ചണ്ഡിഗഢ്: നൂഹ് ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ബള്‍ക്ക് എസ്.എം.എസ്. സര്‍വീസുകള്‍ക്കും നിരോധനമുണ്ട്. ഞായറാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനം. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.
യാത്രക്ക് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് വിഛേദിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ പറഞ്ഞു. അതേസമയം, യാത്ര സുഗമമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി നുഹ് പോലീസ് അറിയിച്ചു. യാത്ര കടന്നുപോകുന്ന വഴികളിൽ സി.സി.ടി.വി കാമറകളടക്കം സജ്ജീകരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മാംസവും മുട്ടയും വിൽക്കുന്ന കടയുടമകളോട് താത്കാലികമായി അടച്ചിടുകയോ കടകൾ താത്കാലികമായി മാറ്റുകയോ ചെയ്യണമെന്നാണ് അധികൃതരുടെ നിർദേശം.
കഴിഞ്ഞവര്‍ഷം നടന്ന ജലാഭിഷേകയാത്രയ്ക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. രണ്ട് ഹോം ഗാര്‍ഡുകളും ഒരു പുരോഹിതനുമടക്കം ഏഴുപേരായിരുന്നു അന്ന് മരിച്ചത്. ബജ്‌റംഗ്ദള്‍ നേതാവും പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ മോനു മേനസര്‍ എന്ന മൊഹിത് യാദവ് യാത്രയില്‍ പങ്കെടുക്കുമെന്ന അഭ്യൂഹമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നായിരുന്നു വിശദീകരണം.