ഒരു എംബ്രയോ ആയി ഗര്ഭപാത്രത്തിൽ രൂപംകൊണ്ടത്തിന്റെ ഏഴാംനാൾ മിടിപ്പ് തുടങ്ങുന്ന ഹൃദയം… പിന്നെ നിക്കുന്നത് മരിക്കുമ്പോഴാണ്….. ഓരോ ഏഴു മിടിപ്പുകൾക്കിടയിലും ഹൃദയം ഒന്ന് റസ്റ്റ് എടുക്കുന്നുണ്ട്…. എന്നാൽ ആർക്കും ഒന്നും സംഭവിക്കാറില്ല……
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.
കമ്മ്യൂണിറ്റികളും കുടുംബങ്ങളും വ്യക്തികളും ഗവൺമെന്റും അവരുടെ ഹൃദയാരോഗ്യത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനും ചുറ്റുമുള്ള മറ്റുള്ളവരിൽ അതേക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരു കാമ്പെയ്‌നാണ് ലോക ഹൃദയദിനം. ഈ കാമ്പെയ്‌നിലൂടെ വിവിധ പശ്ചാത്തലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുണ്ടാകുന്ന ഭാരത്തിനെതിരെ പോരാടാനും ഹൃദയാരോഗ്യത്തിന് നല്ല ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് പ്രചോദനം നൽകാനും ഒന്നിക്കുന്നു.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും ജീവിത ശൈലിയും മൂലം ഒരുപാട് പേർ രോഗിയാകുന്നു.
രക്തധമനി രോഗവും ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും.
ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്താതി മർദം, പുകവലി, പൊണ്ണത്തടി, വായുമലിനീകരണം എന്നിവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഈ ഹൃദയ ദിനത്തില്‍ ചെയ്യേണ്ടത്.
കേരളത്തില്‍ ഹൃദ്രോഗവുമായി എത്തുന്നവരില്‍ ഏകദേശം 16-25% പേരും ചെറുപ്പക്കാരാണ്. ഹൃദയാഘാതം ഉള്‍പ്പെടുന്ന ഹൃദ്രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം മുന്‍കൂര്‍ പ്രതിരോധമാണ്. പാരമ്പര്യത്തിനു പുറമെ വളരെ പരിചിതമായ കാരണങ്ങളാലാണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ഇത്തരം അപായഘടകങ്ങള്‍ ഒഴിവാക്കുന്നതിലൂടെത്തന്നെ 90% ഹൃദ്രോഗത്തെയും തടയാനാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, അമിത കൊഴുപ്പ്, മാനസിക സമ്മര്‍ദം, പഴങ്ങളും പച്ചക്കറികളും കുറഞ്ഞ ഭക്ഷണരീതി, ഗര്‍ഭിണിയാകുമ്പോള്‍ പോഷകദാരിദ്ര്യം ഉണ്ടാകാനിടയാകുക, വ്യായാമവും വിശ്രമവും ഇല്ലാതിരിക്കുക, മദ്യപാനം, പൊണ്ണത്തടി… എന്നിവയാണ് ഹൃദ്രോഗത്തെ കൂട്ടുന്ന അപായഘടകങ്ങള്‍.
ഹൃദയത്തെ സംരക്ഷിക്കാന്‍ പുകവലി ഉപേക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചിട്ടയായ ഡയറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. ചിപ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് നല്ലത്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ആപ്പിള്‍, മാതളം, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.
അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഗോതമ്പ്, ഓട്സ് എന്നിവ കൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.
മതിയായ ഉറക്കം ലഭ്യമാക്കുക. ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച് ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഏറേ കൂടുതലാണ്.
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നുമുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അത് പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും. ഒപ്പം ഹൃദ്രോഗത്തെയും.
വ്യായാമം നിര്‍ബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുക. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്
ആരോഗ്യത്തോടെ ഇരിക്കാം.. സന്തോഷത്തോടെയും..
ചിട്ടയായ ജീവിതവും ആരോഗ്യമുള്ള മനസ്സുമാണ് ഹൃദയത്തിന് ആദ്യം വേണ്ടത്….
Content highlight : Know your heart and save your heart!!