ശരീര സംരക്ഷണത്തില്‍ നാം ഏറ്റവും കുറവ് ശ്രദ്ധ നല്‍കുന്നത് പാദങ്ങള്‍ക്ക് ആയിരിക്കും. ദിവസവും പല പ്രാവശ്യം മുഖത്ത് ക്രീം തേക്കുമെങ്കിലും പാദങ്ങളുടെ കാര്യം തീരെ പരിഗണിക്കാറില്ല മിക്കവരും. പക്ഷേ ഈ ശീലം പല പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയേക്കാം. ബാക്ടീരിയ, ഫഗല്‍ സംക്രമണം, കാല്‍പാദത്തിലെ തൊലിയില്‍ ചൊറിച്ചില്‍, ദുര്‍ഗന്ധം, വളംകടി എന്നിവ ഉണ്ടാവും. പ്രത്യേകിച്ചും മഴക്കാലത്ത് പാദങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
പാദങ്ങള്‍ക്ക് പിടിപെട്ടേക്കാവുന്ന രോഗങ്ങള്‍;
-
ഫംഗല്‍ അണുബാധ
പാദങ്ങളില്‍ ഈര്‍പ്പം ഉണ്ടാകുന്ന വളരെ സാധാരണമായ അസുഖമാണ് ഫംഗല്‍ അണുബാധ. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ ഇത് കാണാം. വിരലുകളുടെ ഇടയില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങള്‍ക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവയാണ് ലക്ഷണങ്ങള്‍.
-
ബാക്ടീരിയമൂലമുള്ള അണുബാധ
കുട്ടികളിലും പ്രമേഹരോഗികളിലുമാണ് ഇത് കൂടുതലായി കാണുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍, പോഷകക്കുറവുള്ളവര്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.വേദനയോടുകൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കള്‍, നീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.
ഇനി പാദസംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം;
-
പാദങ്ങള്‍ നന്നായി കഴുകുക
വളരെയധികം സംവേദന ക്ഷമതയുള്ളവയാണ് പാദത്തിന്റെ ചര്‍മ്മങ്ങള്‍. അതിനാല്‍ ബാക്ടീരിയല്‍, ഫംഗല്‍ ബാധ വേഗത്തില്‍ പിടിപ്പെടുന്നു. ദിവസത്തില്‍ അധിക സമയവും ഷൂസും സോക്‌സും ഇട്ടിരിക്കുകയാണെങ്കില്‍ പോലും ബാക്ടീരിയയുടെ ആക്രമണം ഉണ്ടാവും.
പാദം ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ബാക്ടീരികളുടെ സംക്രമണം വര്‍ദ്ധിക്കുന്നു. അതിനാല്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും പാദങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുക്കണം. സോപ്പുപയോഗിച്ച് കഴുക്കുമ്പോള്‍ ദുര്‍ഗന്ധവും വിയര്‍പ്പും അകറ്റാന്‍ സാധിക്കുന്നു. ഫംഗല്‍ ബാധ അകറ്റാനും ഇതുവഴി സാധിക്കുന്നു.
-
നനവ് പാടില്ല
അത്ലറ്റിക് ഫൂട്ട് പാദങ്ങളുടെ സാധാരണ കണ്ടുവരുന്ന ഫംഗല്‍ പ്രശ്‌നമാണ്. ചൊറിച്ചില്‍, നീറ്റല്‍, വീണ്ടുകീറല്‍ എന്നിവ കൂടാതെ പൊളിയുന്നതും സാധാരണമാണ്. അത്ലറ്റിക് ഫൂട്ട് പോലെയുള്ള ഫംഗല്‍ ബാധ അകറ്റാനായി പാദങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി നിലനിര്‍ത്തണം. അതിനാല്‍ പാദം കഴുകിയ ശേഷം നന്നായി തുടയ്ക്കണം. പ്രത്യേകിച്ചും വിരലുകള്‍ക്കിടയിലുള്ള ഭാഗം ഉണങ്ങിയ ശേഷം മാത്രം ചെരിപ്പിടുക.
-
പാദങ്ങള്‍ മോയ്‌സ്ച്യുറൈസര്‍ ചെയ്യാം
മുഖത്ത് മാത്രം മോയ്‌സ്ച്യുറൈസര്‍ പുരട്ടിയാല്‍ പോരാ. പാദങ്ങള്‍ക്കും ഈര്‍പ്പം ആവശ്യമാണ്. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ കാല്‍പാദങ്ങള്‍ വരളാനിടയാവും. ചര്‍മ്മം വരണ്ട് പൊട്ടുമ്പോള്‍ ദുര്‍ഗന്ധവും വമിക്കുന്നു. പാദങ്ങളുടെ സൗന്ദര്യവും ഇത് നഷ്ടപ്പെടുത്തുന്നു. വേദനയും ഉണ്ടാവും. അതിനാല്‍ കുളി കഴിഞ്ഞ ശേഷം പാദങ്ങള്‍ വൃത്തിയായി ഉണക്കിയ ശേഷം മോയ്‌സ്ച്യുറൈസര്‍ പുരട്ടണം. കോക്കോ ബട്ടര്‍, പെട്രോളിയം ജെല്ലി എന്നിവ നല്ലതാണ്.
പാദസംരക്ഷണത്തിന് ചില എളുപ്പ വഴികള്‍;
- കാലുകള്‍ നനഞ്ഞിരിക്കാതെ സൂക്ഷിക്കാം
- കാലുകളില്‍ അധികനേരം ഈര്‍പ്പം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക
- നനഞ്ഞ ചെരിപ്പുകള്‍ പെട്ടെന്നുതന്നെ മാറ്റുക
- വീട്ടിലെത്തി കാലുകള്‍ കഴുകിയതിനുശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാവുന്നതാണ്.
- നഖങ്ങള്‍ കൃത്യമായി വെട്ടുക
- കൊതുകുകടി കാരണമുണ്ടാകുന്ന തടിപ്പുകള്‍ക്ക് കലാമിന്‍ പോലെയുള്ള ലോഷനുകള്‍പുരട്ടാം
- ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക
- കാലുകളില്‍ ചെറിയ മുറിവുണ്ടെങ്കില്‍ അതുണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്
- സ്വന്തം നിലയിലുള്ള ചികിത്സ, പ്രത്യേകിച്ച് ആണിരോഗങ്ങള്‍ സ്വയം ചെത്തുന്നത് ഒഴിവാക്കുക.
കാല്‍പാദത്തില്‍ തടിപ്പ്, ചുവന്ന് തടിച്ച് ചൊറിയല്‍, തൊലി പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ ഡോക്ടറെ കാണുക. കാരണം ഇത് സ്‌കിന്‍ അലര്‍ജി ആവാം. അതിനു ഉടനടി ചികിത്സ ആവശ്യമാണ്.