സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവായി ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നൽകി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നൗകയിൽ ആസിഫ് അലി എന്നു പേരു പതിപ്പിച്ചു കഴിഞ്ഞു. റജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റും.
പല നിലയിൽ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വർഗീയവിദ്വേഷം വരെ അഴിച്ചുവിടാൻ ചിലർ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിർണായകഘട്ടങ്ങളിൽ മനുഷ്യർ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും ഷെഫീഖ് പറഞ്ഞു. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നൽകിയത്.
Content highlight : D3 ship asif ali