മെറ്റാബോളിസം, വിഷാംശം ഇല്ലാതാക്കല്‍, സുപ്രധാന പ്രോട്ടീനുകളുടെ സമന്വയം എന്നിവയുള്‍പ്പെടെ ഏറ്റവും നിര്‍ണായകമായ ചില പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിലൊന്നാണ് കരള്‍. ആരോഗ്യകരവും രോഗരഹിതവുമായ കരള്‍ മൊത്തത്തിലുള്ള നല്ല ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് എന്നിവയാണ് നമ്മള്‍ നിത്യേന കാണുന്ന കരള്‍ സംബന്ധമായ അസുഖങ്ങള്‍. ഇതേക്കുറിച്ച് തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎന്റോളജിസ്റ്റ് ഡോ. എച്ച് വിജയ് നാരായണന്‍ വിശദീകരിക്കുന്നു.
എന്താണ് ലിവര്‍ സിറോസിസ്?
നമ്മുടെ ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കരളിലെ കോശങ്ങള്‍ക്ക് പുനരുജ്ജീവിപ്പിക്കാനുള്ള അതുല്യമായ കഴിവുണ്ട്. അമിതമായ മദ്യപാനം, കൊഴുപ്പ് അടിഞ്ഞുകൂടല്‍, അല്ലെങ്കില്‍ അണുബാധകള്‍ എന്നിവയിലൂടെ കരളിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം കരള്‍ സ്വയം നന്നാക്കാനും ആരോഗ്യകരമായ പുതിയ ടിഷ്യുകള്‍ ഉണ്ടാക്കാനും ശ്രമിക്കുന്നു. എന്നിരുന്നാലും, ദീര്‍ഘകാലത്തേക്ക് കരളിന് ആവര്‍ത്തിച്ചുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, ഈ പുനരുജ്ജീവന ശേഷി കരളിന് നഷ്ടപ്പെടുന്നു. ഒടുവില്‍ നമ്മുടെ കരള്‍ നിലവിലെ വലുപ്പത്തില്‍ നിന്നും ചുരുങ്ങുകയും, കട്ടിയുള്ളതാകുകയും, ചെറിയ വീക്കം വരുകയും ചെയ്യുന്നു. കരള്‍ രോഗത്തിന്റെ ഈ വിപുലമായ ഘട്ടത്തെ സിറോസിസ് എന്ന് വിളിക്കുന്നു, സാധാരണയായി ഈ കേടുപാടുകളും വീക്കവും കാരണം കരളിന് പഴയ ആരോഗ്യമുള്ള അവസ്ഥയിലേക്ക് തിരികെ എത്താന്‍ സാധിക്കില്ല.
ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
കരളിന്റെ ആദ്യഘട്ട സിറോസിസ് ഉള്ളവരില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വിശദീകരിക്കാനാകാത്ത ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറിന്റെ വലതുഭാഗത്ത് അസ്വസ്ഥത, കാലുകള്‍ക്ക് നേരിയ നീര്‍വീക്കം, തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. അതിനാല്‍, പ്രാരംഭ ഘട്ടത്തില്‍ സിറോസിസ് രോഗനിര്‍ണയം വളരെ വെല്ലുവിളി നിറഞ്ഞതാണ്. രക്തപരിശോധനയും അതുപോലെ ഇമേജിംഗും (അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ഫൈബ്രോസ്‌കാന്‍) ആവശ്യമാണ്. കരളിന്റെ പ്രവര്‍ത്തനം ഗണ്യമായി വഷളായതിനുശേഷം മാത്രമേ സിറോസിസിന്റെ സാധാരണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങൂ. രക്തം ഛര്‍ദ്ദിക്കുക, കറുത്ത നിറമുള്ള ടാര്‍ നിറത്തിലുള്ള മലം, അസ്സൈറ്റ് (ദ്രാവക ശേഖരണം മൂലം വയറിലെ വീക്കം), മഞ്ഞപ്പിത്തം, മാനസികാവസ്ഥയില്‍ മാറ്റം, തുടങ്ങിയ സങ്കീര്‍ണതകളോടപ്പമാണ് സിറോസിസിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമകുന്നത്. ലിവര്‍ സിറോസിസിന്റെ മറ്റൊരു സങ്കീര്‍ണത എന്തെന്നാല്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ രോഗം കരള്‍ കാന്‍സറിലേക്ക് നയിച്ചേക്കാം.
ലിവര്‍ സിറോസിസ് സുഖപ്പെടുത്താന്‍ കഴിയുമോ?
നിര്‍ഭാഗ്യവശാല്‍, കരളിന് സംഭവിക്കുന്ന ഒരു സ്ഥിരമായ രോഗാവസ്ഥയാണ് സിറോസിസ്, അതിനാല്‍ ഇത് പൂര്‍ണ്ണമായും പഴയപടിയാക്കാനാവില്ല. എന്നിരുന്നാലും, സിറോസിസിന്റെ കാരണം ശരിയായി കണ്ടെത്തി നേരത്തെ ചികിത്സിച്ചാല്‍, ലിവര്‍ സിറോസിസിന്റെ വളര്‍ച്ച തടയാനും കരളിന്റെ പ്രവര്‍ത്തനം ഒരു പരിധിവരെ സംരക്ഷിക്കാനും കഴിയും. അതിനാല്‍, കരള്‍ സിറോസിസിന്റെ രോഗ നിര്‍ണ്ണയാവസ്ഥയില്‍ മികച്ച ചികത്സ ലഭിച്ചാല്‍ ജീവിതനിലവാരം മെച്ചപ്പെടുത്താനും കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളാകുന്നത് തടയാനും കഴിയും. മതിയായ ചികിത്സകള്‍ നടത്തിയിട്ടും കരളിന്റെ പ്രവര്‍ത്തനം മോശമാവുകയും രോഗികള്‍ക്ക് ആവര്‍ത്തിച്ചുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, സിറോസിസിനുള്ള ശാശ്വത പരിഹാരം കരള്‍ മാറ്റിവയ്ക്കലാണ്. രോഗം ബാധിച്ച കരള്‍ നീക്കം ചെയ്യുകയും പകരം ഒരു ദാതാവില്‍ നിന്ന് ആരോഗ്യമുള്ള കരളിന്റെ ഒരു ഭാഗം നല്‍കുകയും ചെയ്യുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പുതിയ കരള്‍ ടിഷ്യു സാധാരണ വലുപ്പത്തിലേക്ക് വളരും.
കരള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നത് എങ്ങനെ: കരള്‍ രോഗം തടയുന്നതിനുള്ള നുറുങ്ങുകള്‍
• മദ്യപാനം പരിമിതപ്പെടുത്തുക
• ആരോഗ്യകരമായ ഭാരവും സജീവമായ ജീവിതശൈലിയും നിലനിര്‍ത്തുക.
• അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക – കാര്‍ബോഹൈഡ്രേറ്റ്, ശുദ്ധീകരിച്ച പഞ്ചസാര, കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ എന്നിവയുള്ള ഭക്ഷണം ഫാറ്റി ലിവര്‍ രോഗത്തിലേക്ക് നയിച്ചേക്കാം. പകരം, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയുടെ ഉപയോഗം ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക
• ഇഞ്ചക്ഷന് ഉപയോഗിക്കുന്ന സൂചികള്‍ പങ്കിടുന്നത് പൂര്‍ണമായും ഒഴിവാക്കുകയും സുരക്ഷിതമായ ലൈംഗിക രീതികള്‍ പിന്തുടരുകയും ചെയ്യുക
• ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്ക്കെതിരെ വാക്സിനേഷന്‍ എടുക്കുക
• പതിവായി പരിശോധനകള്‍ നടത്തുകയും കരളിന്റെ ആരോഗ്യം പരിശോധിക്കുകയും ചെയ്യുക
ലേഖകൻ ഡോ. എച്ച് വിജയ് നാരായണന്‍ എസ്.കെ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎന്റോളജിസ്റ്റാണ്