ബന്ധങ്ങൾ ശിഥിലമാകുന്നത് പലകാരണങ്ങളാലാകാം. വേർപിരിയൽ എന്നും വേദന തന്നെയാണ്. ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും തളർത്താനും തകർക്കാനും ഒരു ബ്രേക്ക്അപ് തന്നെ ധാരാളം. നിങ്ങളുടെ സുഹൃത്ത് വലയങ്ങളിലും കാണില്ലേ അത്തരത്തിൽ ഒരാൾ. ഇന്നും പ്രണയ തകർച്ചയിൽ നിന്ന് കര കയറാൻ ആകാതെ പൊരുതുന്നവർ. ഇതിനിടയിൽ സ്വയം നശിച്ചു പോകുന്നവർ. പക്ഷേ ജീവിതത്തിൽ മുന്നോട്ടു പോയെ മതിയാകു. അത്തരത്തിൽ മുന്നോട്ടുപോകാനുള്ള ചില ടിപ്സ് പറഞ്ഞുതരാം…
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം
ഒരു ബ്രേക്കപ്പുണ്ടായാൽ ശരിയായ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങനെ ആരുടെയെങ്കിലുമൊക്കെ സഹായത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുക. ആരുടെ എങ്കിലുമൊക്കെ ഒപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. ധൈര്യവും പിന്തുണയും നൽകുന്ന സുഹൃത്തുക്കളും ബന്ധുക്കളുമാണ് എപ്പോഴും നല്ലത്. എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാനും പുറത്ത് പോകാനുമൊക്കെ ശ്രമിക്കുക. വിഷമങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് ആശ്വസം നൽകാൻ സഹായിക്കും.
ഓർമ്മകൾ എല്ലാം ഒഴിവാക്കുക
പഴയ കാമുകനെയോ അല്ലെങ്കിൽ കാമുകിയെയോ കുറിച്ചുള്ള എല്ലാ ഓർമ്മകളും ഇല്ലാതാക്കാൻ ശ്രമിക്കുക. ഇത് ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലു പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായിക്കും. വസ്ത്രങ്ങൾ, ഗിഫ്റ്റുകൾ, അല്ലെങ്കിൽ ഓർമ്മകൾ ഉണർത്തുന്ന എന്തെങ്കിലും തരത്തിലുള്ള സാധനങ്ങൾ എന്നിവയെല്ലാം മാറ്റാൻ ശ്രമിക്കുക. ആത്മാർത്ഥമായൊരു സുഹൃത്തിനെയോ അല്ലെങ്കിൽ കുടുംബത്തിലെ ആരെയെങ്കിലുമൊക്കെ ഈ ഘട്ടത്തിൽ സഹായത്തിനായി വിളിക്കാവുന്നതാണ്. മാനസികമായ പിന്തുണ നൽകാൻ ഇത് സഹായിക്കും. എക്സിൻ്റെ സാന്നിധ്യമുണ്ടാകുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ശ്രമിക്കുക.
കോൺടാക്റ്റ് വയ്ക്കരുത്
ബ്രേക്ക് അപ്പ് ആയതിന് ശേഷം ആദ്യം ചെയ്യേണ്ട കാര്യമാണിത്. ബ്രേക്കപ്പ് ആയ വ്യക്തിയുമായി ഒരു വിധത്തിലും കോൺടാക്റ്റ് ചെയ്യാതിരിക്കുക. പഴയ കാര്യങ്ങളെ മറക്കാൻ ഇത് വളരെ അനിവാര്യമാണ്. എല്ലാ തരത്തിലുള്ള ആശയ വിനിമയങ്ങളും ഒഴിവാക്കുക. മെസേജ് അയക്കുന്നത്, വിളിക്കുന്നത്, കാണാൻ ശ്രമിക്കുന്നത് തുടങ്ങി എല്ല കാര്യങ്ങളും ഒഴിവാക്കണം. ഇതിൻ്റെ പ്രധാന കാരണം ഏത് തരത്തിലുള്ള ഇത്തരം ആശയവിനിമയങ്ങളും പഴയ മുറിവുകളെ വീണ്ടും ഓർമ്മിപ്പിക്കാൻ കാരണമാകും. ഇത്തരത്തിൽ കോൺടാക്റ്റ് വയ്ക്കാതിരിക്കുന്നത് മുറിവുകളെ ഉണക്കാൻ നിങ്ങൾ സ്വയം സമയം നൽകുന്നതിന് തുല്യമാണ്.
വ്യക്തിപരമായി വളരാം
ബ്രേകപ്പുകൾ എപ്പോഴും സ്വയം വളരാനുള്ള വഴിയൊരുക്കുന്നവയാണ്. ചിന്തകളും ഓർമ്മകളുമൊക്കെ ഒഴിവാക്കാൻ സ്വയം എന്തെങ്കിലും കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ ശ്രമിക്കുക. കഴിഞ്ഞ് പോയ ബന്ധത്തിൽ നിന്ന് എന്താണ് പഠിച്ചതെന്നും അതിലെ പാഠങ്ങൾ നൽകുന്ന വഴികളെക്കുറിച്ചും മനസിലാക്കുക. ഇതൊക്കെ എഴുതി വയ്ക്കുന്നത് ഒരു പരിധി വരെ മനസിന് ആശ്വാസം നൽകാൻ സഹായിക്കും. അതുമാത്രമല്ല സ്വയം ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്.
content highlight: how-to-move-on-from-a-break-up