെടേണ്ടി വരുമ്പോൾ ഡോക്ടർമാർ മാനസികമായി തളരും. പൊതുവെ അധികമാരും ഡോക്ടർമാരെ അഭിനന്ദിക്കുകയോ നന്ദി പറയുകയോ ചെയ്യാറില്ല. അതവരുടെ ജോലിയുടെ ഭാഗമാണെന്ന് കരുതി എല്ലാവരും സൗകര്യപൂർവം ഒഴിയും.
ഡോക്ടർമാർ ദൈവികമല്ല, സാധാരണ മനുഷ്യരാണ്
വിഷാദം, ഉത്കണ്ഠ, ആത്മഹത്യാപ്രവണത എന്നിവയാണ് ഡോക്ടർമാർക്കിടയിൽ ഏറ്റവുമധികം കണ്ടുവരുന്ന മാനസികപ്രശ്നങ്ങൾ. സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും സമയം കണ്ടെത്താനാകാതെ എപ്പോഴും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവരിൽ ഉണ്ടാകുന്ന “ബേൺ ഔട്ട്” എന്ന പ്രശ്നവും അധികമായി കണ്ടുവരുന്നു. അത്യാഹിതവിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ ദിവസങ്ങളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ട്രോമയും സ്‌ട്രെസും ഉണ്ടാകാറുണ്ട്.
ജോലിസമയത്തിനപ്പുറം ഉല്ലാസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തണം. ഇഷ്ടമുള്ള വ്യായാമം ചെയ്യുന്നതും യോഗ, മെഡിറ്റേഷൻ എന്നിവ ശീലിക്കുന്നതും മാനസികസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഉറക്കവും വിശ്രമവും അവഗണിച്ചുകൊണ്ടുള്ള പ്രാക്ടീസും ഇതര പരിപാടികളും മാറ്റിവെയ്ക്കുക. മാനസികസമ്മർദ്ദത്തെ കീഴടക്കാൻ മദ്യപിക്കുകയും അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇത്തരം ദുഃശീലങ്ങൾ ജോലിയിലെ പ്രകടനം കൂടുതൽ മോശമാകാൻ ഇടയാക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നേഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻസ്, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരും അതിലുൾപ്പെടും. തൊഴിലിടത്തെ സമ്മർദ്ദങ്ങൾ കുറയ്ക്കാൻ വലിയൊരളവ് വരെ അത് സഹായിക്കും. സീനിയർ ഡോക്ടർമാരുമായി മനസുതുറന്ന് സംസാരിക്കാനുള്ള സാഹചര്യമുണ്ടാകണം.
കുടുംബത്തോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കാനും സമയം കണ്ടെത്തണം. ലഭ്യമായ അവധികൾ ഉന്മേഷകരമായ യാത്രകൾക്കും മറ്റും ഉപയോഗിക്കാം. ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് പുറത്ത്, വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പല പ്രശ്നങ്ങളും ഡോക്ടർമാർ അഭിമുഖീകരിക്കാറുണ്ട്. ഉയർന്ന വരുമാനമുണ്ടെങ്കിലും തെറ്റായ തീരുമാനങ്ങൾ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി ഡോക്ടർമാരുമുണ്ട്. കരിയറിൽ കൃത്യമായ അതിർത്തികൾ നിർണയിക്കുകയും അവ ബഹുമാനിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കുകയും വേണം. നമ്മൾ മനുഷ്യരായത് കൊണ്ടുതന്നെ എത്രയൊക്കെ ശ്രമിച്ചാലും ചില രോഗികളുടെ അവസ്ഥ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കും. അത് ഈ തൊഴിലിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണം. വ്യക്തിജീവിതത്തെ ബാധിക്കാൻ ആ അനുഭവങ്ങളെ അനുവദിക്കരുത്. ആവശ്യമെങ്കിൽ അടുത്ത സുഹൃത്തുക്കളോട് ആ അനുഭവങ്ങൾ പങ്കുവെച്ച് മനസിന്റെ ഭാരം ഒഴിവാക്കാം.
രോഗങ്ങൾ പലപ്പോഴും മനുഷ്യന് നിയന്ത്രിക്കാനാകാത്ത ചില ഘട്ടങ്ങളിലേക്ക് കടക്കാറുണ്ട്. ഡോക്ടർമാർ എത്ര പരിശ്രമിച്ചാലും അവിചാരിതമായി അനിഷ്ടസംഭവങ്ങൾ ഉണ്ടാകാം. അവ എപ്പോഴും ഡോക്ടർമാരുടെ പിഴവ് കൊണ്ടല്ല. പലപ്പോഴും രോഗികൾ മരണപ്പെടുമ്പോൾ ആ വാർത്ത ബന്ധുക്കളെ അറിയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഡോക്ടർമാർക്കാണ്. ആശയവിനിമയത്തിൽ ഏറെ പക്വതയും വ്യക്തതയും ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമാണ്. എത്ര സമ്മർദ്ദമുള്ളപ്പോഴും സംയമനം പാലിക്കാനും രോഗികളോട് അനുകമ്പയോടെ പെരുമാറാനും ശ്രദ്ധിക്കണം. തൊഴിലിടത്തിലെ ഇത്തരം ദൈനംദിന പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ ഡോക്ടർമാർക്ക് പരിശീലനവും ആവശ്യമാണ്.
ഡോക്ടർമാർക്ക് തെറ്റുകൾ പറ്റില്ലെന്നും അവർ എല്ലാം തികഞ്ഞവരാണെന്നുമുള്ള ധാരണതന്നെ വലിയ ഭാരമാകാറുണ്ട്. ആവശ്യമുള്ള ഘട്ടത്തിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക തന്നെവേണം. പല ഡോക്ടർമാരും സാമൂഹികമായ ദൂഷണങ്ങൾ ഭയന്ന് സഹായം തേടാനും സ്വന്തം ബലഹീനതകൾ പുറത്തുകാണിക്കാനും മടികാണിക്കാറുണ്ട്. ആശുപത്രികളിൽ മെച്ചപ്പെട്ട പൗരബോധവും മര്യാദകളും പ്രോത്സാഹിപ്പിക്കാനായാൽ നമ്മുടെ ആരോഗ്യരംഗത്തിനാകെ അത് ഗുണം ചെയ്യും. ഓരോ ഡോക്ടർമാരും നാടിന് അനുഗ്രഹമാണ്. അവരുടെ ജോലി ഭംഗിയായും സുരക്ഷിതമായും ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ, അതിന്റെ പ്രയോജനം നമുക്ക് കിട്ടുകയുള്ളു.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ലിഷ പി ബാലൻ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.
പ്രയത്ന, കൊച്ചി.
Content highlight : The Divine Touch in Volunteering; Many mental challenges faced by doctors!!