ബഹുമുഖ പ്രതിഭയായിരുന്ന അഡ്വ. തലയല്‍ എസ്. കേശവന്‍നായരുടെ സ്മരണാര്‍ഥം ടി.കെ.എന്‍. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ തലയല്‍ പുരസ്കാരം സാഹിത്യരംഗത്തെ സമഗ്രസംഭാവനകളെ നിരൂപകനായ ഡോ. പി കെ രാജശേഖരനു നല്കാന് തീരുമാനിച്ചു. തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് പാലോട് രവി ചെയര്‍മാനും എസ് ഐ ഇ റ്റി ഡയറക്ടര്‍ ബി. അബു രാജ്, എഴുത്തുകാരനും അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ സി . വി.സുരേഷ് എന്നിവര്‍ അംഗങ്ങളുമായുള്ള മൂന്നംഗ ജൂറി ഐകകണ്ഠേനയാണ് ഡോ പി കെ രാജശേഖരനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. മുതിര്‍ന്ന അഭിഭാഷകനും വില്പ്പാട്ടിന്റെ പുനരുദ്ധാരകനും സാംസ്കാരിക പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായിരുന്ന അഡ്വ. തലയല്‍ എസ് കേശവന് നായരുടെ സ്മരണാര്‍ത്ഥം തലയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം 11111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി നല്കി വരുന്ന പുരസ്കാരം മുമ്പു ലഭിച്ചിട്ടുള്ളത് ഡോ. എസ്.വി വേണുഗോപന്‍ നായര്‍ക്കും ടി പി രാജീവനുമാണ്. വൈജ്ഞാനിക സാഹിത്യ രംഗത്തെയും മലയാളനിരൂപണ രംഗത്തെ യുംസര്ഗ്ഗാത്മകവും ആസ്വാദനക്ഷമവും മൂല്യവത്തുമാക്കുന്നതില് ഡോ. പി.കെ രാജശേഖരന് വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഈടുറ്റ രചനകളാലും വീറുറ്റ വാക്കുകളാലും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ സൂര്യശോഭയോടെ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണു ഡോ. പി.കെ രാജശേഖരനെന്ന് പാലോട് രവി പറഞ്ഞു. രാജശേഖരനെ ഈ പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നതിലൂടെ തലയല്‍ പുരസ്കാരത്തിന്റെ ഗരിമയും മഹിമയും ഒരിക്കല്‍ക്കൂടി വെളിപ്പെടുകയാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
വില്ലുതൊട്ട് ഞാണ് മുഴക്കി നാടാകെ കഥ പറഞ്ഞ വൈഭവശാലിയും നവീന വില്പ്പാട്ടിന്റെ കുലപതിയുമായ അഡ്വ. തലയല്‍ എസ് കേശവന്‍നായരുടെ ഓര്‍മ്മദിനമായ ജൂലൈ 13 നാണ് പുരസ്കാര ചടങ്ങ്. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍, കേരള ജനതയിലെ സഹപത്രാധിപന്‍, നാടക നടന്, രചയിതാവ്, സംവിധായകന്, പ്രഭാഷകന്‍ തുടങ്ങിയ നിലയിലും തലയല്‍ തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. എം.പി സുകുമാരന്‍ നായരുടെ കഴകം എന്ന സിനിമയിലും അഭിനയിച്ചു. കലാസാഹിത്യ സാമൂഹ്യമേഖലയിലെ തനിമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ടി.കെ.എന്‍ ട്രസ്റ്റിന്റെ പ്രധാന ഉദ്ദേശ്യം അന്‍പത് വര്‍ഷക്കാലം തലയല്‍ പരിപോഷിപ്പിച്ച നവീന വില്‍പ്പാട്ടിനെ യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനമാണ്. ഡോ. എ.പി മജീദ്ഖാന് രക്ഷാധികാരിയും അഡ്വ. വിനോദ്സെന്‍ പ്രസിഡന്റും അഡ്വ. തലയല്‍ പ്രകാശ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്