സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാരും ധനവകുപ്പും. 2024 ഏപ്രില്‍, മെയ് മാസത്തെ സമാശ്വാസ വേതനവും ജൂണ്‍ മാസത്തെ മുഴുവന്‍ വേതനവുമാണ് മുടങ്ങിയത്. മൂന്ന് മാസത്തെ വേതനം കൊടുക്കാന്‍ വേണ്ടത് 8.13 കോടിയാണെന്നിരിക്കെ ഈ വിഷയത്തില്‍ ധനവകുപ്പിന്റെ അനങ്ങാപ്പാറ നയത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് സ്കൂളുകളിലെ പാചകതൊഴിലാളികള്‍. ശമ്പള നല്‍കണമെന്ന് കാണിച്ചുള്ള നിവേദനം സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് പാചകതൊഴിലാളികളുടെ സംഘടന നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിനോട് രണ്ടു മാസത്തെ ശമ്പളമെങ്കിലും നല്കാന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയെന്ന സ്ഥിരം പല്ലവിയായിരുന്നു മറുപടി. ഏപ്രില്‍, മെയ് മാസങ്ങളിലെ അവധികാല സമാശ്വസമായി 5.4240 കോടി രൂപയും, ജൂണ്‍ മാസത്തെ ശമ്പളവുമാണ് ഇതുവരെ നല്‍കാത്തത്. ഏകദേശം എട്ടു കോടിയോളം രൂപ മൂന്ന് മാസത്തേയും ചേര്‍ത്ത് നല്‍കേണ്ടി വരും.
നിലവില്‍ സംസ്ഥാനത്ത് 14000 ത്തോളം പാചകതൊഴിലാളികള്‍ ജോലി ചെയ്യുന്നതായാണ് സര്‍ക്കാര്‍ കണക്ക്. പ്രതിദിനം 600 രൂപ വരെയാണ് ഒരു പാചകതൊഴിലാളിക്ക് നല്കി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസമായ മാര്‍ച്ച് വരെയുള്ള ശമ്പളമാണ് നിലവില്‍ ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതിരാവിലെ ജോലിക്ക് എത്തിയാല്‍ വൈകിട്ടോടെയാണ് ഇവര്‍ക്ക് എല്ലാ പണിയും അവസാനിപ്പിച്ച് പോകാന്‍ കഴിയൂ. സ്കൂളുകളില്‍ നിന്നും മറ്റും സ്റ്റാഫുകള്‍ പോയാലും ഇവര്‍ക്ക് വീട്ടിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്രയും കഷ്ടപ്പെട്ട് പണിയെടുത്തതിനുശേഷം കൃത്യമായ ശമ്പളം ലഭിക്കാത്തതില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിലാണ് ഇവര്‍.
കേന്ദ്ര മാനദണ്ഡപ്രകാരം 1000 രൂപയാണ് സ്കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ പ്രതിമാസ ഓണറേറിയമായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 600രൂപ കേന്ദ്ര വിഹിതവും 400 രൂപ സംസ്ഥാന വിഹിതവുമാണ്. എന്നാല്‍ 17.06.2021 ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ക്ക് കുറഞ്ഞ പ്രതിദിന വേതനമായി 600 രൂപയും കൂടിയ പ്രതിദിന വേതനമായി 675 രൂപയും നിലവില്‍ നല്കി വരുന്നു. കേന്ദ്ര മാനദണ്ഡത്തിനു പുറമേ അധികമായി ഓണറേറിയം നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ് ഈ ഇനത്തില്‍ 160 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാരിനു അധിക ബാധ്യതയായി ഓരോ വര്‍ഷവും ഉണ്ടാകുന്നതെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലെ അവധികാല സമാശ്വസമായി 5.4240 കോടി രൂപയാണ് കുടിശ്ശികയായി വിതരണം ചെയ്യാനുള്ളത്. ഈ തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. സ്കൂള്‍ പാചകതൊഴിലാളികളുടെ ഓണറേറിയം ഹണ്ടിന്റെ ലഭ്യതക്ക് വിധേയമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ ലഭ്യമാക്കുകയും തുടര്‍ന്ന് കാലതാമസം കൂടാതെ ഓണറേറിയം വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നാണ് ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി.
2024 -25 അധ്യയന വര്‍ഷത്തെ പാചകതൊഴിലാളികളുടെ ഓണറേറിയം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2024 ജൂണ്‍, ജൂലൈ മാസങ്ങളിലേക്കായി ആവശ്യമുള്ള തുക അനുവദിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്കിയ മറുപടി. 2019 മാര്‍ച്ചില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഓണറേറിയം പരിഷ്കരിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. 2018, 2020 വര്‍ഷങ്ങളില്‍ വേതനം വര്‍ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആവശ്യകതകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ തന്നെ വേതനം വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ് ധനമന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു. 25 ലക്ഷം വരുന്ന പാചക തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. ഇവരില്‍ അധികവും അവിവാഹിതരും വിധവകളുമാണ്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളിലെ 10 കോടി കുട്ടികള്‍ക്കാണ് നിലവില്‍ ഉച്ചഭക്ഷണം നല്‍കിവരുന്നത്. വിരമിച്ചു കഴിഞ്ഞാല്‍ പെന്ഷന് ആനുകൂല്യമൊന്നും ലഭിക്കാത്തവരാണ് സംസ്ഥാനത്തെ പാചകതൊഴിലാളികള്‍. ശമ്പള കുടിശിക വിഷയത്തില്‍ ഏറ്റവും കൂടുതല്‍ തവണ മാധ്യമങ്ങളില്‍ വന്ന പേര് ഒരുപക്ഷേ പാചകതൊഴിലാളികളുടേതായിരിക്കും. നിരവധി സമരങ്ങളാണ് ശമ്പള കുടിശിക വിഷയത്തില്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുളള ഭരണ സിരാകേന്ദ്രങ്ങളില്‍ ഇവര്‍ നടത്തിയത്.
has been three months since the salaries of the school cooks have stopped