History

ഇന്നും ചുരുളഴിയാത്ത ദുരൂഹത; കേരളത്തെ നടുക്കിയ മറിയക്കുട്ടി കൊലക്കേസ് | An unsolved mystery Maryakutty murder case shook Kerala

സിനിമയെ വെല്ലുന്നത്ര വിചിത്രവും നാടകീയവുമായ സംഭവങ്ങളുണ്ടാകാറുണ്ട് ജീവിതത്തിൽ. അവിശ്വസനീയമെന്നു തോന്നാവുന്ന അത്തരം സംഭവങ്ങളെ സിനിമ ചിലപ്പോൾ കൂടെ കൂട്ടാറുമുണ്ട് . കേരളത്തിൽ അത്തരത്തിൽ ഉണ്ടായ ഒട്ടേറെ സംഭവങ്ങളുമുണ്ട് . അതിലൊന്നാണ് മാടത്തരുവിയിലെ മറിയക്കുട്ടി കൊലക്കേസ്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇന്നും ഒരു നിഗൂഢ സത്യത്തിന്റെ ചുരുളഴിക്കാനാകാതെ ആ കൊലക്കേസ് നിൽക്കുന്നു. വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ ജഡം ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് അടുത്തുള്ള മാടത്തരുവി വെള്ളച്ചാട്ടത്തിനടുത്ത് കാണപ്പെട്ടതാണ് കേസിന് ആധാരം. ക്രൈസ്തവ പുരോഹിതൻ അറസ്റ്റുചെയ്യപ്പെട്ട ഇന്ത്യയിൽത്തന്നെ ആദ്യത്തെ കൊലക്കേസ് ഇതാണെന്നു പറയപ്പെടുന്നു. പ്രതിയായ ഫാ. ബെനഡിക്ട് ഓണംകുളത്തിന് സെഷൻസ് കോടതി വിധിച്ചത് വധശിക്ഷ. എന്നാൽ, കുറ്റക്കാരനല്ലെന്നുകണ്ട് ഹൈക്കോടതി പിന്നീട് ഇദ്ദേഹത്തെ വെറുതേവിട്ടു.

1966 ജൂൺ 15-ന് രാത്രി 11.45-നായിരുന്നു കേസിനാസ്പദമായ സംഭവം. . മന്ദമരുതിക്കടുത്ത് മാടത്തരുവിയിലെ തേയില തോട്ടത്തിൽ ഒരു സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്തയാണ് അന്ന് രാവിലെ ഉറക്കമുണർന്ന ഗ്രാമവാസികൾ കേട്ടത്.. ബെനഡിക്‌ട്‌ ഓണംകുളം എന്ന സുറിയാനി കത്തോലിക്കാ പുരോഹിതനാണ്‌ കുറ്റവാളി എന്ന ആരോപണമാണ്‌ കേസിലേയ്ക്ക് വ്യാപകമായ മാധ്യമശ്രദ്ധയും ജനശ്രദ്ധയും ആകർഷിച്ചത്. ഇളയകുട്ടി അച്ചന്റേതെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്ന മറിയക്കുട്ടിയെ എന്നെന്നേക്കുമായി ഒഴിവാക്കാൻ സ്നേഹംനടിച്ച് കൂട്ടിക്കൊണ്ടുപോയി മാടത്തരുവിക്കു സമീപംവെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മറിയക്കുട്ടി കൊലപാതകത്തെ ‘മാടത്തരുവി ” അല്ലെങ്കിൽ “മന്ദമാരുതി “കേസെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ വീട് .

പള്ളിയുമായി മൂന്നു മൈൽ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് അവരുടെ ഉപേക്ഷിച്ച മൂന്നാം ഭർത്താവ് മരിച്ചത്.മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂൺ പതിനാലാം തിയതി അവർ വീട്ടിൽനിന്നു എവിടേക്കോ യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂൺ നാലാം തിയതി മറിയക്കുട്ടിയും ഫാദർ ബെനഡിക്റ്റും തമ്മിൽ ചങ്ങനാശേരിയിൽ കണ്ടു മുട്ടിയിരുന്നു. അരമനയ്ക്ക് പുറത്തായി ഒരു ബുക്ക് ഡിപ്പോയുടെ ചുമതല ഫാദർ ബെനെഡിക്റ്റാണ് വഹിച്ചിരുന്നത്.ആലപ്പുഴയിൽ ചക്കരപ്പള്ളിയിൽ പള്ളിയുടെ വക പാവങ്ങൾക്കായുള്ള ഗോതമ്പും പാൽപ്പൊടിയും വിതരണം ചെയ്യുന്ന ചുമതല ഫാദർ ബെനഡിക്റ്റിനായിരുന്നു. മറിയക്കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം ഈ പുരോഹിതനറിയാമായിരുന്നു.അവർക്കാവശ്യമുള്ളപ്പോഴെല്ലാം പള്ളിവക സാമ്പത്തിക സഹായങ്ങളും അച്ചൻ വഴി ചെയ്തുകൊണ്ടിരുന്നു.

ആലപ്പുഴ പള്ളിയിലും ചങ്ങനാശേരിയിലും മന്ദമാരുതിയിലും ഫാദർ ബെനഡിക്റ്റ് സേവനം ചെയ്തിട്ടുള്ളതിനാൽ പോലീസ് അദ്ദേഹത്തെ സംശയിക്കുകയും ചെയ്തു.1966 ജൂൺ ഇരുപത്തിയാറാം തിയതി ഫാദർ ബെനഡിക്റ്റ് ഓണംകുളത്തിനെ അറസ്റ്റു ചെയ്തു. കൊല്ലം ജില്ലാസെഷൻസ് കോടതിയിലായിരുന്നു വിചാരണ. ജഡ്ജി പി. കുഞ്ഞിരാമൻ വൈദ്യർ പ്രതിയെ അഞ്ചുവർഷം തടവിനും മരണംവരെ തൂക്കിക്കൊല്ലാനും വിധിച്ചു. ഹൈക്കോടതിയിൽ അപ്പീൽപോയ ഈ കേസിൽ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കി. കുറ്റംതെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. വിധിയുടെ അടുത്ത ദിവസം തിരുവനന്തപുരം ജയിലിൽനിന്നും അദ്ദേഹം മോചിതനാക്കപ്പെട്ടു. ചങ്ങനാശേരിയിൽ മടങ്ങി പോവുന്ന വഴി വലിയയൊരു ജനക്കൂട്ടം റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിന്നിരുന്നു.ചങ്ങനാശേരിയിൽ തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു.പിന്നീട് അദ്ദേഹം കന്യാകുമാരിയിലുള്ള ഒരു മിഷ്യനിൽ അജ്ഞാതനായി സേവനം ചെയ്യുകയായിരുന്നു. അവസാനകാലം പുരോഹിതർക്കുള്ള ഒരു നേഴ്‌സിങ് ഹോമിൽ കഴിഞ്ഞുവന്നു.

മറിയക്കുട്ടി കൊലക്കേസിനു 35 വർഷങ്ങൾക്കുശേഷം ഒരു ഡോക്ടറുടെ 94 വയസുള്ള വിധവയും കുടുംബവും മറിയക്കുട്ടി മരിച്ചതെങ്ങനെയെന്നുള്ള സത്യാവസ്ഥ ബോധിപ്പിക്കാൻ ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചുവെന്ന് വാർത്ത വന്നിരുന്നു. രണ്ടായിരാമാണ്ട് ജനുവരി പതിനാലാം തിയതി ഡോക്ടറുടെ വിധവ ‘മുടിയൂർക്കര നേഴ്‌സിങ് ഹോമിൽ’ താമസിച്ചിരുന്ന ഫാദർ ബെനഡിക്റ്റിനെ സന്ദർശിച്ചു. മറിയക്കുട്ടിയുടെ മരണത്തിനു കാരണക്കാരൻ തന്റെ ഭർത്താവാണെന്ന് അവർ അദ്ദേഹത്തെ അറിയിച്ചു. വിധവയായ ഈ സ്ത്രീയുടെ ഡോക്ടറായ ഭർത്താവ് ഗർഭിണിയായ മറിയക്കുട്ടിയിൽ ഗർഭഛിദ്രം നടത്തിയിരുന്നു. ഗർഭം അലസിപ്പിക്കുന്നതിനിടയിൽ അവർ മരിച്ചുപോയെന്നും മറിയക്കുട്ടിയുടെ ഗർഭത്തിലുള്ള കുഞ്ഞിന്റെ കാരണക്കാരൻ ഒരു എസ്റ്റേറ്റുടമയായിരുന്നുവെന്നും, ഫാദർ ബനഡിക്റ്റിനെ കുടുക്കാൻ എസ്റ്റേറ്റുടമ എല്ലാ സാഹചര്യ തെളിവുകൾ ഉപയോഗിച്ചും മേലാധികാരികളെ സ്വാധീനിച്ചും പണം ചെലവാക്കിയും ശവശരീരം മന്ദമാരുതിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമൊക്കെയുള്ള പുതിയ കഥകളാണ് ആ സ്ത്രീ ഫാദറിനോട് പറഞ്ഞത്.

തന്നെ ചതിച്ച് ഗർഭിണിയാക്കിയത് ആരാണെന്നു മരിക്കുന്നതിന് മുൻപ് മറിയക്കുട്ടി ഫാ. ബെനഡിക്റ്റിനോട് പറഞ്ഞിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു . കുമ്പസാരത്തിലാണ് മറിയക്കുട്ടി ഇക്കാര്യം അച്ഛനോട് വെളിപ്പെടുത്തിയത്. കുമ്പസാര രഹസ്യമായ യഥാര്‍ഥ കൊലയാളിയുടെ വിവരം കോടതിയ്ക്ക് കൈമാറാന്‍ തയ്യാറാകാതെ ശിക്ഷ ഏറ്റുവാങ്ങാന്‍ മടി കാട്ടാതിരുന്ന വികാരി ഒടുവില്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞത് പില്‍ക്കാലത്തും വന്‍ വാര്‍ത്തയായിരുന്നു. ഇതിനോടനുബന്ധിച്ചു ഒരേ സമയം ഇറങ്ങിയ സിനിമകള്‍ രണ്ടും അക്കാലത്തു വന്‍ വിജയമായിരുന്നു താനും .പിന്നീട് അതിരമ്പുഴയിൽ വിശ്രമജീവിതം നയിച്ച ഫാ. ബെനഡിക്ട് 2001 ജനുവരി 11-ന്‌ അന്തരിച്ചു.