History

ഗുഹക്കുള്ളിൽ ഒളിപ്പിച്ച നിഗൂഢ തുരങ്കം; ഉള്ളിൽ ഡ്രാഗൺ മുതൽ മനുഷ്യ മത്സ്യം വരെ! | features-of-the-postojna-cave-in-slovenia

ജീവി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി.നമ്മൾ കണ്ടിട്ടുള്ളതും,കാണാൻ ഇരിക്കുന്നതും,ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്തതുമായ നിരവധി ജീവ ജാലങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ സാധാരണ നമ്മൾ കണ്ടിട്ടുള്ള ജീവികൾ അസാധാരണമായ രൂപത്തിലും ഭാവത്തിലും ജനിച്ചിട്ടുണ്ടെങ്കിലോ?.ഇത്തരം ജീവികൾ ഭാഗ്യം കൊണ്ട് വരും എന്ന് വിശ്വസിക്കുന്നവരും നിരവധി ആണ്. യൂറോപ്പിലെ ഏറ്റവും വലിയ ഗുഹാ സമൂഹമാണ് സ്ലൊവേനിയയിലെ പോസ്റ്റോജ്ന ഗുഹകള്‍. പതിനായിരക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഈ പ്രദേശത്ത് ഇവരില്‍ നിന്നെല്ലാം മറച്ചുവച്ചു പരിപാലിക്കുന്ന രണ്ടു നിഗൂഢ തുരങ്കങ്ങളുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന ഈ തുരങ്കങ്ങള്‍ ഒരു പറ്റം അത്ഭുത ജീവികളുടെ വാസസ്ഥലമാണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓം എന്ന അപൂർവ ജീവി.  ചെറിയ, പാമ്പിനെപ്പോലെയുള്ള ശരീരം കാരണം ഓമിനെ ഒരു കുഞ്ഞ് ഡ്രാഗൺ എന്നും വിശേഷിപ്പിച്ചിരുന്നു. മനുഷ്യ മത്സ്യം” എന്നും വിളിക്കപ്പെടുന്ന ഇവ സൂര്യവെളിച്ചം കാണാതെ തുരങ്കങ്ങളിൽ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുന്ന ജീവികളില്‍ ഏറ്റവും വലിപ്പമേറിയതാണ്. ഇവയ്ക്ക് കണ്ണ് കാണാനും കഴിയില്ല . വളരുന്തോറും കണ്ണുകൾ വികസിക്കുന്നത് നിൽക്കുകയും, ഒടുവിൽ ചർമ്മത്തിന്റെ പാളികളാൽ അവ മൂടപ്പെടുകയും ചെയ്യുന്നു. മറഞ്ഞിരിക്കുന്ന കണ്ണുകൾക്കും ചർമ്മത്തിന്റെ ഭാഗങ്ങൾക്കും പോലും പ്രകാശത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെങ്കിലും ഓം എന്ന ജീവി ജീവിക്കുന്നത് അന്ധതയിലാണെന്ന് പറയപ്പെടുന്നു . ഉയർന്ന ഗന്ധവും കേൾവിയും ഒരു പക്ഷേ വൈദ്യുത കാന്തിക മണ്ഡലങ്ങളെ തിരിച്ചറിയാനുള്ള കഴിവും ഉൾപ്പെടെയുള്ള സൂപ്പർസെൻസുകളുടെ ഒരു നിരയും ഇതിനുണ്ട്.

അന്യം നിന്നു പോയേക്കുമായിരുന്ന ഈ ജീവികളെ മൂന്നു വര്‍ഷം മുന്‍പാണ് സംരക്ഷിക്കാനുള്ള നടപടികള്‍ ആരഭിച്ചത്. അന്ന് വെറും ഏഴ് ഓമുകളെ മാത്രമായിരുന്നു ഗവേഷകർ സംരക്ഷണത്തിനായി ഏറ്റെടുത്തത്. ഇന്ന് ഇവയുടെ എണ്ണം 21 ആയി വർധിച്ചിട്ടുണ്ട്. ഇവയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അതിനാല്‍ തന്നെ വരും വര്‍ഷങ്ങളിലും ഇവയുടെ എണ്ണം വർധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഓമിന് ഒരടി വരെ നീളമുണ്ടാകും. സ്ലൊവേനിയയിലെയും ക്രൊയേഷ്യയിലെയും ഗുഹകൾ 20 ദശലക്ഷത്തിലധികം വർഷങ്ങളായി ഓമിന് സുരക്ഷിത താവളമൊരുക്കിയിട്ടുണ്ട്, എന്നാൽ ഈ മാറ്റമില്ലാത്ത ആവാസവ്യവസ്ഥകൾ ഇന്ന് വേഗത്തിൽ മാറുകയാണ്. ഗുഹകളിലേക്ക് ഒഴുകുന്ന രാസമാലിന്യങ്ങളും ജനസംഖ്യ വർധനവുമിതിനെ ഗുരുതരമായി ബാധിച്ചു, ഓം ഇന്ന് വംശനാശത്തിനും ഇരയാകുന്നു. ഒരേ സമയം ഈ ഐക്കണിക് സ്പീഷിസിനെ സംരക്ഷിക്കാനും പഠിക്കാനും യൂറോപ്പിലുടനീളം വിവിധ “ഗുഹാ ലബോറട്ടറികൾ” സ്ഥാപിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ .

അത്തരത്തിലുള്ള ഒരു പരീക്ഷണശാല ഫ്രാൻസിലെ മൗലിസിലാണ്. 1952-ൽ, ഒരു കൂട്ടം ശാസ്ത്രജ്ഞർ ഓമിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ അനുകരിക്കുന്നതിനായി ഒരു പ്രാദേശിക ഗുഹയിൽ നിരവധി കൃത്വിമ നദിതടങ്ങൾ സ്ഥാപിച്ചു. അറുപത് വർഷങ്ങൾക്ക് ശേഷം, ഗുഹയിൽ 400-ലധികം ഓമുകളുണ്ട് . 1958 മുതൽ, ഗവേഷകർ ആഴ്ചതോറും ഓമുകൾക്കിടയിൽ ജനന മരണങ്ങൾ രേഖപ്പെടുത്തുന്നു. ഒരു നൂറ്റാണ്ടു കാലം വരെ ജീവിക്കാൻ കഴിവുള്ള ഒമുകൾ പ്രജനനം നടത്തുന്നത് ആറോ ഏഴോ വര്‍ഷം കൂടുമ്പോഴാണ്. കാഴ്ചയില്ലാത്ത ഇവ ഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ചാണ് സഞ്ചരിക്കാനുള്ള വഴിയും ഭക്ഷണവും കണ്ടെത്തുന്നത്. അതേസമയം 10 വര്‍ഷം വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ശാസ്ത്രലോകം ഇവയെ കണ്ടെത്തിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും സ്ലൊവേനിയയിലെ ജനങ്ങള്‍ക്ക് ഇവയെ നൂറ്റാണ്ടുകളുടെ പരിചയമുണ്ട്. ഏറ്റവും പഴയ ഓമിന് ഏകദേശം 48-58 വയസ്സ് പ്രായമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് . എന്നിട്ടും, അവർ പ്രായവുമായി ബന്ധപ്പെട്ട ഒരു ലക്ഷണവും കാണിക്കുന്നില്ല. മുതിർന്നവരുടെ അതിജീവന നിരക്കിനെ അടിസ്ഥാനമാക്കി, ഈ ഇനം ശരാശരി 69 വയസ്സ് വരെ ജീവിക്കുന്നതായും കണക്കാക്കിയിട്ടുണ്ട് മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ ഒലിച്ചെത്തുന്ന ഇവയെ പേടിയോടെയും ദുശ്ശകുനമായുമാണ് പണ്ട് പ്രദേശവാസികള്‍ കണ്ടിരുന്നത്. ഇവയ്ക്ക് ഡ്രാഗണുകളുമായി സാമ്യമുണ്ടെന്നു കണ്ടെത്തി ബേബി ഡ്രാഗണ്‍ എന്ന പേരു നല്‍കിയതും പ്രദേശവാസികളാണ്. ഇവയേക്കുറിച്ചുള്ള ഭയം മാറിയതോടെ ഇപ്പോള്‍ ഈ മേഖലയിലെ ചായക്കപ്പുകള്‍ക്കു പുറത്തും ഫ്രിഡ്ജിനു പുറത്തൊട്ടിക്കുന്ന കാന്തങ്ങളുടെ രൂപത്തിലുമെല്ലാം ഇവയുടെ രൂപങ്ങൾ ലഭ്യമാണ്.