എറണാകുളത്ത് അധികമാരും അറിയാത്ത ഒരു വെള്ളച്ചാട്ടവും തോടും ഒക്കെ ചേർന്നൊരു അമ്പലമുണ്ട്. അധികമാരും ഈ ക്ഷേത്രത്തെ പറ്റി കേട്ടു കാണില്ല. എന്നാൽ എറണാകുളം സിറ്റിയിൽ നിന്ന് ഇവിടെ എത്തിയാൽ ഒരു ഗ്രാമത്തിലെത്തിയ പ്രതീതിയാണ്. വർഷത്തിൽ 12 ദിവസം മാത്രമേ ഇവിടെ ദേവിയുടെ ശ്രീകോവിൽ തുറക്കൂ എന്നതാണ് ക്ഷേത്രത്തിൻ്റെ പ്രത്യേകത.
ശിവനും പാർവതി ദേവിക്കും സമർപ്പിച്ചിരിക്കുന്ന ഈ പുരാതന ക്ഷേത്രം എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തനതായ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും പേരുകേട്ടതാണ്.
പിറവത്ത് നിന്ന് ഏറെ അകലെയല്ലാതെ മണീട് ഏഴക്കരനാട്ടിലെ തിരുബലി ക്ഷേത്രത്തിന് മുന്നിലാണ് കാണാൻ രസമുള്ള ഈ കാഴ്ച.
സ്വയംഭൂവായ ശിവപാർവതിമാരുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തിരുബലി ക്ഷേത്രത്തിന് മുന്നിൽ നിർമിച്ച തടയണയാണ് ഈ വെള്ളച്ചാട്ടത്തിന് കരുത്ത് പകരുന്നത്. തിരുബലി തോട്ടിലാണ് തടയണ. അതിന് മുകളിലൂടെ കവിഞ്ഞൊഴുകുന്ന വെള്ളം മുത്തുമാല കണക്കേ താഴേക്ക് പതിക്കുന്നത് കാണാം. നല്ല മഴയുളള കാലത്ത് മാത്രമേ ഈ ദൃശ്യം കാണാനാകൂവെങ്കിലും ഇതൊരു കാഴ്ച തന്നെയാണ്.
കർക്കടക വാവിന് നൂറുകണക്കിന് ഭക്തർ പിതൃതർപ്പണത്തിനെത്തുന്ന തിരുബലിയിൽ ഭക്തർക്ക് മുങ്ങിക്കുളിക്കാൻ സൗകര്യമൊരുക്കാനാണ് തടയണ നിർമിച്ചത്. മലനിരകളിൽ നിന്നുള്ള വെള്ളം ഏഴക്കരനാട്ടിലെ കുട്ടണം പുറത്ത് ചിറയിലെത്തി ചിറ കവിഞ്ഞൊഴുകി പെരുന്തോട്ടിലൂടെ ചെറു വെള്ളച്ചാട്ടങ്ങൾ തീർത്ത് തടയണയിലേക്കത് പതിക്കുന്നതും കാഴ്ചയാണ്.
തടയണയിൽ നിന്നും പരന്നൊഴുകുന്ന വെള്ളം താഴേക്ക് പതിച്ച് പാറക്കെട്ടുകൾ നിറഞ്ഞ തിരുബലി തോട്ടിലൂടെ വെള്ളിക്കുമിളകളുതിർത്ത് ഒഴുകി ഓട്ടുകമ്പനിക്ക് സമീപമാണ് പുഴയിൽ പതിക്കുന്നത്.
Content highlight : ernakulam shiva temple