ലക്നൗ: ഹാഥ്റസിലെ മരണങ്ങൾ അപകടമല്ല ഗൂഢാലോചനയെന്ന് ആൾദൈവം ഭോലേ ബാബ എന്ന സൂരജ് പാലിന്റെ അഭിഭാഷകൻ. 121 പേരുടെ മരണത്തിന് ഇടയാക്കിയ, ജൂലൈ രണ്ടിലെ സത്‍സംഗിൽ മുഖം മറച്ച 15 ഓ 16 ഓ ആളുകൾ ഉണ്ടായിരുന്നു. ഇവർ ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്ത് കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് അഭിഭാഷകൻ എ പി സിംഗ് ആരോപിച്ചു.
“സാക്ഷികൾ എൻ്റെ അടുത്ത് എത്തി, 15-16 പേർ ആൾക്കൂട്ടത്തിനിടയിൽ വിഷ പദാർത്ഥത്തിൻ്റെ കാനുകൾ കൊണ്ടുനടന്നിരുന്നുവെന്ന് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അവർ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പരാമർശിക്കുന്നു.”, അഭിഭാഷകൻ പറഞ്ഞു. ഭോലെ ബാബയുടെ വർധിച്ചു വരുന്ന ജനപ്രീതിയാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
തിക്കും തിരക്കുമുണ്ടാക്കിയശേഷം സംഘം രക്ഷപ്പെട്ടു. ചില അജ്ഞാത വാഹനങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. 15-16 പേരാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്ത്രീകൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ശ്വാസം കിട്ടാതെയാണ് പലരും മരിച്ചതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രത്യേക അന്വേഷണ സംഘവും ഹാഥ്റസ് എസ്.പിയും കേസ് അന്വേഷിക്കുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ അജ്ഞാത വാഹനങ്ങൾ സംബന്ധിച്ച് വിവരം ലഭിക്കുകയുള്ളൂവെന്നും എ.പി. സിങ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഹാഥറസിൽ ജൂലൈ രണ്ടിന് തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിയായ ദേവപ്രകാശ് മധുകറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിലെടുത്തു. ഇതേ കേസിൽ അറസ്റ്റിലായ സഞ്ജു യാദവിനെയും രണ്ടാഴ്ചത്തേക്ക് കസ്റ്റഡിൽ വിട്ടിട്ടുണ്ട്. ആൾദൈവം ഭോലെ ബാബയെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. കേസിൽ ഇയാളെ പ്രതിചേർത്തിട്ടില്ലെന്നാണ് വിവരം.
ഹഥ്റാസ് ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിട്ടുണ്ട്.