ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ വലിയ സ്‌ഫോടനം കേട്ടതായി ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസിൻ്റെ ലോക്കോ പൈലറ്റിൻ്റെ വെളിപ്പെടുത്തൽ. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 23 കോച്ചുകളിൽ 21 എണ്ണമാണ് പാളം തെറ്റിയത്. അതിൽ അഞ്ച് എസി കോച്ചുകളും ഒരു ജനറൽ കമ്പാർട്ട്‌മെൻ്റും പാന്‍ട്രിയും ഉൾപ്പെടുന്നു.
ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്ററുകൾക്ക് മുമ്പായിരുന്നു സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 25-ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ട്രെയിനിന്റെ എ സി കോച്ചുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാകുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. ദിബ്രുഗഡ് എക്സ്പ്രസ് ചണ്ഡിഗഡിൽ നിന്നും ദിബ്രുഗഡിലേക്ക് സ്ഥിരം സർവീസ് നടത്തുന്ന ട്രെയിനാണ്. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് അധികൃതർ അറിയിച്ചത്.
അപകടസ്ഥലത്തേക്ക് 40 അംഗ മെഡിക്കൽസംഘത്തെയും 15 ആംബുലൻസുകളും അയച്ചിട്ടുണ്ട്. സംഭവം നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പുറപ്പെട്ടിട്ടുണ്ട്. ജിലാഹി റെയിൽ വേ സ്റ്റേഷൻ എത്തുന്നതിന് കുറച്ച് കിലോമീറ്ററുകൾക്ക് മുൻപ് പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴി കടന്നുപോകേണ്ടിയിരുന്ന മറ്റ് ട്രെയിനുകളെ വഴിതിരിച്ച് വിട്ടതായി നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ സിപിആർഒ ഉദ്യോഗസ്ഥനായ പങ്കജ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം.