വിനോദയാത്രയ്ക്കായി മിക്കവരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കേരളത്തിലെ ഇടുക്കി ജില്ല. പച്ചപ്പും ഊഷ്മളതയുമായി നിറഞ്ഞുനില്‍ക്കുന്ന നിരവധി കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഇടുക്കി ജില്ലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. എന്നാല്‍ മല കാണുന്നതിനോടൊപ്പം രണ്ടു വലിയ പ്രതിമകളും കൂടെ കണ്ടാലോ… അത്തരത്തില്‍ ഉള്ള ഒരു സ്ഥലമാണ് ഇടുക്കി ജില്ലയിലെ കുറവന്‍ കുറത്തിമല. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു സ്ഥലമാണ് കുറവന്‍മല. ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
ഈ മലയിലെ കുറവന്റെയും കുറത്തിയുടെയും പ്രതിമയ്ക്ക് ഒരു വലിയ ഐതിഹ്യവും പറയാനുണ്ട്. ഒരിക്കല്‍ രാജകുമാരനായ കുറവന്‍ പ്രാണസഖിയായ കുറത്തിയുമൊത്ത് പെരിയാറിന്റെ തീരങ്ങളില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ പെരിയാറിന്റെ വിശാലമായ ജലപ്പരപ്പില്‍ ചലനങ്ങള്‍ സൃഷ്ടിച്ച് രണ്ടു സുന്ദരരൂപങ്ങള്‍ നീന്തിക്കുളിക്കുന്നത് അവരുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. കുറവനും കുറത്തിയും മിഴിച്ചു നിന്നു. ഒരാള്‍ പുരുഷനും മറ്റേയാള്‍ സ്ത്രീയുമാണ്. ഈ തീര്‍ഥജലത്തില്‍ നീരാടാനിറങ്ങിയ ഇവര്‍ ദേവഗണങ്ങള്‍ തന്നെ. എന്നാല്‍ തങ്ങളുടെ സൈ്വരവിഹാരത്തിനു ഭംഗം നേരിട്ടതറിഞ്ഞ് ദേവന്‍ ഉഗ്രകോപത്തോടെ കുറവനെയും കുറത്തിയെയും നോക്കി.
കൈകള്‍ ഉയര്‍ത്തി അവരെ ശപിച്ചു.നിങ്ങള്‍ പാറകളായി അകന്നു മാറി കഴിയട്ടെയെന്ന്. പാവം കുറവനും കുറത്തിയും ദയയ്ക്കായി കേണപേക്ഷിച്ചു. പക്ഷേ, അവര്‍ പാറകളായി മാറിക്കഴിഞ്ഞിരുന്നു. പെരിയാര്‍ അവര്‍ക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഒഴുകി തുടങ്ങി. തുടര്‍ന്ന് കലിയുഗത്തില്‍ മനുഷ്യര്‍ നിങ്ങളെ ബന്ധിപ്പിക്കുമെന്ന ശാപമോക്ഷവും നല്‍കി ദേവതകള്‍ അപ്രത്യക്ഷരായി. ശിവനും പാര്‍വതിയുമായിരുന്നു അതെന്നാണ് പറയപ്പെടുന്നത്. അതോടെയാണേ്രത രണ്ട് പാറകള്‍ പെരിയാറിനെ തൊട്ടുരുമ്മി നില്‍ക്കാന്‍ തുടങ്ങിയത്. കുറവന്‍ പാറയും കുറത്തി പാറയും.
രാമക്കല്‍ മേട് എന്ന സ്ഥലത്താണ് കുറവന്‍-കുറത്തി പ്രതിമകള്‍ സ്ഥിതി ചെയ്യുന്നത്. കമ്പം,തേനി തുടങ്ങിയ മനോഹരങ്ങളായ ഗ്രാമ പ്രദേശങ്ങള്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും. രാമയണത്തിലെ രാമനും ലക്ഷ്മണനും ചവിട്ടിയ പാറയാണ് രാമക്കല്‍ മേട്ടില്‍ ഉളളതെന്നാണ് വിശ്വാസം.